മാനഭംഗം; ഒന്നാം പ്രതിക്ക് 25 വര്‍ഷം കഠിനതടവും പിഴയും

Friday 28 December 2018 3:52 am IST

കാസര്‍കോട്: ബലാത്സംഗക്കേസില്‍ പുതിയ നിയമം വന്നതിന് ശേഷം സംസ്ഥാനത്തെ ആദ്യത്തെ ശിക്ഷാവിധി കാസര്‍കോട്ട്. പതിനാറുകാരിയെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ ഒന്നാം പ്രതിക്ക് 25 വര്‍ഷം കഠിനതടവും 1.25 ലക്ഷം പിഴയും രണ്ടാം പ്രതിക്ക് 20 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഓട്ടോ ഡ്രൈവര്‍ ബദിയടുക്ക ബാറടുക്കയിലെ എ.ഇബ്രാഹിം ഖലീല്‍ (30), സുഹൃത്ത് ബീജന്തടുക്കയിലെ ബി.എ.ഖാലിദ് (30) എന്നിവര്‍ക്കാണ് കാസര്‍കോട് അഡി. സെഷന്‍സ് (ഒന്ന്) ജഡ്ജി പി.എസ്.ശശികുമാര്‍ ശിക്ഷ വിധിച്ചത്.

2013 ജൂലൈ 15ന് രാവിലെ 8.30 മണിയോടെയാണ് സ്‌കൂളില്‍ വിടാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഖലീല്‍ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി ബീജന്തടുക്കയിലെ ആളൊഴിഞ്ഞ വീട്ടില്‍ സുഹൃത്ത് ഖാലിദുമായി ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കിയത്. ഇരുപത്തിമൂന്നു സാക്ഷികളില്‍ 13 സാക്ഷികളെയും രണ്ട് പ്രതിഭാഗം സാക്ഷികളെയുമാണ് വിസ്തരിച്ചത്. രണ്ട് വകുപ്പുകളിലായി തട്ടിക്കൊണ്ടുപോകലിന് അഞ്ച് വര്‍ഷവും പീഡിപ്പിച്ചതിന് 20 വര്‍ഷവുമാണ് ശിക്ഷ.

പ്രതികള്‍ പിഴയടച്ചാല്‍ ആ തുക പെണ്‍കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. ഇതുകൂടാതെ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ശുപാര്‍ശ പ്രകാരം സര്‍ക്കാരില്‍ നിന്ന് സഹായം ലഭ്യമാക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. കാസര്‍കോട് സിഐമാരായിരുന്ന സി.കെ.സുനില്‍ കുമാര്‍, പ്രേംസദന്‍ എന്നിവര്‍ അന്വേഷിച്ച കേസില്‍ സിഐ ഡോ.ബാലകൃഷ്ണനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡി. പബ്ലിക് പ്രോസിക്യൂട്ടര്‍ പി.രാഘവന്‍, സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ എന്നിവര്‍ ഹാജരായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.