നക്‌സല്‍ ബന്ധമുള്ള അമ്മിണിയും നാണംകെട്ട് മടങ്ങി

Sunday 23 December 2018 1:53 pm IST

എരുമേലി/പൊന്‍കുന്നം: ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ പുറപ്പെട്ട മനിതി സംഘത്തില്‍പ്പെട്ട വയനാട് സ്വദേശിനി അമ്മിണി പാതിവഴിയില്‍ യാത്ര അവസാനിപ്പിച്ച് മടങ്ങി. ഇവര്‍ക്ക് എരുമേലി വരെയെ എത്താനായുള്ളൂ. വയനാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആദിവാസി വനിതാ പ്രസ്ഥാനം സംഘടനയുടെ സംസ്ഥാന പ്രസിഡന്റാണ് നാല്‍പ്പത്തിമൂന്ന്കാരിയായ ഈ അമ്പലവയല്‍ സ്വദേശിനി.  

ഇന്നലെ ഉച്ചയോടെയാണ് ഇവരെത്തിയത്. വയനാട്ടില്‍ നിന്ന് ഒറ്റയ്‌ക്കെത്തിയ അമ്മിണിയെ ഭക്തജന പ്രതിഷേധത്തെ തുടര്‍ന്ന് എരുമേലി പോലീസ് സ്റ്റേഷനിലെത്തിച്ചു. ഇവരെ കാണാന്‍ സിപിഐ(എംഎല്‍) റെഡ്സ്റ്റാര്‍ നക്‌സല്‍ ഗ്രൂപ്പില്‍പ്പെട്ട രണ്ടുപേര്‍ സ്റ്റേഷനിലെത്തി പോലീസുമായും അമ്മിണിയുമായും ചര്‍ച്ച നടത്തിയത് വന്‍ പ്രതിഷേധത്തിന് കാരണമായി. ശബരിമല കര്‍മസമിതി പ്രവര്‍ത്തകരേയും മാധ്യമപ്രവര്‍ത്തകരെയും തടഞ്ഞ പോലീസ്, അമ്മിണിയെ കാണാന്‍ നക്‌സല്‍ സംഘടനാ നേതാക്കളെ അനുവദിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. ഇതേത്തുടര്‍ന്ന് രണ്ടു പേരെയും പോലീസ് സ്റ്റേഷനില്‍ നിന്ന് പിടിച്ചിറക്കി.

വിവിധ സ്ഥലങ്ങളില്‍ നിന്ന് വരുന്ന നക്‌സല്‍ ഗ്രൂപ്പില്‍പ്പെട്ടവരും ആക്ടിവിസ്റ്റുകളും എരുമേലിയില്‍ ഒന്നിച്ചതിന് ശേഷം ശബരിമലക്ക് പോകാനായിരുന്നു സംഘത്തിന്റെ പദ്ധതി. പാലാ പൂവരണി, ഇളങ്ങുളം എന്നിവിടങ്ങളില്‍ വച്ച് അമ്മിണിയെ തിരിച്ചറിഞ്ഞ ഭക്തര്‍ ഇവരെ തടഞ്ഞു. അകമ്പടി സേവിച്ച പോലീസ്, പ്രതിഷേധിച്ചവരെ ബലമായി നീക്കി. തുടര്‍ന്ന് ഇവരെ കൊരട്ടിയില്‍ നിന്ന് പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.  

പമ്പയില്‍ നിന്ന് മനിതി സംഘം മടങ്ങാന്‍ തീരുമാനിച്ചതോടെ അമ്മിണിയും യാത്ര അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. പിന്നിട് അമ്മിണിയെ  പോലീസ് അകമ്പടിയോടെ കോട്ടയത്തേക്ക് കൊണ്ടുപോയി. ശബരിമലയ്ക്ക്  പോകാന്‍ സുരക്ഷ ഒരുക്കിത്തരാമെന്ന് പോലീസ് പറഞ്ഞതായും, ജില്ല പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നതായും റെഡ് സ്റ്റാര്‍ സംസ്ഥാന സെക്രട്ടറി എം.കെ. ദാസ്, ദേശീയ വിമോചന മുന്നണി നേതാവ് കെ.കെ.എസ്. ദാസ് എന്നിവര്‍ പറഞ്ഞു. അമ്മിണിയെ കൂടാതെ മറ്റ് രണ്ടു പേര്‍ കൂടി എരുമേലിയിലെത്തിയിരുന്നതായും വിവരമുണ്ട്. എന്നാല്‍, വിശ്വാസികളുടെ പ്രതിഷേധം ഭയന്ന് ഇവര്‍ ആരുമറിയാതെ സ്ഥലംവിട്ടു.

അമ്മിണിക്ക് എരുമേലിയിലേക്ക് പോകാനും തിരിച്ച് വരാനും പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയത്. വിഐപികള്‍ക്ക് നല്‍കുന്ന പൈലറ്റ് സുരക്ഷയാണ് അമ്മിണിക്ക് പൊന്‍കുന്നത്ത് നിന്ന് എരുമേലിയിലേക്കും തിരിച്ചും നല്‍കിയത്. ആചാരലംഘനത്തിനെത്തിയവര്‍ക്ക് പോലീസ് വാഹനവ്യൂഹമൊരുക്കി സുരക്ഷ നല്‍കിയതില്‍ ഭക്തര്‍ പ്രതിഷേധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.