മനിതി സംഘത്തിന് മാവോയിസ്റ്റ് ബന്ധം

Wednesday 26 December 2018 3:22 pm IST
മനിതി സംഘത്തിന്റെ സാമ്പത്തിക ശ്രോതസ്സിനെ കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പത്തനംതിട്ട : ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘടനയിലെ അംഗങ്ങളില്‍ ചിലര്‍ക്ക് മാവോയിസ്റ്റ് ബന്ധമുള്ളതായി സൂചന. ഇതുസംബന്ധിച്ച വിശദമായ വിവരങ്ങള്‍ക്കായി എന്‍ഐഎ തമിഴ്‌നാട് ഘടകം കേന്ദ്ര ഇന്റലിജെന്‍സിന്റെ റിപ്പോര്‍ട്ട് തേടി. കൂടാതെ മനിതി സംഘത്തിന്റെ സാമ്പത്തിക സ്രോതസിനെ കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

മനിതി സംഘത്തിലെ ചില യുവതികള്‍ക്ക് നക്‌സല്‍ മാവോയിസറ്റ് ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നതാണ്. ശബരിമലയില്‍ എത്തിയ 11 അംഗ സംഘത്തിലെ ചില യുവതികള്‍ക്കുമേല്‍ വിവിധ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് മനിതി സംഘത്തിന്റെ നേതാവിന് മാവോയിസ്റ്റുകളുമായി അടുത്ത ബന്ധമുണ്ടെന്ന് സൂചന ലഭിച്ചിട്ടുണ്ട്. കുടുതല്‍ വിവരങ്ങള്‍ക്കായാണ് എന്‍ഐഎ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ശബരിമല വിഷയത്തില്‍ എന്‍ഐഎ ഏറ്റെടുക്കുന്ന ആദ്യ കേസാണിത്. 

അതേസമയം ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്ന യുവതികള്‍ക്ക് നിലയ്ക്കലില്‍ നിന്നോ, പമ്പയില്‍ നിന്നോ മാത്രമേ സംരക്ഷണം നല്‍കൂവെന്നാണ് പോലീസ് അറിയിച്ചത്. എന്നാല്‍ മനിതി സംഘത്തിന് തമിഴ്‌നാട്ടില്‍ നിന്നുതന്നെ കേരള പോലീസ് സംരക്ഷണം നല്‍കിയത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചു. ഒരു സിഐ, രണ്ട് എസ്‌ഐ, രണ്ട് സിവില്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവരടങ്ങുന്നവരാണ് മനിതി സംഘത്തെ തമിഴ്‌നാട്ടില്‍ നിന്ന് പമ്പയില്‍ എത്തിച്ചത്.

കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലെ അതിര്‍ത്തിയില്‍ വിവിധ സ്‌റ്റേഷനുകളില്‍ നിന്നാണ് പോലീസ് ഇവരെ മനിതി സംഘത്തിന്റെ അകമ്പടിക്കായി നിയോഗിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.