ആചാരലംഘനത്തിനെതിരെ ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്; യുവതികളെത്തിയാല്‍ തിച്ചയയ്ക്കണം

Tuesday 25 December 2018 10:49 am IST

പമ്പ: ശബരിമലയില്‍ ആചാരലംഘന ശ്രമത്തിനെതിരെ മുന്നറിയിപ്പുമായി ഇന്റലിജന്‍സ്. ദര്‍ശനത്തിനായി യുവതികളെത്തിയാല്‍ അവരെ തിരികെ എത്തിക്കണം. അല്ലാതെയുള്ള പോലീസ് നീക്കം ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 

സന്നിധാനത്തെ സ്ഥിതി അതീവ ഗുരുതരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭക്തര്‍ക്ക് വിശ്രമിക്കാന്‍ സന്നിധാനത്ത് വേണ്ടത്ര സ്ഥലമില്ല. ദേവസ്വം ബോര്‍ഡ് ഒരുക്കിയ സ്ഥലം പോലീസ് കയ്യേറി. ഇതുകാരണം കുട്ടികള്‍ അടക്കമുള്ള അയ്യപ്പഭക്തര്‍ വലയുകയാണ്. പോലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളും ഭക്തരെ വലയ്ക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സന്നിധാനത്ത് തിരക്ക് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി ഇന്റലിജന്‍സ് എത്തിയത്.

ഭക്തജന തിരക്ക് കൂടിയ സാഹചര്യത്തില്‍ പമ്പയിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗണപതി ക്ഷേത്രത്തിന് സമീപം ബാരിക്കേഡുകള്‍ വച്ച്‌ ഭക്തരെ നിയന്ത്രിക്കുകയാണ്. മണ്ഡല പൂജ അവസാനിക്കാന്‍ രണ്ട് ദിവസം മാത്രമാണ് ഉള്ളതെന്നതും സ്കൂള്‍ അവധിയായതും തിരക്ക് കൂടാന്‍ കാരണമായിട്ടുണ്ട്.  

അടുത്ത രണ്ടു ദിവസങ്ങളില്‍ തിരക്ക് വര്‍ധിക്കാന്‍ ഇടയുള്ളതിനാല്‍ പാര്‍ക്കിങിന് കൂടുതല്‍ സൗകര്യമൊരുക്കാന്‍, നിലയ്ക്കലില്‍ സന്ദര്‍ശനം നടത്തിയ ഹൈക്കോടതി നിരീക്ഷണ സമിതി പോലീസിനോട് നിര്‍ദേശം നല്‍കി. അടുത്ത സീസണ്‍ വരെ ഇതിനായി കാത്തിരിക്കരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനാവശ്യമായ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അടുത്ത് വരാനിരിക്കുന്ന മകര വിളക്ക് സീസണില്‍ തിരക്ക് കൂടുതല്‍ വര്‍ദ്ധിക്കാനാണ് സാധ്യത.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.