ഡോക്ടറുടെ അലംഭാവം: അട്ടപ്പാടിയില്‍ നവജാത ശിശുമരിച്ചു

Saturday 22 December 2018 11:14 am IST

അട്ടപ്പാടി: അട്ടപ്പാടി നെല്ലിപ്പതി ഊരില്‍ നവജാത ശിശു മരിച്ചു.രങ്കന്മാ- പഴനിസ്വാമി വനവാസി ദമ്പതികളുടെ ശിശുവാണ് ജനിച്ച് മണിക്കൂറുകള്‍ക്കകം മരണമടഞ്ഞത്. കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഗെനോക്കോളേജി വിഭാഗം ഡോക്ടര്‍മാരുടെ അലംഭാവമാണ് കുഞ്ഞിന്റെ മരണത്തിനു കാരണമെന്ന് ആരോപണമുണ്ട്.

രങ്കന്മ ഗര്‍ഭിണി ആയതുമുതല്‍ കോട്ടത്തറ ആശുപത്രിയിലാണ് ചികിത്സ തേടിയിരുന്നത്. വെള്ളിയാഴ്ച പ്രസവ വേദന ഉണ്ടായപ്പോള്‍ ഡോക്ടര്‍ ഇല്ലെന്ന കാരണത്താല്‍ ഇവരെ കോട്ടത്തറയില്‍ നിന്ന് ബഥനി ആശുപത്രിലേക്ക് മാറ്റുകയും അവിടെ എത്തിയപ്പോഴേയ്ക്കും അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥയായതിനാല്‍ സിസേറിയന്‍ വഴി പ്രസവം നടത്തി. മൂന്നുകിലോ തൂക്കം ഉള്ള ആണ്‍കുട്ടിക്ക് രങ്കന്മ ജന്മം നല്‍കി. എന്നാല്‍ രാത്രി പതിനൊന്ന് മണിയോടെ കുഞ്ഞ് ബഥനി ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. 

തുടര്‍ന്ന് കുട്ടിയുടെ പിതാവ് പഴനിസ്വാമി ഓട്ടോറിക്ഷയില്‍ കുട്ടിയെ പൊതിഞ്ഞ് കോട്ടത്തറ അശുപത്രിയില്‍ കൊണ്ട് വന്ന് പ്രതിഷേധം രേഖപ്പെടുത്തി. അതിനു ശേഷം രാത്രി അഗളി പൊലീസ് സ്റ്റേഷനില്‍ കുട്ടിയുടെ മൃതദേഹവുമായി എത്തി പരാതി നല്‍കി. ഈ വര്‍ഷം അട്ടപ്പാടിയില്‍ മരിക്കുന്ന പതിനാഞ്ചമത്തെ കുഞ്ഞാണിത്.

അതിനിടെ രണ്ട് ദിവസം മുമ്പേ അഡ്മിറ്റായാവരെ പ്രസവവേദന വന്നതിനെ തുടര്‍ന്ന് ഡോക്ടറില്ലെന്ന കാരണത്താല്‍ ബഥനിയിലേക്ക് മാറ്റിയത്  ആസൂത്രിതമാണെന്നും ആരോപണം ഉയരുന്നുണ്ട്. നവജാത ശിശുവിന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടക്കുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.