ഓപ്പണിങ്ങില്‍ ഇന്ത്യക്ക് ആശങ്ക

Monday 24 December 2018 1:19 am IST

മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റില്‍ വിജയം പിടിക്കാന്‍ ഇന്ത്യ കടുത്ത പരിശീലനത്തില്‍. നായകന്‍ കോഹ്‌ലിയും കൂട്ടരും ഇന്നലെ നെറ്റ് പരിശീലനം നടത്തി. കോച്ച് രവിശാസ്ത്രി  നിര്‍ദേശങ്ങള്‍ നല്‍കി. മെല്‍ബണില്‍ ബുധനാഴ്ചയാണ് ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് ആരംഭിക്കുക.

ഓപ്പണിങ്ങ് കൂട്ടുകെട്ട് ഇന്ത്യക്ക് തലവേദയായി തുടരുകയാണ്. ഓപ്പണര്‍മാരായ കെ.എല്‍. രാഹുലിനും മുരളി വിജയിനും അവസരത്തിനൊത്തുയരാനായിട്ടില്ല.  യുവ ഓപ്പണര്‍ പൃഥി ഷാ പരിക്ക് മൂലം പരമ്പരയില്‍ നിന്ന് പിന്മാറിക്കഴിഞ്ഞു. പൃഥി ഷായ്ക്ക് പകരം പുതുമുഖമായ മായങ്ക് അഗര്‍വാള്‍ ടീമിലെത്തിയിട്ടുണ്ടെങ്കിലും ആശങ്ക തുടരുകയാണെന്ന് രവി ശാസ്ത്രി പറഞ്ഞു. 

പരിക്കില്‍ നിന്ന് പൂര്‍ണമായി സുഖം പ്രാപിക്കാത്ത സ്പിന്നര്‍ ആര്‍. അശ്വിനും ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ കളിച്ചേക്കില്ല. അതേസമയം മറ്റൊരു ഓള്‍ റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യ ആരോഗ്യം വീണ്ടെടുത്തു. മിക്കവാറും  മൂന്നാം ടെസ്റ്റില്‍ കളിച്ചേക്കും.

പരിക്ക് മൂലം പെര്‍ത്തിലെ രണ്ടാം ടെസ്റ്റില്‍ നിന്ന് വിട്ടുനിന്ന അശ്വിന്‍ സുഖം പ്രാപിച്ചുവരുകയാണ്. ആരോഗ്യം വീണ്ടെടുത്താല്‍ അശ്വിന്‍ ടീമിലുണ്ടാകും അല്ലെങ്കില്‍ ചൈനാമന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് അവസരം നല്‍കുമെന്ന് രവി ശാസ്ത്രി വ്യക്തമാക്കി. 

തോളിലെ പരിക്കുമായാണ് ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ ഓസ്‌ട്രേലിയിലെത്തിയതെന്ന് ശാസ്ത്രി വ്യക്തമാക്കി. പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാത്ത സാഹചര്യത്തിലാണ് ജഡേജയെ പെര്‍ത്തിലെ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയത്. മൂന്നാം ടെസ്റ്റിന് മുമ്പ് സുഖം പ്രാപിച്ചാല്‍ ജഡേജയ്ക്ക് അവസാന ഇലവനില്‍ സ്ഥാനം നല്‍കുമെന്ന് ശാസ്ത്രി കൂട്ടിചേര്‍ത്തു.

ഓസ്‌ട്രേലിയയിലേക്ക് വരുന്നതിന് നാലു നാള്‍  മുമ്പ് ജഡേജ തോളിലെ പരിക്കിന് കുത്തിവെപ്പ്  എടുത്തിരുന്നു. പരിക്കില്‍ നിന്ന് മോചിതനാകാത്തതിനാലാണ് ജഡേജയെ രണ്ടാം ടെസ്റ്റ് ടീമില്‍ കളിപ്പിക്കാതിരുന്നതെന്ന് ശാസ്ത്രി വെളിപ്പെടുത്തി. എന്നാല്‍ പെര്‍ത്തിലെ രണ്ടാം ടെസ്റ്റിനുശേഷം ക്യാപ്റ്റന്‍ കോഹ് ലി പറഞ്ഞതിന് വിരുദ്ധമാണ് ശാസ്ത്രിയുടെ നിലപാട്. ഒരു ഘട്ടത്തില്‍പ്പോലും സ്പിന്നറെ കളിപ്പിക്കാന്‍ ആലോചിച്ചിരുന്നില്ലെന്നാണ് കോഹ്‌ലി അന്ന് പറഞ്ഞത്്.

പെര്‍ത്തിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 146 റണ്‍സിന് തോറ്റു. ഇതോടെ നാലു മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് ഇന്ത്യക്കൊപ്പം (1-1) എത്തി. അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ 31 റണ്‍സിന് വിജയിച്ചിരുന്നു.

ഏഷ്യാ കപ്പിനിടയ്ക്കാണ് ഹാര്‍ദികിന് പരിക്കേറ്റത്. അടുത്തിടെ ബറോഡക്കെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ മികവ് കാട്ടിയതിനെ തുടര്‍ന്നാണ് ഹാര്‍ദിക്കിനെ ടീമിലേക്ക് തിരിച്ചുവിളിച്ചത്.പുറം വേദനയെ തുടര്‍ന്ന് രണ്ടാം ടെസ്റ്റില്‍ നിന്ന് വിട്ടുനിന്ന രോഹിത് ശര്‍മ ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.