ഏറ്റെടുക്കേണ്ടത് ഉത്തരവാദിത്വം

Friday 28 December 2018 4:24 am IST

''ഇതിന്റെ പൂര്‍ണ്ണമായ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു''-വെന്ന് ഈയിടെ ഒരുവാര്‍ത്തയില്‍ കണ്ടു.

ഉത്തരവാദിത്തം-തെറ്റ്

ഉത്തരവാദിത്വം- ശരി

സംസ്‌കൃതശബ്ദങ്ങളോട് 'ത്വം' എന്ന പ്രത്യയമാണ് ചേര്‍ക്കുക.

ഉദ: മാതൃത്വം, പിതൃത്വം, കര്‍തൃത്വം, സ്ത്രീത്വം

മലയാളശബ്ദങ്ങളോട് 'ത്തം' പ്രത്യയം ചേര്‍ക്കുന്നു

ഉദാ: ആണത്തം, അടിമത്തം, തറവാടിത്തം, വിഡ്ഢിത്തം

'അദ്ദേഹം വേദിയിലെത്തിയതോടെ സദസ്സ് പെട്ടെന്ന് നിശബ്ദമായി'

നിശബ്ദം-തെറ്റ്

നിശ്ശബ്ദം-ശരി

ഇരട്ടിപ്പിക്കേണ്ട അക്ഷരങ്ങള്‍ ഇരട്ടിപ്പിക്കാത്തതിനാല്‍ 'നിശബ്ദം' പോലുള്ള തെറ്റുകള്‍ മാധ്യമങ്ങളില്‍ സാധാരണമായിട്ടുണ്ട്.

നിസാരം, നിസംശയം, നിശേഷം, സ്‌നേഹപുരസരം (എല്ലാം തെറ്റ്)

നിസ്സാരം, നിസ്സംശയം, നിശ്ശേഷം, സ്‌നേഹപുരസ്സരം (എല്ലാം ശരി).

'രാഷ്ട്രീയസംഘട്ടനങ്ങളില്‍ ഒട്ടേറെപേര്‍ മരിച്ചു. പരിക്കേറ്റ ജീവശ്ശവങ്ങളായി കഴിയുന്നു.

ജീവശ്ശവങ്ങള്‍-തെറ്റ്

ജീവച്ഛവങ്ങള്‍-ശരി

''കുട്ടികളില്‍ സ്വഭാവരൂപവത്കരണത്തിനുള്ള അസ്ഥിരവാരമൊരുക്കുന്നത് സ്‌കൂളുകളിലാണ്.''

അസ്ഥിവാരം-തെറ്റ്

അസ്തിവാരം-ശരി

അസ്ഥിവാരത്തിന് അടിസ്ഥാനം, അടിത്തറ എന്നൊക്കെ അര്‍ഥം

'മണ്‍പാത്രവ്യവസായം ആധുനീകരിക്കാന്‍ പദ്ധതി'

ആധുനീകരിക്കാല്‍-തെറ്റ്

'ആധുനികമാക്കാന്‍' എന്നര്‍ഥം കിട്ടണമെങ്കില്‍ 'ആധുനികീകരിക്കാന്‍' എന്ന് വേണം

'ആധുനികവത്കരിക്കാന്‍' എന്ന തെറ്റായ പ്രയോഗവും വ്യാപകമായിട്ടുണ്ട്. 

'അധ്യാപകരില്‍ പലരും അപകര്‍ഷതാബോധമുള്ളവര്‍'

അപകര്‍ഷതാബോധം-തെറ്റ്

അപകര്‍ഷബോധം- ശരി

ചാനലുകളില്‍ ചിലര്‍ സംപ്രേക്ഷണം തുടരുന്നു.

സംപ്രേക്ഷണം-തെറ്റ്

സംപ്രേഷണം-ശരി

പ്രക്ഷേപണം-ശരി

വാര്‍ത്തയില്‍നിന്ന്:

' ഹര്‍ത്താലുകളുടെ പരിധിയില്‍നിന്ന് സ്‌കൂളുകളെ ഒഴിവാക്കിയില്ലെങ്കില്‍ വിദ്യാഭ്യാസ നിലവാരം തകര്‍ച്ചയിലാകുമെന്ന് കേരള സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍'

എന്തിനാണ് ഈ വളച്ചുകെട്ടാല്‍? ആദ്യം പരിധി ഒഴിവാക്കാം.

''സ്‌കൂളുകളെ ഹര്‍ത്താലുകളില്‍നിന്ന് ഒഴിവാക്കിയില്ലെങ്കില്‍' എന്നുമതി.

'തകര്‍ച്ചയിലാകും' എന്നതിനുപകരം 'തകരും' എന്നുമതി.

മുഖപ്രസംഗത്തില്‍നിന്ന്:

''ഹര്‍ത്താലില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് സാമ്പത്തികമായി അത് പ്രഖ്യാപിച്ചവര്‍ ഉത്തരവാദികളാണ്''

വാക്കിന്റെ സ്ഥാനം തെറ്റിയതുകൊണ്ടുണ്ടായ അഭംഗിയും അര്‍ത്ഥവ്യത്യാസവും നോക്കുക. 

സാമ്പത്തികമായാണോ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഈ വാക്യത്തില്‍നിന്ന് 'സാമ്പത്തികമായി' ഒഴിവാക്കാം. അപ്പോഴും ഉദ്ദേശിച്ച അര്‍ഥം കിട്ടും. ഭംഗിയും അതിനാണ്.

ഒഴിവാക്കരുതെന്ന് നിര്‍ബന്ധമാണെങ്കില്‍ ഹര്‍ത്താലില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് അത് പ്രഖ്യാപിച്ചവര്‍ സാമ്പത്തികമായി ഉത്തരവാദികളാണ്' എന്നാക്കണം.

പിന്‍കുറിപ്പ്:

യോഗത്തില്‍ കേട്ടത്:

'അടുത്തത് കൃതജ്ഞതാ പ്രകടനമാണ്. എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ കൃതജ്ഞത രേഖപ്പെടുത്താന്‍ സംഘാടക സമിതി സെക്രട്ടറിയെ സാധരം ക്ഷണിച്ചുകൊള്ളുന്നു.'

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.