യുഎസിലും 'മതില്‍' തന്നെ പ്രശ്‌നം

Saturday 22 December 2018 5:03 pm IST

വാഷിങ്ടണ്‍ : മെക്‌സിക്കന്‍ മതില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ ഭരണം സ്തംഭനത്തിലേക്ക്. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുന്നതിന് പണം നീക്കിവെയ്ണമെന്ന് ഡൊണാള്‍ഡ് ട്രംപ് ആവശ്യം ഉന്നയിച്ചിരുന്നു. ഇതിന് സെനറ്റ് പിന്തുണ നല്‍കാതിരുന്നതാണ് ഭരണസംതംഭനത്തിലേക്ക് യുഎസിനെ നീക്കുന്നത്. 

100 അംഗങ്ങളുള്ള സെനറ്റില്‍ 51 പേരാണ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളത്. ബില്ല് പാസ്സാകണമെങ്കില്‍ സെനറ്റില്‍ 60 പേര്‍ പിന്തുണയ്ക്കണം. എന്നാല്‍ ഡെമോക്രാറ്റിക് അംഗങ്ങള്‍ ബില്ലിന് പിന്തുണ നല്‍കാത്തതിനെ തുടര്‍ന്ന് ന്യൂക്ലിയര്‍ ഓപ്ഷന്‍ നടപ്പാക്കാന്‍ ട്രംപ് ആവശ്യപ്പെടുകയായിരുന്നു.

60 പേരുടെ പിന്തുണ വേണ്ടത് 51 വോട്ടെന്ന ഭൂരിപക്ഷത്തിന് ബില്‍ പാസാക്കാന്‍ അനുവദിക്കുന്നതാണ് ന്യൂക്ലിയര്‍ ഓപ്ഷന്‍. എന്നാല്‍ സെനറ്റിലെ റിപ്പബ്ലിക്കന്‍ പക്ഷം ഇത് നിരാകരിച്ചതോടെയാണ് യുഎസ് ഭരണകൂടത്തിലെ പുതിയ പ്രശ്‌നങ്ങള്‍ക്കു കാരണം. 

ഇതിനെ തുടര്‍ന്ന് രാജ്യത്തെ ആഭ്യന്തരം, ഗതാഗതം, കൃഷി, നിയമം തുടങ്ങി വിവിധ വകുപ്പുകളിലേക്കുള്ള ധനവിഹിതം നല്‍കാന്‍ സെനറ്റിലെ പ്രതിസന്ധി മൂലം സാധിച്ചില്ല. കൂടാതെ ക്രിസ്മസ് അടുത്ത സാഹചര്യത്തില്‍ ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങള്‍ പോലും ഇതുമൂലം നല്‍കാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

അതേസമയം ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കേണ്ട ഉത്തരവാദിത്തം ഡെമോക്രാറ്റുകള്‍ക്ക് ആണെന്നാണ് ട്രംപിന്റെ നിലപാട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.