സനലിന്റെ കുടുംബത്തിന് സുരേഷ്‌ഗോപി വായ്പാത്തുക കൈമാറി

Thursday 27 December 2018 3:14 pm IST

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ പോലീസുകാരന്‍ കാറിനു മുന്നിലേക്ക് തള്ളിയിട്ടുകൊന്ന സനലിന്റെ കുടുംബത്തിന് വായ്പ തിരിച്ചടയ്ക്കാനുള്ള തുക സുരേഷ് ഗോപി എംപി നല്‍കി. സെക്രട്ടറിയേറ്റിനു മുന്നില്‍ ഭാര്യ വിജിയുടെ സമരപ്പന്തലില്‍ വെച്ചാണ് വായ്പ തിരിച്ചടയ്ക്കാനുള്ള മൂന്നു ലക്ഷം രൂപയുടെ ചെക്ക് സുരേഷ് ഗോപി കൈമാറിയത്. 

സനല്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നല്‍കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന വിജിയേയും കുടുംബത്തേയും സുരേഷ് ഗോപി കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് വനിതാ കോര്‍പ്പറേഷനില്‍ നിന്ന് വീട് പണയപ്പെടുത്തി എടുത്ത മൂന്നു ലക്ഷം രൂപ തിരിച്ചടയ്ക്കാന്‍ സഹായിക്കാമെന്ന് സുരേഷ്‌ഗോപി വാഗ്ദാനം ചെയ്തിരുന്നു.

വനിതാ കോര്‍പ്പറേഷനില്‍ നിന്നും എടുത്ത വായ്പ്പയില്‍ ജപ്തി നടപടികള്‍ ഒഴിവാക്കിക്കൊണ്ട് വെള്ളിയാഴ്ച തന്നെ തുക സ്വീകരിക്കുന്നതാണ്. ന്യായമായ ആവശ്യങ്ങള്‍ക്കാണ് വിജി സമരം ചെയ്തത്. എന്നാല്‍ ഉപാധികളോടെ സമരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടത് അപഹാസ്യമാണ്. സനലിന്റെ കുടുംബത്തിന് തന്നാല്‍  കഴിയുന്ന ഒരു ചെറിയ സഹായം മാത്രമാണിതെന്ന് സുരേഷ് ഗോപി അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.