വരൂ, അന്ധകാര കേരളത്തിന് അയ്യപ്പജ്യോതി പകരാം

Tuesday 25 December 2018 1:38 am IST

ശബരിമലയിലെ യുവതീ പ്രവേശന വിഷയം കേരളത്തിന്റെയെന്നല്ല, ആഗോള ഫെമിനിസത്തിന്റെ പ്രവര്‍ത്തന പന്ഥാവില്‍ തികച്ചും മാതൃകാപരമായ പുത്തന്‍ സ്ത്രീവാദത്തിന് നാന്ദി കുറിക്കുന്നു. 19 ാം നൂറ്റാണ്ടില്‍ തുടക്കം കുറിച്ച റാഡിക്കല്‍ ഫെമിനിസം, സോഷ്യല്‍ ഫെമിനിസം, ലിബറല്‍ ഫെമിനിസം തുടങ്ങി ആഗോളതലത്തിലും ഇന്ത്യയിലുമുണ്ടായ എല്ലാ സ്ത്രീമുന്നേറ്റങ്ങളും പുരുഷാധിപത്യത്തിനെതിരെ അടിവസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞും, പുരുഷനെപ്പോലെ വസ്ത്രം ധരിച്ചും തെരുവിലിറങ്ങി ആക്രോശിക്കുകയായിരുന്നു. എന്നാല്‍ ചരിത്രത്തിന്റെ താളുകളില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെടുംവിധം ഈ കൊച്ചു കേരളത്തില്‍നിന്ന് ഒരു നവോത്ഥാന സ്ത്രീവാദത്തിന്റെ ശരണം വിളികളാണ് ഇപ്പോള്‍ ഉയരുന്നത്. ആചാരലംഘനമല്ല, മറിച്ച് ആചാരാനുഷ്ഠാനങ്ങളുടെ സംരക്ഷണവും പരിപാലനവും നിര്‍വഹിക്കാനുള്ള ഉത്തരവാദിത്വവുമാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യമെന്ന് കേരളീയ സ്ത്രീത്വം തിരിച്ചറിയുന്നു.   

Softly smooth gentle to the eye

oh,  fragile and sweet to smell

a woman is a blessing from the sky

a woman can be delicate

yet tenasious and vibrant too.

നവോമി ജോണ്‍സന്റെ ംീാwoman is like a rose എന്ന കവിതയിലെ വരികള്‍ ഇവിടെ ഓര്‍ക്കാം.        

തികച്ചും ആസൂത്രിതമായി നേടിയ കോടതി വിധിയുടെ പിന്‍ബലത്തില്‍ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കാന്‍, ശബരിമലയെ മറ്റൊരു ടൂറിസ്റ്റ് കേന്ദ്രമാക്കാന്‍, ഹൈന്ദവ സംസ്‌കാരത്തെ തച്ചുടയ്ക്കാന്‍ ശ്രമിക്കുന്ന അവിശ്വാസികളുടെ ഇടതു സര്‍ക്കാര്‍ ഒരു ഭാഗത്ത്. മറുഭാഗത്ത് തങ്ങളുടെ വിശ്വാസത്തെ സംരക്ഷിക്കാനായി നമ്പൂതിരി മുതല്‍ വനവാസിവരെയുള്ള ശക്തിസ്വരൂപിണികള്‍ 'ശരണമയ്യപ്പ... സ്വാമി ശരണമയ്യപ്പ' എന്ന നാമജപവുമായി തെരുവിലിറങ്ങിയതോടെ പിണറായിയുടെ ഗൂഢതന്ത്രം പൊളിയുകയായിരുന്നു.

കേരളത്തിലെ എന്നല്ല, ലോകത്തിലെതന്നെ ദശലക്ഷക്കണക്കിനു വരുന്ന ഭക്തരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ ശക്തമായ പ്രതിഷേധത്തില്‍ വിരണ്ട മുഖ്യമന്ത്രി പിണറായി വിജയന്‍ നവോത്ഥാനം എന്ന അവസാന ആയുധം പുറത്തെടുക്കുകയായിരുന്നു.

തന്റെ മുഴുവന്‍ സഹോദരങ്ങള്‍ക്കും പിതൃകര്‍മം അനുഷ്ഠിക്കാനായി സ്വന്തം ഇല്ലത്ത് സൗകര്യമൊരുക്കി നവോത്ഥാനത്തിന്റെ വാതായനങ്ങള്‍ തുറന്നിട്ട മേഴത്തോള്‍ അഗ്‌നിഹോത്രി മുതല്‍ ശിവശക്ത്യായുക്‌തോ എന്നുദ്‌ഘോഷിച്ച ശങ്കരാചാര്യരും ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവും അയ്യങ്കാളിയും പണ്ഡിറ്റ് കറുപ്പനും ആറാട്ടുപുഴ വേലായുധപ്പണിക്കരും മന്നത്ത് പത്മനാഭനും കേളപ്പജിയും കുമാരനാശാനും ചോതി ചാന്നാനും വരെയുള്ള നവോത്ഥാന ജ്യോതിസ്സുകള്‍ സ്ഫുടംചെയ്ത കേരളത്തിന്റെ ചരിത്രത്തില്‍, 1935ല്‍ മാത്രം ഉദയംചെയ്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നവോത്ഥാന മുന്നേറ്റത്തിലുള്ള പങ്ക് വട്ടപ്പൂജ്യമാണ്. പിണറായിയുടെ നവോത്ഥാന സദസ്സുകള്‍ വന്‍ പരാജയമായതിന്റെ കാരണവും മറ്റൊന്നല്ല.

കേരളത്തെ വീണ്ടും ഇരുണ്ട യുഗത്തിലേക്ക് തള്ളിവിടാനാവില്ല എന്നതാണ് പിണറായിയുടെ വീരവാദം. ശബരിമലയില്‍ യുവതീപ്രവേശനം നടപ്പാക്കുക, അങ്ങനെ ചുളുവില്‍ നവോത്ഥാന നായകന്റെ കുപ്പായമണിയാം എന്നാണ് പിണറായി മനപ്പായസമുണ്ണുന്നത്. കോടതിയില്‍ തെറ്റിദ്ധാരണാജനകമായ സത്യവാങ്മൂലം സമര്‍പ്പിച്ചതിന്റെ ഒരു കാരണം ഇതാണ്. ശബരിമലയില്‍ യുവതീ പ്രവേശനം ഉണ്ടയിരുന്നില്ല എന്നതിന്റെ തെളിവുകള്‍ 1816ല്‍ ബ്രിട്ടീഷുകാര്‍ തയ്യാറാക്കിയ The Memoirs of the State of Travancore and Kochi എന്ന പഠന ഗ്രന്ഥത്തില്‍ വ്യക്തമാക്കുന്നുണ്ട്. ശബരിമല എന്ന ക്ഷേത്രം വനാന്തരത്തില്‍ ഉണ്ടെന്നും, അവിടെ ജനുവരി മാസത്തില്‍ നടക്കുന്ന ഉത്സവത്തില്‍ ഏതാണ്ട് പതിനായിരത്തോളം ഭക്തര്‍ എത്താറുണ്ടെന്നും, 10 വയസ്സിനു താഴെയുള്ള ചെറിയ പെണ്‍കുട്ടികളും പ്രായമായവരുമാണ് സ്ത്രീകളുടെ ഇടയില്‍നിന്ന് വരുന്നതെന്നും ഈ ഗ്രന്ഥത്തില്‍ പറയുന്നു.

1986ല്‍ ശബരിമലയില്‍ യുവതികളെ പങ്കെടുപ്പിച്ച് സിനിമാ ഷൂട്ടിങ് നടത്തിയതിനെത്തുടര്‍ന്ന് കോടതി അഭിനേതാക്കള്‍ക്കും ചില ദേവസ്വം അംഗങ്ങള്‍ക്കും 1000 രൂപ പിഴ ചുമത്തിയെന്നത് ശബരിമലയില്‍ യുവതീ പ്രവേശനം പാടില്ല എന്ന ആചാരം നിലനിന്നതിന്റെ തെളിവാണ്. 1991ല്‍ മാത്രമാണ് ശബരിമലയില്‍ യുവതീപ്രവേശനം നിഷിദ്ധമായത് എന്ന സര്‍ക്കാര്‍ സത്യവാങ്മൂലം ദുരുദ്ദേശ്യപരമാണ്. 1950ലെ ശബരിമല തീവെപ്പും 1983ലെ നിലയ്ക്കല്‍ സമരവും ഉള്‍പ്പടെ ശബരിമലയെ തകര്‍ക്കാനുള്ള ഗൂഢാലോചനകള്‍ നിരവധിയുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ചുംബനസമര നായികമാരെയും മാവോയിസ്റ്റ് തീവ്രവാദികളെയും ഉപയോഗിച്ച് സര്‍ക്കാരിന്റെ ഒത്താശയോടെ പോലീസ് സംരക്ഷണത്തില്‍ ശബരിമലയില്‍ ആചാരലംഘനത്തിനുള്ള ശ്രമം നടത്തിയത്. ഇതിനെ എരുമേലിയില്‍ വിമാനത്താവളം നിര്‍മിക്കാനുള്ള ശ്രമവുമായി ചേര്‍ത്ത് വായിച്ചാല്‍ ചിത്രം വ്യക്തമാവും.

ശബരിമലയില്‍ യാതൊരു സ്ത്രീ വിവേചനവുമില്ല. എന്നുമാത്രമല്ല, സ്ത്രീകളെ അങ്ങേയറ്റം ബഹുമാനിക്കുകകൂടി ചെയ്യുന്നു. മാളികപ്പുറത്തമ്മയെ വണങ്ങിയാണ് ഭക്തര്‍ അയ്യനെ ദര്‍ശിക്കുന്നത്. അയ്യപ്പന്റെ സഹായിയായി ഒപ്പമുണ്ടായിരുന്ന വനവാസിയായ കറുത്തായി അമ്മയെക്കൂടി ഉന്നതസ്ഥാനത്ത് പ്രതിഷ്ഠിക്കുകയുമുണ്ടായി.

നൈഷ്ഠികബ്രഹ്മചാരിയായ അയ്യപ്പന്‍ യുവതീ പ്രവേശനം ഇഷ്ടപ്പെടുന്നില്ല എന്നത് അനാദിയായ സങ്കല്‍പ്പമാണ്. സ്ത്രീകള്‍ സമുദായ-രാഷ്ട്രീയ ഭേദമെന്യേ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ നിലനിര്‍ത്താന്‍ ആവശ്യപ്പെടുമ്പോള്‍ ആര്‍ക്കുവേണ്ടിയാണ് മുഖ്യമന്ത്രിയുടെ കടുംപിടുത്തം. ഓര്‍ക്കുക, ഭാരതീയ സ്ത്രീ-പുരുഷ സങ്കല്‍പ്പം പരസ്പരപൂരകമാണ്. 

കെട്ടും തോറും അടര്‍ന്നുവീണ്ടുകൊണ്ടിരിക്കുന്ന ജനുവരി ഒന്നിലെ വനിതാ മതിലാണ് പിണറായിയുടെ സ്ത്രീസമത്വത്തിന്റെ പ്രതീകം. സ്ത്രീ സമത്വത്തിനുവേണ്ടി വാചാലരാകുന്ന പിണറായിയും എല്‍ഡിഎഫും ഈ തത്ത്വം ആദ്യം സ്വന്തം പാര്‍ട്ടിയില്‍ നടപ്പാക്കട്ടെ. 'കേരം തിങ്ങും കേരള നാട്ടില്‍ കെ.ആര്‍. ഗൗരി നയിച്ചോളൂ' എന്ന മുദ്രാവാക്യം മുഴക്കി തെരഞ്ഞെടുപ്പ് വിജയിച്ചപ്പോള്‍ ഗൗരിയമ്മക്ക് മുഖ്യമന്ത്രിക്കസേര ലഭിച്ചില്ല. മറ്റൊരു പ്രമുഖ വനിതാ നേതാവായിരുന്ന സുശീലാ ഗോപാലന്റെ വിധിയും ഇതുതന്നെയായി. സ്ത്രീ സംരക്ഷണത്തിന് ഉത്തരവാദിത്വമുള്ള വനിതാ കമ്മീഷന്‍ അധ്യക്ഷ ജോസഫൈന്റെ ജോലി സ്ത്രീയെ അപമാനിക്കലാണെന്ന് പി.കെ. ശശി വിവാദത്തില്‍നിന്ന് മലയാളികള്‍ മനസ്സിലാക്കി.

സ്ത്രീസുരക്ഷയ്ക്കുള്ള ബജറ്റ് വിഹിതത്തില്‍നിന്ന് 50 കോടിയെടുത്ത് വനിതാ മതില്‍ കെട്ടുമെന്ന് സത്യവാങ്മൂലം നല്‍കിയ ഇടതുസര്‍ക്കാരിന് കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് മതിലിന്റെ പണം വനിതാ പ്രവര്‍ത്തകര്‍ കണ്ടെത്തുമെന്ന് മാറ്റിപ്പറയേണ്ടിവന്നു. മതില്‍ കെട്ടാന്‍ ബക്കറ്റുമായി ഇറങ്ങുന്ന വനിതാ സഖാക്കളോട് ഒരു ചോദ്യം; പ്രളയത്തില്‍ സര്‍വവും നഷ്ടപ്പെട്ട് യാതൊരു സര്‍ക്കാര്‍ സഹായവും ലഭിക്കാതെ ഇന്നും ക്യാമ്പുകൡലും ബന്ധുവീടുകൡലും സര്‍ക്കാര്‍ ആശുപത്രിയുടെ ടെറസ്സുകൡലും അഭയാര്‍ത്ഥികളായി കഴിയുന്ന അമ്മമാരെയും പെണ്‍മക്കളെയും നിങ്ങള്‍ കാണുന്നില്ലേ? 

വിഭജനത്തിനുള്ളതാണ് മതില്‍. കേരളം പുറംതള്ളിയ ജാതിചിന്തയെ തിരിച്ചുകൊണ്ടുവരാനാണ് സിപിഎമ്മിന്റെ ശ്രമം. കമ്മ്യൂണിസ്റ്റുകാര്‍ കാലാകാലമായി ചെയ്തുവരുന്നതും ജാതി വേര്‍തിരിവ് ഉണ്ടാക്കലാണല്ലോ. ഭരണത്തിന്റെ ധാര്‍ഷ്ട്യത്തില്‍ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും മതിലില്‍ അണിചേര്‍ക്കാനുള്ള സിപിഎമ്മിന്റെ കുത്സിത ശ്രമത്തെ സധൈര്യം നിരാകരിച്ച് ഇന്നാട്ടിലെ പ്രബുദ്ധരായ മുഴുവന്‍ സ്ത്രീകളേയും ആബാലവൃദ്ധം ഭക്തരേയും ഇടതുഭരണത്തില്‍ അന്ധകാരത്തിലേക്ക് കൂപ്പുകുത്തുന്ന കേരളത്തിന് ജേ്യാതി പകരാനുള്ള, അയ്യപ്പജ്യോതി ഒരുക്കാനുള്ള യഞ്ജത്തിലേക്ക് സാദരം ക്ഷണിക്കുന്നു.

സി.വി സജിനി

(ബിജെപി ഇന്‍ഡസ്ട്രീസ് സെല്‍ സ്‌റ്റേറ്റ് കോ- കണ്‍വീനര്‍)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.