ദൈവത്തെക്കുറിച്ച് ഒന്നും പറയരുത്!

Sunday 23 December 2018 5:55 am IST
ലോകത്തെ ഏറ്റവും അധികം സ്വാധീനിച്ച കലാരൂപമാണ് സിനിമ. സിനിമയില്ലാത്ത നാടുകളില്ല. സിനിമ ഇഷ്ടപ്പെടാത്തവരുമില്ല. ഇസ്ലാമികതയുടെ സഹവാസഭൂമിയായ പേര്‍ഷ്യയില്‍ നിന്നാണ് ലോകോത്തര സിനിമകള്‍ പലതും പിറവിയെടുക്കുന്നത്. മുഹമ്മദ് നബിയെ ലോകത്തിന് മുന്നില്‍ കൂടുതലായി അറിയിക്കാന്‍ ഉപയുക്തമായ മാധ്യമവും സിനിമയാണ്. എന്നിട്ടും പറയുന്നു, ഭീഷണിപ്പെടുത്തുന്നു, ഇസ്ലാമിനെക്കുറിച്ചോ, മുഹമ്മദിനെക്കുറിച്ചോ സിനിമയിലോ സാഹിത്യത്തിലോ ഒരക്ഷരം പറയരുത്.

ഇടതാഭിമുഖ്യക്കാരനായ കവി പവിത്രന്‍ തീക്കുനി 'പര്‍ദ്ദ'യെന്ന കവിത എഴുതിയപ്പോള്‍ അതിനെതിരെ ഒരുപറ്റം മുസ്ലീം മതമൗലികവാദികള്‍ രംഗത്തുവന്നു. ചില സമൂഹത്തിലെങ്കിലും ഇസ്ലാമിനുള്ളിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പാരതന്ത്ര്യവും ഒറ്റപ്പെടലും എത്രത്തോളമാണെന്നായിരുന്നു തീക്കുനിക്കവിതയുടെ പൊരുള്‍. പര്‍ദ്ദയ്ക്കുള്ളില്‍ മൂടിവയ്ക്കപ്പെടുന്ന മുഖവും ശരീരവും സദാ കണ്ണീര്‍വീഴ്ത്തുകയാണെന്ന് കവിതയിലൂടെ തീക്കുനി ലോകത്തോട് വിളിച്ചുപറഞ്ഞു. പക്ഷേ, തീവ്രമതവാദികള്‍ക്കതൊന്നും ഇഷ്ടപ്പെടുന്നതായിരുന്നില്ല. പവിത്രന്‍ കവിത പിന്‍വലിച്ച് മാപ്പുപറയുകയല്ലാതെ നിര്‍വ്വാഹമില്ലായിരുന്നു. മിസ്ലീം തീവ്രവാദികളോട് പവിത്രന്‍ തീക്കുനിയെന്ന ഇടതുപക്ഷകവി മാപ്പിരന്നപ്പോള്‍ ഇടതുപക്ഷ നേതാക്കളും ബുദ്ധിജീവികളും സന്തോഷിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ എന്നും മുറവിളികൂട്ടുന്നവരാരും പവിത്രന്റെ ഭാഗം പറയാനെത്തിയില്ല. ഒരു സാഹിത്യകാരനും കവിയുടെ ഭാഗത്തുനില്‍ക്കാനുണ്ടായില്ല. 

ഭയന്നാണ് പവിത്രന്‍ കവിത പിന്‍വലിച്ചത്. സമൂഹത്തിലെ മുന്‍ അനുഭവങ്ങള്‍ ആരുടെയും ഭയം വര്‍ദ്ധിപ്പിക്കുന്നു. മുഹമ്മദ് എന്ന പേര് ചോദ്യപേപ്പറില്‍ പരാമര്‍ശിച്ചതിന് കൈവേട്ടിമാറ്റപ്പെട്ട തൊടുപുഴ ന്യൂമാന്‍സ് കോളേജിലെ ജോസഫ് സാറിന്റെ അനുഭവം നമുക്കുമുന്നിലുണ്ട്. ജോസഫ് സാറിനെ സഹായിക്കാനോ അദ്ദേഹത്തിനുവേണ്ടി സംസാരിക്കാനോ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മുറവിളി ജിഹ്വകളായ സാഹിത്യകാരന്മാരാരും ഉണ്ടായില്ല. 

എന്നാല്‍, വിദ്യാദേവതയായ സരസ്വതീ ദേവിയെ നഗ്‌നയാക്കി ചിത്രീകരിച്ച എം.എഫ്. ഹുസൈനും നൂറ്റാണ്ടുകള്‍ക്കു മുമ്പുണ്ടായിരുന്ന ഒരാചാരത്തെ വികലമായി ചിത്രീകരിച്ച് ഹൈന്ദവ ആരാധനയെയും വിശ്വാസത്തെയും അവഹേളിച്ച പെരുമാള്‍ മുരുകനുമെല്ലാം ഇത്തരക്കാരുടെ പിന്തുണയും സഹായവും ലഭിച്ചു. കാരണം അവരെല്ലാം അവഹേളിച്ചത് ഹൈന്ദവ ദൈവങ്ങളെയും ആചാരങ്ങളെയുമാണ്. അതെത്രവേണമെങ്കിലും ആകാം. ഹൈന്ദവാചാരങ്ങളെ നിന്ദിച്ചാല്‍ അത് ആവിഷ്‌കാര സ്വാതന്ത്ര്യം. മറിച്ചായാല്‍ വലിയ തെറ്റ്. ഈ ഇരട്ടനീതിയാണ് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ആവിഷ്‌കാര വാദികളുടെ പൊള്ളത്തരം ഇപ്പോള്‍ തുറന്നുകാട്ടപ്പെട്ടുകൊണ്ടിരിക്കുന്നു. വലിയ ജനമുന്നേറ്റം അവര്‍ക്കെതിരെ സമൂഹത്തില്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നു.

പവിത്രന്‍ തീക്കുനിയുടെ കവിതപോലെതന്നെ മനോഹരവും സ്ത്രീ അനുഭവിക്കുന്ന അസമത്വത്തിനെതിരായ പ്രതിഷേധവുമായിരുന്നു ഉണ്ണി. ആറിന്റെ 'വാങ്ക്' എന്ന കഥയും. ഇസ്ലാം മതത്തിലെ പുരുഷാധിപത്യത്തിനെതിരായ പ്രതിഷേധം തന്നെയായിരുന്നു വാങ്കിന്റെ ഇതിവൃത്തം. പെണ്ണുങ്ങള്‍ക്കും പള്ളിയില്‍ കയറി വാങ്ക് വിളിക്കാനുള്ള അനുവാദം നല്‍കണമെന്ന ആവശ്യം വളരെ മുന്നേതന്നെ ഉയര്‍ന്നു വന്നിട്ടുള്ളതാണ്. മുസ്ലീം സമുദായത്തിലെ സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന, പുരോഗമനവാദികളായ സ്ത്രീകള്‍തന്നെ ഈ ആവശ്യവുമായി രംഗത്തുവന്നപ്പോള്‍ യാഥാസ്ഥിതിക മുസ്ലീം പുരുഷ പൗരോഹിത്യം അതിനെ വലിയ തെറ്റായി വ്യാഖ്യാനിക്കുകയും എതിര്‍ക്കുകയും ചെയ്തു. എന്നും പള്ളിയില്‍ നിന്ന് പുരുഷ ശബ്ദത്തില്‍ വാങ്ക് വിളി കേള്‍ക്കുന്ന പെണ്‍കുട്ടിക്ക്, പുരുഷന്മാര്‍ മാത്രമാണല്ലോ പരമകാരുണ്യവാനായ ദൈവത്തോട് ഇത്രയധികം അടുത്തു നില്‍ക്കുന്നതെന്ന തോന്നലുണ്ടായി. ദൈവത്തോടുള്ള പ്രാര്‍ത്ഥന തന്റെ ശബ്ദത്തിലും ഉയരണമെന്ന അവളുടെ ആഗ്രഹം 'വാങ്ക്' എന്ന കഥയിലൂടെ ഉണ്ണി. ആര്‍ സമൂഹത്തോട് വ്യക്തമാക്കുകയാണ്. എന്നാല്‍ പുരുഷ പൗരോഹിത്യം അതനുവദിക്കില്ലെന്ന ബോധ്യമുണ്ടാകുമ്പോഴാണ് പെണ്‍കുട്ടി കാട്ടിലേക്ക് കയറി ഒറ്റയ്ക്കിരുന്ന് വാങ്ക് വിളിക്കുന്നത്. പുരുഷ മേധാവിത്വം അടക്കിവാഴുന്ന ഇസ്ലാം സമൂഹത്തില്‍ സാധാരണക്കാരിയായ ഒരു പെണ്‍കുട്ടിയുടെ പ്രതിഷേധം തന്നെയാണ് അവളുടെ, കാട്ടില്‍ ഇരുന്ന് ആരും കേള്‍ക്കാതെയുള്ള വാങ്ക് വിളി. മുസ്ലീം തീവ്രവാദികളുടെ ഭീഷണിയില്‍ ഭയന്നുപോയ കഥാകൃത്ത് ഇപ്പോള്‍ അങ്ങനെയല്ല പറയുന്നതെങ്കിലും കഥയിലെ സത്യം അതാണ്.

കഥ, സംവിധായകന്‍ റഫീഖ് മംഗലശ്ശേരി 'കിത്താബ്' എന്ന നാടകമാക്കി കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ അവതരിപ്പിച്ചപ്പോഴാണ് തീക്കുനിക്കവിതക്കെതിരെ രംഗത്തുവന്നവര്‍ തന്നെ പ്രതിഷേധിക്കാനെത്തിയത്. മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അവതരിപ്പിച്ച നാടകം കോഴിക്കോട് ജില്ലാ കലോത്സവത്തില്‍ ഒന്നാമതെത്തി. നാടകത്തില്‍ ഇസ്ലാം സമുദായത്തെ വികലമായി ചിത്രീകരിച്ചുവെന്നായിരുന്നു ആരോപണം. വിവാദം കത്തിപ്പടര്‍ന്നപ്പോള്‍ സ്‌കൂള്‍ അധികൃതര്‍തന്നെ സംസ്ഥാന കലോത്സവത്തിനയക്കാതെ നാടകം പിന്‍വലിച്ചു. സര്‍ക്കാരും സംഘടനകളും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വക്താക്കളായവരാരും നാടകത്തെ പിന്തുണയ്ക്കാനുണ്ടായില്ല. പുരോഗമനാശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരെന്ന് വീമ്പുപറയുന്ന സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എസ്എഫ്‌ഐ തന്നെയാണ് നാടകം പിന്‍വലിപ്പിക്കാന്‍ ചര്‍ച്ചകള്‍ നടത്തിയതും മുന്നില്‍ നിന്നതും. 

കഥാകൃത്തായ ഉണ്ണി.ആര്‍ എല്ലാ കുറ്റവും നാടക സംവിധായകന്‍ റഫീഖ് മംഗലശ്ശേരിയുടെ തലയില്‍ കെട്ടിവച്ചു. തന്റെ അനുവാദമില്ലാതെ കഥയെടുത്തെന്നും അത് വികലമാക്കിയെന്നുമായിരുന്നു മുസ്ലീം തീവ്രവാദികളുടെ ഭീഷണിയില്‍ ഭയന്നുപോയ കഥാകൃത്തിന്റെ വാദം. കഥാകൃത്തിനെ പിന്തുണച്ച് ചില സാഹിത്യപ്രഭൃതികളും രംഗത്തെത്തി. 'വാങ്ക്' എന്ന കഥ, മുസ്ലീം പെണ്‍സമൂഹത്തിന്റെ പ്രതിഷേധമല്ലെന്നും ഒരു സാധാരണ പെണ്‍കുട്ടിയുടെ മനോവ്യാപാരങ്ങള്‍ മാത്രമാണെന്നുമാണ് വാദം. ആ വാദങ്ങളെല്ലാം ഭയത്തില്‍ നിന്നുണ്ടായതാണെന്ന് വ്യക്തം. ഒടുവില്‍ സംവിധായകനും പിന്‍മാറേണ്ടിവന്നു. ഏതെങ്കിലും ഹൈന്ദവ ബിംബങ്ങളെയാണ് കഥാകൃത്ത് കഥയിലേക്ക് കൊണ്ടുവന്നതെങ്കില്‍, ഹൈന്ദവ വിശ്വാസികളുടെ പ്രതിഷേധമാണ് ഉണ്ടായതെങ്കില്‍, ഇത്തരത്തിലൊരു മുട്ടുകുത്തല്‍ ഉണ്ടാകുമായിരുന്നില്ല. കഥാകൃത്തിനുപിന്നില്‍ അണിനിരക്കാന്‍ വലിയകൂട്ടവുമുണ്ടാകുമായിരുന്നു. 

ഏതെങ്കിലും കലാസൃഷ്ടിയില്‍ മുഹമ്മദ് നബിയെ ചിത്രീകരിക്കാനോ, ആ പേര് പരാമര്‍ശിക്കാനോ പാടില്ലെന്നതാണ് ഇസ്ലാമിക ഫത്വ. പാരിസില്‍ നിന്നിറങ്ങുന്ന ആക്ഷേപഹാസ്യ മാസിക ഷാര്‍ലി ഹെബ്ദോയുടെ ഓഫീസില്‍ ഇസ്ലാമിക ഭീകരര്‍ നടത്തിയ വെടിവെയ്പ്പില്‍ പത്രപ്രവര്‍ത്തകരടക്കം നിരവധിപേര്‍ മരിച്ച സംഭവം ഇനിയും മറക്കാറായിട്ടില്ല. മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു എന്നതിന്റെ പേരിലായിരുന്നു ലോകത്തെ നടുക്കിയ ക്രൂരത അരങ്ങേറിയത്. മുഹമ്മദ് നബിയെ കുറിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കാനോ എഴുതാനോ പാടില്ലെന്ന വിലക്ക് ലംഘിക്കുന്നവര്‍ക്കെല്ലാമുള്ള മറുപടിയായാണ് ഷാര്‍ലി ഹെബ്ദോ ആക്രമണത്തെ ഇസ്ലാമിക ഭീകരര്‍ വിശേഷിപ്പിച്ചത്. 

ലോക പ്രശസ്ത ചലച്ചിത്ര സംവിധായകനാണ് ഇറാനില്‍ നിന്നുള്ള മജീദ് മജീദി. ചെയ്തിട്ടുള്ള സിനിമകളെല്ലാം ലോകം അംഗീകരിച്ചത്. അദ്ദേഹത്തെ ആദരിക്കാനായി ക്ഷണിച്ചുവരുത്തിയ ഡന്‍മാര്‍ക്കിലെ പ്രശസ്ത നാറ്റ് ഫിലിം ഫെസ്റ്റിവലില്‍ നിന്ന് തന്റെ ചലച്ചിത്രമായ 'ദ വില്ലോ ട്രീ' പിന്‍വലിച്ച് അദ്ദേഹം ഇറങ്ങിപ്പോയിട്ടുണ്ട്. ഡെന്‍മാര്‍ക്കിലെ മാധ്യമങ്ങള്‍ മുഹമ്മദ് നബിയെക്കുറിച്ച് കാര്‍ട്ടൂണ്‍ വരച്ചതിലുള്ള പ്രതിഷേധമായിരുന്നു അദ്ദേഹത്തിന്. അത്രത്തോളം ഇസ്ലാമികവാദിയാണ് മജീദ് മജീദി. എന്നാല്‍ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചലച്ചിത്രമായ 'മുഹമ്മദ്, ദ മെസഞ്ചര്‍ ഓഫ് ഗോഡി'നെതിരെ ഇസ്ലാമീക ഭീകരര്‍ ഫത്വ പുറപ്പെടുവിച്ചു. പ്രവാചകന്റെ മാതുലനായ അബു ത്വാലിബിനെ ആഖ്യാതാവാക്കിക്കൊണ്ട് മുഹമ്മദ് നബിയുടെ ജനനം മുതല്‍ ഇസ്ലാമിക പ്രബോധനത്തിന്റെ പ്രാരംഭകാലം വരെ നീളുന്ന ഏകദേശം നാല്‍പ്പത്തി അഞ്ച് വര്‍ഷക്കാലത്തെ ചരിത്രമാണ് മജീദി സിനിമയിലാക്കിയത്. സിനിമ ഇസ്ലാമിന് നിഷിധമാണെന്നും നബിയെ വെള്ളിത്തിരയിലെ കഥാപാത്രമാക്കരുതെന്നുമാണ് അവരുടെ വാദം. ഇസ്ലാമിക പണ്ഡിത സമൂഹവും സിനിമയ്‌ക്കെതിരെ രംഗത്തെത്തി. സിനിമയ്ക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ച എ.ആര്‍. റഹ്മാനെതിരെയും തീവ്രമുസ്ലീം പക്ഷക്കാര്‍ രംഗത്തുവന്നു. ഇക്കഴിഞ്ഞ തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിനു പട്ടികയിലുണ്ടായിരുന്ന 'മുഹമ്മദ്, ദ മെസഞ്ചര്‍ ഓഫ് ഗോഡ്' അവിടെയും പ്രദര്‍ശിപ്പിക്കാനായില്ല. പ്രദര്‍ശനം തടഞ്ഞത് കേന്ദ്രസര്‍ക്കാരാണെന്ന പച്ചക്കള്ളം പ്രചരിപ്പിച്ചവരാരും ഇസ്ലാംപക്ഷവാദികളുടെ എതിര്‍പ്പിനെക്കുറിച്ച് ഒരക്ഷരം പറഞ്ഞില്ല. ഇന്ത്യയില്‍ സെന്‍സര്‍ ചെയ്യാത്ത സിനിമയ്ക്ക് പ്രദര്‍ശനാനുമതിയുണ്ടാകില്ലെന്നതും മറച്ചുവച്ചു. മുസ്ലീംപണ്ഡിതന്മാരുടെയടക്കം എതിര്‍പ്പിനെ മറച്ചുവച്ച് എല്ലാം കേന്ദ്രസര്‍ക്കാരിന്റെ കുറ്റമാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചവരും ലക്ഷ്യമിട്ടത് തീവ്രവാദികളെ സന്തോഷിപ്പിക്കാനാണ്. 

ലോകത്തെ ഏറ്റവും അധികം സ്വാധീനിച്ച കലാരൂപമാണ് സിനിമ. സിനിമയില്ലാത്ത നാടുകളില്ല. സിനിമ ഇഷ്ടപ്പെടാത്തവരുമില്ല. ഇസ്ലാമികതയുടെ സഹവാസഭൂമിയായ പേര്‍ഷ്യയില്‍ നിന്നാണ് ലോകോത്തര സിനിമകള്‍ പലതും പിറവിയെടുക്കുന്നത്. മുഹമ്മദ് നബിയെ ലോകത്തിനുമുന്നില്‍ കൂടുതലായി അറിയിക്കാന്‍ ഉപയുക്തമായ മാധ്യമവും സിനിമയാണ്. എന്നിട്ടും പറയുന്നു, ഭീഷണിപ്പെടുത്തുന്നു, ഇസ്ലാമിനെക്കുറിച്ചോ, മുഹമ്മദിനെക്കുറിച്ചോ സിനിമയിലോ സാഹിത്യത്തിലോ ഒരക്ഷരം പറയരുത്. അങ്ങനെ പറയുന്നതും, പറയുന്നവരെ പിന്തുണയ്ക്കുന്നതുമല്ലേ യഥാര്‍ത്ഥ ഫാസിസം. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.