ജിഎസ്ടി കൂടുതല്‍ ലളിതമാവുന്നു

Tuesday 25 December 2018 4:01 am IST

രാജ്യം ഒറ്റവിപണിയിലേക്കെന്ന ലക്ഷ്യവുമായി നടപ്പാക്കിയ ജിഎസ്ടി (ഗുഡ്‌സ് സര്‍വീസ് ടാക്‌സ്) ഏറെ ഫലപ്രദമാണെന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. അടുത്തിടെ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്ത് ഒട്ടുവളരെ ഉല്‍പ്പന്നങ്ങളുടെ നികുതി ഏകീകരിക്കുകയുണ്ടായി. രാജ്യത്തെ 90 ശതമാനം ഉല്‍പ്പന്നങ്ങളുടെയും ഉയര്‍ന്ന നികുതി നിരക്ക് താഴ്ത്തുമെന്ന് നേരത്തെ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ ചില തീരുമാനങ്ങള്‍ എടുക്കുകയുണ്ടായി. വന്‍ ഇളവുകളാണ് കൗണ്‍സില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അതൊക്കെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാണെന്ന പ്രത്യേകതയുണ്ട്. ഇതുവഴി ആറായിരം കോടി രൂപയുടെ ഇളവുകളാണ് ലഭിക്കുക.

ടിവി, എസി, കമ്പ്യൂട്ടര്‍ മോണിറ്ററുകള്‍, ഡിജിറ്റല്‍ ക്യാമറകള്‍, വാക്കിങ്സ്റ്റിക്ക്, വീല്‍ചെയറുകള്‍, സിനിമാ ടിക്കറ്റുകള്‍ എന്നിവയുടെ നികുതിയാണ് വന്‍തോതില്‍ വെട്ടിക്കുറച്ചിരിക്കുന്നത്. 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായതാണ് ഇവയുടെ നികുതി കുറച്ചിരിക്കുന്നത്. അതുപോലെ ചിലതിന്റെ നികുതി 18ല്‍ നിന്ന് 12 ആയും 12ല്‍ നിന്ന് അഞ്ചായും കുറച്ചിട്ടുണ്ട്. നികുതി സമ്പ്രദായത്തിലെ നൂലാമാലകളില്‍ നിന്ന് വ്യാപാരി-വ്യവസായി സമൂഹത്തെ സംരക്ഷിക്കാനും പൊതുജനങ്ങളുടെ ജീവിതരീതികള്‍ക്ക് സമാശ്വാസം ലഭിക്കാനും ലക്ഷ്യമിട്ട് കൊണ്ടുവന്ന ജിഎസ്ടി സമ്പ്രദായ പോകപ്പോകെ ഏറെ ആശ്വാസം നല്‍കുന്നതാണെന്ന അഭിപ്രായമാണ് വന്നുകൊണ്ടിരിക്കുന്നത്. മ്യൂസിക്ക് ബുക്കുകള്‍, കണ്ടെയ്‌നറുകളില്‍ അടച്ച ശീതികരിച്ച പച്ചക്കറികള്‍, രാസവസ്തുക്കള്‍ ഉപയോഗിച്ച് സൂക്ഷിക്കുന്ന പച്ചക്കറികള്‍ എന്നിവയ്ക്ക് നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന നികുതി സ്ലാബുകള്‍ പൂര്‍ണമായി ഒഴിവാക്കുകയും ചെയ്തു. ഇതുമൂലം ഖജനാവിന് കോടികളുടെ നഷ്ടം ഉണ്ടാവുമെങ്കിലും ജനജീവിതത്തിന് ഇത് നല്ല ആശ്വാസം പകരും.

ഉത്തരവാദിത്തബോധമുള്ള ഭരണകൂടം എങ്ങനെയാണ് ഓരോ കാര്യങ്ങളും നടപ്പാക്കുകയെന്നതിന്റെ വ്യക്തമായ ചിത്രമാണ് ഇതിലൂടെ ലഭിക്കുന്നത്. ഭരണകൂടത്തിന് നികുതിയിലൂടെ ലഭിക്കുന്ന കോടികള്‍ യുക്തിസഹമായി ശേഖരിക്കുകയും അത് ഫലപ്രദമായി സമൂഹത്തില്‍ ചെലവഴിക്കുകയും ചെയ്യുമ്പോഴാണ് ദിശാബോധമുള്ള ഭരണകൂടത്തിന്റെ ആത്മാര്‍ത്ഥത തെളിയുന്നത്. അങ്ങനെ നോക്കുമ്പോള്‍ കേന്ദ്രഭരണകൂടം സാധാരണക്കാരുടെ ഭാഗത്തുനിന്ന് സ്ഥിതിഗതികള്‍ മനസ്സിലാക്കുന്നു എന്നറിയാന്‍ കഴിയും. നികുതി ഘടന ഉള്‍പ്പെടെയുള്ള എന്തുകാര്യവും പുതുതായി നടപ്പാക്കുമ്പോള്‍ സ്വാഭാവികമായും പ്രശ്‌നങ്ങളുണ്ടാവും. അത്തരം പ്രശ്‌നങ്ങളെ കണ്ടില്ലെന്നു നടിച്ച് ധാര്‍ഷ്ട്യപൂര്‍വം മുമ്പോട്ടുപോകുമ്പോള്‍ നല്ല കാര്യമാണെങ്കില്‍ കൂടി നടപ്പാക്കാന്‍ കഴിയാതെ വരും. ക്രമപ്രകാരമുള്ള വളര്‍ച്ച ലക്ഷ്യമിടുകയും പൊതുജനങ്ങളെ അതിലേക്ക് കൈപിടിച്ച് കൊണ്ടുപോവുകയും ചെയ്യുമ്പോള്‍ ആത്മാര്‍ത്ഥമായ സഹകരണമാണ് ലഭിക്കുക. അത്തരമൊരു സ്വീകാര്യതയാണ് കേന്ദ്രസര്‍ക്കാറിന് ഇക്കാര്യത്തില്‍ കിട്ടിക്കൊണ്ടിരിക്കുന്നത്.

നികുതി ഘടനയിലെ ഇളവുകള്‍ സംസ്ഥാനത്തിന്റെ വരുമാനത്തില്‍ വന്‍കുറവുണ്ടാക്കുമെന്ന് സംസ്ഥാന ധനക്യാര്യമന്ത്രി അഭിപ്രായപ്പെട്ടത് മേല്‍സൂചിപ്പിച്ച മാനദണ്ഡത്തിന്റെ വെളിച്ചത്തില്‍ വേണം നോക്കിക്കാണാന്‍. കേന്ദ്രസര്‍ക്കാരില്‍ എല്ലാ കുറ്റവും ചാര്‍ത്തിക്കൊടുത്ത് നല്ലപിള്ള ചമയാനുള്ള തന്ത്രമായി മാത്രമേ അത് കണാവൂ. ക്രമാതീതമായി നികുതി ചുമത്തി സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുകയും വേണ്ടപ്പെട്ടവര്‍ക്ക് വന്‍തോതില്‍ ഇളവുനല്‍കുകയും ചെയ്യണമെന്ന നിലപാടല്ല കേന്ദ്രഭരണകൂടത്തിനുള്ളത്. അത് തിരിച്ചറിയാന്‍ സംസ്ഥാന ധനകാര്യമന്ത്രിക്ക് അറിഞ്ഞുകൂടാത്തതല്ല പ്രശ്‌നം. എന്തിലും രാഷ്ട്രീയം അടിച്ചേല്‍പ്പിക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമാണിത്, ഏതായാലും ജിഎസ്ടിയെ പൊതുസമൂഹം സര്‍വാത്മനാ സ്വാഗതം ചെയ്തിട്ടുണ്ട്. അവര്‍ക്ക് കൂടുതല്‍ ആശ്വാസപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതോടെ നികുതിയെ പേടിക്കേണ്ട എന്ന മാനസികാവസ്ഥയിലേയ്ക്ക് പൊതുസമൂഹം എത്തും. അതു തന്നെയാണ് ഏതു ഭരണകൂടവും ആഗ്രഹിക്കുക.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.