സര്‍ക്കാര്‍ ലക്ഷ്യം നിരീക്ഷണ സമിതിയെ സമ്മര്‍ദത്തിലാക്കാനും

Monday 24 December 2018 1:09 am IST

പത്തനംതിട്ട: മനിതി പ്രവര്‍ത്തകരായ യുവതികളെ കയറ്റി ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ ഇടതുസര്‍ക്കാര്‍ പദ്ധതി തയാറാക്കിയത് ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷണ സമിതിയെ സമ്മര്‍ദത്തിലാക്കാനെന്ന് സൂചന. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പോലീസിലെ ഉന്നതരാണ് പദ്ധതി നടപ്പാക്കിയത്. 

ഇന്നലെ പമ്പയില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചപ്പോള്‍ കാര്യങ്ങള്‍ നിരീക്ഷണ സമിതി തീരുമാനിക്കുമെന്നായിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പ്രതികരിച്ചത്. ഹൈക്കോടതി നിരീക്ഷണ സമിതിയെ നിയോഗിച്ചതിനെ അന്നുതന്നെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. സമിതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് കോടതി മാറ്റിവെക്കുകയായിരുന്നു. 

മനിതിയുടെ പേരില്‍ ശബരിമലയിലേക്ക് എത്തിയ യുവതികള്‍ അയ്യപ്പഭക്തരല്ലെന്നും ഇവരില്‍ പലര്‍ക്കും മാവോയിസ്റ്റ് സംഘടനകളുമായും മറ്റ് തീവ്രവാദ സംഘടനകളുമായും ബന്ധമുണ്ടെന്ന കാര്യവും അവഗണിച്ചാണ് വന്‍സുരക്ഷ ഒരുക്കി പോലീസ് അവരെ പമ്പയിലേക്ക് ആനയിച്ചത്. മുന്‍പ് രഹ്‌ന ഫാത്തിമയെ നടപ്പന്തല്‍ വരെ എത്തിച്ച സംഭവത്തില്‍ വീഴ്ച പറ്റിയതായും തുടര്‍ന്ന് ഇത്തരത്തില്‍ സന്നിധാനത്തേക്ക് എത്തുന്നവരുടെ പശ്ചാത്തലം പരിശോധിക്കുമെന്നും പോലീസ് അറിയിച്ചിരുന്നു. ഇതിനെല്ലാം വിരുദ്ധമായാണ് തമിഴ്‌നാട്ടില്‍ നിന്ന് കേരളാ പോലീസ് മനിതി സംഘത്തെ ഏറ്റുവാങ്ങി വന്‍സുരക്ഷയില്‍ പമ്പയില്‍ എത്തിച്ചത്. 

ഇവരെ സന്നിധാനത്ത് എത്തിക്കുന്നതിലൂടെ ആചാരലംഘനം നടത്തണമെന്ന മുഖ്യമന്ത്രിയുടെ പിടിവാശി നടപ്പാക്കാമെന്നും അതോടൊപ്പം അതിന്റെ ഉത്തരവാദിത്തം നിരീക്ഷണ സമിതിയുടെ മേല്‍ കെട്ടിവയ്ക്കാമെന്നും പോലീസിലെ ഉന്നതരും കണക്കുകൂട്ടി. എന്നാല്‍, അയ്യപ്പഭക്തരുടെ വന്‍പ്രതിഷേധത്തിന് മുന്നില്‍ പദ്ധതികള്‍ തകര്‍ന്നു തരിപ്പണമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.