സന്നിധാനത്ത് പിരിമുറുക്കത്തിന്റെ 24 മണിക്കൂര്‍

Monday 24 December 2018 1:06 am IST

ശബരിമല: ശനിയാഴ്ച രാവിലെ മുതല്‍ ശബരിമലയിലെത്തിയ ഭക്തരുടെയും ശാന്തിമാരുടെയും പോലീസുകാരുടെയുമൊക്കെ ചര്‍ച്ചാവിഷയം മനിതി കൂട്ടായ്മയെയും സര്‍ക്കാര്‍ നിലപാടുകളെയും കുറിച്ചായിരുന്നു. എങ്ങും ആശങ്കയുടെ മൗനം. അതേ അന്തരീക്ഷത്തില്‍ മൂടിക്കെട്ടിയ അവസ്ഥയിലായിരുന്നു പ്രകൃതിയും. 

മനിതി കൂട്ടായ്മയുടെ നേതൃത്വത്തില്‍ യുവതികള്‍ മധുരയില്‍ നിന്ന് പുറപ്പെട്ടുവെന്ന വാര്‍ത്ത പുറത്ത് വിട്ടതോടെ സന്നിധാനം പിരിമുറുക്കത്തിലായി. പുറമെ ശാന്തമായിരുന്നെങ്കിലും ഭക്തരുടെയും ജീവനക്കാരുടെയും ഉള്ള് പ്രക്ഷുബ്ധമായിരുന്നു. 

രാത്രി ഒമ്പത് മണിയോടെ സന്നിധാനത്തേക്കുള്ള ഭക്തരുടെ വരവില്‍ ഗണ്യമായ കുറവുണ്ടായി. ഹരിവരാസന സമയത്ത് നടപ്പന്തല്‍ പൂര്‍ണമായും ഒഴിഞ്ഞു. ഇരുമുടിയേന്തി പതിനെട്ടാം പടി കയറുവാന്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. ഇതോടെ നിലയ്ക്കലില്‍ നിന്ന് ഭക്തരെ കടത്തിവിടുന്നില്ലെന്ന അഭ്യൂഹം പരന്നു. പമ്പയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് യുവതികള്‍ക്ക് സുരക്ഷ ഒരുക്കാന്‍ നിര്‍ദേശം നല്‍കിയതും കാട്ടുതീപോലെ പടര്‍ന്നു. 

രാത്രി രണ്ട് മണിയോടെ യുവതികള്‍ പമ്പയില്‍ എത്തിയെന്ന് ദൃശ്യങ്ങള്‍ സഹിതം വാര്‍ത്ത വന്നു. സന്നിധാനം കൂടുതല്‍ പിരിമുറുക്കത്തിലായി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരുടെ പോലും സംസാര വിഷയം ഇത് തന്നെയായിരുന്നു. മാധ്യമപ്രവര്‍ത്തകരോട് അവര്‍ക്ക് ചോദിക്കാനുള്ളതും യുവതികള്‍ എത്തുമോ എന്നായിരുന്നു. പതിവിന് വിപരീതമായി പുലര്‍ച്ചെ നാലുമണിമുതല്‍ സന്നിധാനത്തുള്ള മാധ്യമപ്രവര്‍ത്തകര്‍ തിരുമുറ്റത്ത് എത്തുക കൂടി ചെയ്തതോടെ ആശങ്ക മൂര്‍ധന്യത്തിലായി. ആചാരലംഘനമുണ്ടായാല്‍ ക്ഷേത്രം അടയ്ക്കണമെന്ന പന്തളം കൊട്ടാരത്തിന്റെ ആവശ്യം തന്ത്രി അംഗീകരിച്ചത് തെല്ലൊന്നുമല്ല സന്നിധാനത്തിന്റെ പിരിമുറുക്കം കുറച്ചത്. യുവതികള്‍ ബലിയിടാനായി എത്തിയപ്പോള്‍ ബലിയിടുന്നവര്‍ പിന്മാറിയതും കെട്ടുനിറച്ച് നല്‍കുന്നിടത്ത് നിന്ന് പമ്പ ഗണപതി ക്ഷേത്രത്തിലെ ശാന്തിമാര്‍ ഇറങ്ങിപ്പോയതും കൂടുതല്‍ ആശ്വാസത്തിലെത്തിച്ചു. 

യുവതികള്‍ സ്വയം കെട്ട് നിറച്ച് മലകയറാന്‍ ഒരുങ്ങുന്നു എന്നറിഞ്ഞപ്പോള്‍ 'ശബരിമല കര്‍മസമിതിയുണ്ടല്ലോ... അവര്‍ തടയും' എന്ന ഉറപ്പിലായിരുന്നു സന്നിധാനം. പ്രതീക്ഷ അസ്ഥാനത്തായില്ല. നീലിമലയില്‍ കാലെടുത്തുവയ്ക്കുംമുമ്പ് നാമജപവുമായി അയ്യപ്പഭക്തര്‍ ആചാരലംഘനം തടഞ്ഞു. യുവതികളുമായി പോലീസ് ചര്‍ച്ച നടത്തുമ്പോഴും അയ്യപ്പഭക്തരെ അറസ്റ്റ് ചെയ്ത് നീക്കുമ്പോഴും സന്നിധാനം മുഴുവന്‍ പ്രാര്‍ഥനയോടെ മനസ്സുകൊണ്ട് നാമജപക്കാരോടൊപ്പം അണിനിരന്നു. ഒടുവില്‍ നാമജപത്തിന്റെ അലയടിക്കുമുന്നില്‍ മുട്ടുമടക്കി യുവതികളും പോലീസും പമ്പകടക്കുമ്പോള്‍ തിരുമുറ്റത്ത് കളഭാഭിഷേകത്തിനുള്ള മേളം മുഴങ്ങി. യുവതികള്‍ ശബരിമലയുടെ അതിര്‍ത്തിയായ വടശ്ശേരിക്കര കഴിഞ്ഞതോടെ എല്ലാ കളങ്കങ്ങളും കഴുകിക്കളഞ്ഞുകൊണ്ട് പുണ്യാഹം പോലെ സന്നിധാനത്ത് മഴപെയ്യുന്നുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.