സര്‍ക്കാരിന്റേത് മനുഷ്യരെ വിഘടിപ്പിക്കുന്ന മതിലുപണി: ടി.പി. സെന്‍കുമാര്‍

Saturday 22 December 2018 9:00 pm IST
" ദേശമംഗലം കൊറ്റമ്പത്തൂര്‍ കോളനിയില്‍ ദുരന്തത്തിനിരയായവര്‍ക്ക് സേവാഭാരതി നല്‍കിയ ഭൂമിയുടെ ആധാരവുമായി കുടുംബാംഗങ്ങള്‍"

ചെറുതുരുത്തി (തൃശൂര്‍): മനുഷ്യരെ വിഘടിപ്പിക്കാനുള്ള മതിലുപണിക്കു നടക്കുകയാണ് സര്‍ക്കാരെന്ന് മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍. മാസങ്ങള്‍ക്കു മുന്‍പുണ്ടായ ഉരുള്‍പൊട്ടലില്‍ നാലുപേരുടെ മരണത്തോടൊപ്പം എല്ലാം നഷ്ടപ്പെട്ട ദേശമംഗലം കൊറ്റമ്പത്തൂര്‍ ഹരിജന്‍ കോളനിയിലെ 17 കുടുംബങ്ങള്‍ക്ക് സേവാഭാരതി നല്‍കിയ ഭൂമിദാന ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സംസ്ഥാന സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് മൂവായിരം കോടിയിലധികം പിരിഞ്ഞുകിട്ടിയിട്ടും ദുരന്തബാധിതര്‍ക്കായി എത്ര വീടുകള്‍ നിര്‍മിച്ച് നല്‍കി. പൊതുജനങ്ങള്‍ നല്‍കിയ സംഭാവന ഖജനാവിലുണ്ടോയെന്ന് തുറന്ന് നോക്കിയാല്‍ മാത്രമേ അറിയു. കേന്ദ്ര സര്‍ക്കാരിന്റെ 30,000 കോടി ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. സേവാഭാരതിയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാവുമ്പോഴും മാധ്യമങ്ങള്‍ ഇവയെ അവഗണിക്കുന്നത് ഖേദകരമെന്നും സെന്‍കുമാര്‍ പറഞ്ഞു.

കൊറ്റമ്പത്തൂര്‍ ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട 17 കുടുംബങ്ങള്‍ക്ക് സേവാഭാരതി ഭൂമി നല്‍കി. സേവാഭാരതി തന്നെ വീടുകളും നിര്‍മിച്ച് കൊടുക്കും.  ഉരുള്‍പൊട്ടല്‍ നടന്ന കോളനി മനുഷ്യവാസത്തിന് യോജിച്ചതല്ലെന്ന ജിയോളജി വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് വേണ്ടി സേവാഭാരതി മറ്റൊരു സ്ഥലം കണ്ടെത്തുകയായിരുന്നു. ഇതിനായി 79 സെന്റ് ഭൂമി വാങ്ങി. ഓരോ കുടുംബങ്ങള്‍ക്കും നാല് സെന്റ് വീതം ഭൂമി നല്‍കി. ഗുണഭോക്താക്കളുടെ പേരില്‍ തന്നെയാണ് രജിസ്‌ട്രേഷന്‍ നടത്തിയത്. 

സേവാഭാരതി ജില്ലാ അധ്യക്ഷന്‍ മേജര്‍ ജനറല്‍(റിട്ട) ഡോ. വിവേകാനന്ദന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടനാ കാര്യദര്‍ശി യു.എന്‍. ഹരിദാസ് സേവാസന്ദേശം നല്‍കി. ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍, രാഷ്ട്രസേവാസമിതി ജില്ലാ പ്രസിഡന്റ് വി. ശ്രീനിവാസന്‍, ടി.പി. രാജന്‍, പി.ആര്‍. രാജ്കുമാര്‍, കെ.കെ. മുരളി എന്നിവര്‍ സംസരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.