മനിതി സംഘത്തിന്റെ നീക്കത്തിന് പിന്നില്‍ ഗൂഢാലോചന: പി.കെ. കൃഷ്ണദാസ്

Monday 24 December 2018 1:03 am IST

കണ്ണൂര്‍: ശബരിമലയില്‍ ആചാരലംഘനം നടത്താനുളള മനിതി സംഘത്തിന്റെ നീക്കത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ .കൃഷ്ണദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഗൂഢാലോചനയില്‍ മുഖ്യമന്ത്രിയുടെ പങ്ക് സംശയാതീതമായി തെളിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിയെ കൂടാതെ ദേവസ്വം മന്ത്രിയും ഡിജിപിയും ഗൂഢാലോചനയില്‍ പങ്കാളികളാണ്. ഗൂഢാലോചനയുടെ ഭാഗമായാണ് മനിതി സംഘത്തില്‍പ്പെട്ടവരെ മധുരയില്‍ പോയി മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പമ്പയിലെത്തിച്ചത്. കേന്ദ്ര മന്ത്രിയുടെ വാഹനമുള്‍പ്പെടെ പമ്പയിലേക്ക് കടത്തിവിടാന്‍ തയ്യാറാകാഞ്ഞ പോലീസ് സ്വകാര്യ വാഹനമായ ടെമ്പോ ട്രാവലറിലാണ് മനിതി സംഘത്തെ പമ്പയില്‍ എത്തിച്ചത്. മുഖ്യമന്ത്രി നേരിട്ട് നിര്‍ദേശം നല്‍കിയാണ് ഇവരെ പമ്പയില്‍ എത്തിച്ചത്. 

കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ നിലയ്ക്കലെത്തിയപ്പോള്‍ സ്വകാര്യ വാഹനത്തില്‍ പമ്പയിലേക്ക് പോകാന്‍ പറ്റില്ലെന്ന് പോലീസ് അറിയിക്കുകയും തുടര്‍ന്ന് കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്യുകയുമായിരുന്നു. ക്രമസമാധാനം തകര്‍ന്നാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമോയെന്നായിരുന്നു പോലീസ് ചോദിച്ചത്. ഇതേ പോലീസാണ് ഇപ്പോള്‍ ആക്ടിവിസ്റ്റുകളെ സ്വകാര്യ വാഹനത്തില്‍ സെക്യൂരിറ്റിയോടെ പമ്പയില്‍ എത്തിച്ചത്. ഇതെല്ലാം ശബരിമലയില്‍ ആചാരലംഘനം നടത്താനും കലാപം സൃഷ്ടിക്കാനും സിപിഎമ്മും മുഖ്യമന്ത്രിയും നടത്തിയ നീക്കത്തിന്റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് പി. സത്യപ്രകാശ്, സെക്രട്ടറി എന്‍. ഹരിദാസ് എന്നിവരും പങ്കെടുത്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.