ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി ഭാരത രത്ന അടല്‍ ബിഹാരി വാജ്പേയിയുടെ ചിത്രങ്ങള്‍ പതിച്ച നാണയങ്ങള്‍ പുറത്തിറക്കി. പാര്‍ലമെന്റില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വാജ്പേയിയുടെ ചിത്രം ആലേഖനം ചെയ്ത നൂറ് രൂപ നാണയങ്ങള്‍ പുറത്തിറക്കിയത്.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്ത അതികായനായിരുന്ന വാജ്പേയിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. വാജ്പേയി ഇന്ന് നമുക്കൊപ്പമില്ലെന്നത് വിശ്വസിക്കാന്‍ നമ്മുടെ മനസ്സുകള്‍ക്ക് സാധ്യമാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏറെ ദശാബ്ദങ്ങള്‍ വാജ്പേയിയുടെ ശബ്ദം ജനങ്ങളുടെ ശബ്ദമായി നിലകൊണ്ടു. ഒരു പ്രഭാഷകനെന്ന നിലയില്‍ അദ്ദേഹം അതുല്യനാണ്. നമ്മുടെ രാഷ്ട്രം ജന്മം നല്കിയ ഏറ്റവും മികച്ച പ്രാസംഗികരിലൊരാളാണ് അദ്ദേഹം.
വാജ്പേയിയുടെ പൊതുജീവിതത്തില്‍ അദ്ദേഹം ദീര്‍ഘകാലവും ചെലവഴിച്ചത് പ്രതിപക്ഷനിരയിലാണെങ്കിലും എപ്പോഴും ദേശീയ താല്പര്യത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ജനാധിപത്യം പരമോന്നതമാകണമെന്ന് വാജ്പേയി ആഗ്രഹിച്ചു. വാജ്പേയി തുടര്‍ന്നും എല്ലാവര്ക്കും പ്രചോദനമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: