ഇന്ത്യയില്‍ വന്‍ സ്ഫോടനങ്ങള്‍ക്ക് സജ്ജരായിരുന്ന പത്ത് ഭീകരര്‍ പിടിയില്‍

Wednesday 26 December 2018 5:18 pm IST
"ഭീകരരില്‍ നിന്നും പിടികൂടിയ സ്ഫോടക വസ്തുക്കള്‍"

ന്യൂദല്‍ഹി: ഐഎസ് ബന്ധമുള്ള വന്‍ഭീകര സംഘടനയിലെ അംഗങ്ങള്‍ പിടിയില്‍. ദല്‍ഹി ആര്‍എസ്എസ് കാര്യാലയം, എന്‍ഐഎ ആസ്ഥാനം എന്നിവയടക്കം നിരവധി കേന്ദ്രങ്ങള്‍ തകര്‍ക്കാനും ഉത്തരഭാരതത്തില്‍ ഉടനീളം സ്‌ഫോടനങ്ങള്‍ സംഘടിപ്പിക്കാനും സംഘം പദ്ധതിയിട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് എന്‍ഐഎ ഐജി അലോക് മിട്ടല്‍ വെളിപ്പെടുത്തി.  അറസ്റ്റിലായ പത്തു പേരില്‍ എന്‍ജിനിയറിങ്ങ് വിദ്യാര്‍ഥിയും പെടുന്നു. ഇവരില്‍  നിന്ന് റോക്കറ്റ് ലോഞ്ചറും സ്‌ഫോടക വസ്തുക്കളും നൂറിലേറെ മൊബൈല്‍ ഫോണുകളും 135 സിം കാര്‍ഡുകളും ഏഴര ലക്ഷം രൂപയും ലാപ്പ്‌ടോപ്പുകളും മെമ്മറി കാര്‍ഡുകളും പിടിച്ചെടുത്തിട്ടുണ്ട്. അഞ്ചു മാസം മുന്‍പാണ് സംഘടനയെപ്പറ്റി എന്‍ഐഎക്ക് വിവരം ലഭിച്ചത്.

ഐഎസ് ബന്ധമുള്ള ഭീകരസംഘടനയിലുള്ളവരെ കണ്ടെത്താന്‍ ദല്‍ഹിയിലും ഉത്തര്‍പ്രദേശിലും  നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ നേതൃത്വത്തില്‍ 16 ഇടങ്ങളില്‍ തിരച്ചില്‍ നടന്നു. ഇന്നലെ  നടന്ന തിരച്ചിലില്‍ ഐഎസ് ബന്ധമുള്ള 10 പേരെ അന്വേഷണസംഘം പിടിച്ചു.

'ഹര്‍ക്കത് ഉല്‍ ഹര്‍ബെ ഇ ഇസ്ലാം' എന്ന ഭീകരസംഘടനയ്ക്കായാണ് തിരച്ചില്‍ നടത്തുന്നത്. 

ദല്‍ഹി സ്വദേശിയായ മുഫ്തി സൊഹൈലാണ് ഹര്‍ക്കത് ഉല്‍ ഹര്‍ബെ ഇ ഇസ്ലാം സ്ഥാപകന്‍.  ഉത്തരഭാരതത്തില്‍ വ്യാപകമായി ബോംബ് സ്‌ഫോടനങ്ങള്‍ നടത്താന്‍ ഇൗ സംഘടന പദ്ധതിയിട്ടിരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് എന്‍ഐഎ ഐജി അലോക് മിട്ടല്‍ പറഞ്ഞു. യുപിയിലെ ഒരു മസ്ജിദിലെ മൗലവിയാണ് സൊഹൈല്‍. തെരക്കേറിയ സ്ഥലങ്ങളും പ്രധാന കേന്ദ്രങ്ങളും വിവിഐപികളെയുമാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ 2017ലെ കണക്ക് പ്രകാരം ഐഎസ് ബന്ധമാരോപിച്ച് 103 പേരെയാണ് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയും സ്‌റ്റേറ്റ് സെക്യൂരിറ്റി ഏജന്‍സിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.  14 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. കൂടുതലും യുപിയില്‍ നിന്നാണ് പിടിക്കപ്പെട്ടത് - 17 പേര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.