ചേതോഹരം

Thursday 27 December 2018 11:02 pm IST

മെല്‍ബണ്‍: പിഴവില്ലാത്ത ബാറ്റിങ്ങിലൂടെ ചേതേശ്വര്‍ പൂജാര കുറിച്ച ക്ലാസിക് സെഞ്ചുറിയും നായകന്‍ കോഹ്‌ലിയുടെ കരുത്തുറ്റ ഇന്നിങ്ങ്‌സും ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചു. ഏഴു വിക്കറ്റിന് 443 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി ഇന്ത്യ ഒന്നാം ഇന്നിങ്ങ്‌സ് അവസാനിപ്പിച്ചു. രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ വിക്കറ്റ് നഷ്ടം കൂടാതെ എട്ട് റണ്‍സ് എടുത്തിട്ടുണ്ട്. ഹാരിസും (5), ഫിഞ്ചും (3) പുറത്താകാതെ നില്‍ക്കുന്നു.

ക്രീസില്‍ ക്ഷമയോടെ ഉറച്ചുനിന്ന് പോരാടിയ പൂജാര 319 പന്തില്‍ പത്ത് ഫോറടക്കം 106 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചിട്ടു. ഈ പരമ്പരയില്‍ പൂജാരയുടെ രണ്ടാം സെഞ്ചുറിയാണിത്്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിലെ പതിനേഴ് സെഞ്ചുറികളായി.

പൂജാരയ്ക്ക് മികച്ച പിന്തുണ നല്‍കിയ കോഹ്‌ലി സെഞ്ചുറിക്ക് പതിനെട്ട് റണ്‍സ് അകലെവച്ചാണ് ബാറ്റ് താഴ്ത്തിയത്.204 പന്ത് നേരിട്ട കോഹ്‌ലി 82 റണ്‍സ് നേടി. ഒമ്പത് പന്ത് അതിര്‍ത്തികടത്തി. മൂന്നാം വിക്കറ്റില്‍ പൂജാരയും കോഹ്‌ലിയും 170 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. സ്റ്റാര്‍ക്കിന്റെ പന്തില്‍ കോഹ്‌ലി ഫിഞ്ചിന് പിടികൊടുത്തതോടെയാണ് ഈ കൂട്ടുകെട്ട് തകര്‍ന്നത്്. രണ്ടിന് 215 റണ്‍സെന്ന സ്‌കോറിനാണ് ഇന്ത്യ ഇന്നിങ്ങ്‌സ് പുനരാരംഭിച്ചത്.

കോഹ്‌ലിക്ക് പിന്നാലെ പൂജാരയും കളം വിട്ടു. കുമിന്‍സിന്റെ പന്തില്‍ കുറ്റിതെറിച്ചു. 280 പന്തിലാണ് പൂജാര നൂറു കടന്നത്. ആദ്യ ടെസ്റ്റിലും പൂജാര സെഞ്ചുറി നേടിയിരുന്നു. പൂജാരയ്ക്ക് ഈ പരമ്പരയില്‍ 325 റണ്‍സായി. വിദേശത്തെ ഒരു പരമ്പരയില്‍ ഇതാദ്യമായാണ് പൂജാര ഇത്രയും റണ്‍സ് നേടുന്നത്. 2017 ല്‍ ശ്രീലങ്കക്കെതിരായ പരമ്പരയില്‍ 309 റണ്‍സ് നേടിയിരുന്നു.

പൂജാര പുറത്തായതിനുശേഷം  ഉപനായകന്‍ രഹാനെയും രോഹിത് ശര്‍മയും പൊരുതിനിന്ന് സ്‌കോര്‍ ഉയര്‍ത്തി. അഞ്ചാം വിക്കറ്റില്‍ ഇവര്‍ 62 റണ്‍സ് അടിച്ചെടുത്തു. സ്പിന്നര്‍ ലിയോണിന്റെ പന്തില്‍ രഹാനെ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയതോടെയാണ് ഈ കൂട്ടുകെട്ട് തകര്‍ന്നത്. എഴുപത്തിയാറ് പന്ത് നേരിട്ട രഹാനെ രണ്ട് ബൗണ്ടറിയുടെ പിന്‍ബലത്തില്‍ 34 റണ്‍സ് നേടി.

പിന്നീട് ഇറങ്ങിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. 76 പന്തില്‍ 39 റണ്‍സ് നേടി. ഒടുവില്‍ സറ്റാര്‍ക്കിന്റെ പന്തില്‍ ഖ്വാക്ക് ക്യാച്ച് നല്‍കി. തുടര്‍ന്നെത്തിയ ജഡേജ നാലു റണ്‍സിന് പുറത്തായതോടെ കോഹ് ലി ഇന്നിങ്ങ്‌സ് ഡിക്ലയര്‍ ചെയ്തു. രോഹിത് ശര്‍മ 63 റണ്‍സുമായി അജയ്യനായി നിന്നു. 114 പന്ത് നേരിട്ട ശര്‍മ അഞ്ച് ബൗണ്ടറിയിടിച്ചു. 

ഓസീസ് പേസര്‍ കുമിന്‍സ് 72 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. സ്റ്റാര്‍ക്ക് 87 റണ്‍സിന് രണ്ട് വിക്കറ്റ് എടുത്തു. ഹെയ്‌സല്‍വുഡും ലിയോണും ഓരോ വിക്കറ്റ വീഴ്്ത്തി.

സ്‌കോര്‍ബോര്‍ഡ് : ഇന്ത്യ ഒന്നാം ഇന്നിങ്ങ്‌സ്: ഹനുമ വിഹാരി സി ഫിഞ്ച് ബി കുമിന്‍സ് 8, എം.എ. അഗര്‍വാള്‍ സി പെയ്ന്‍ ബി കുമിന്‍സ് 76, സി.എ.പൂജാര ബി കുമിന്‍സ് 106, വി. കോഹ് ലി സി ഫിഞ്ച്. ബി സ്റ്റാര്‍ക്ക് 82, എ.എം.രഹാനെ എല്‍ബിഡബ്‌ളിയു ബി ലിയോണ്‍ 34, ആര്‍.ജി ശര്‍മ നോട്ടൗട്ട് 63, ആര്‍.ആര്‍. പന്ത് സി ഖ്വാജ ബി സ്റ്റാര്‍ക്ക് 39, ആര്‍.എ. ജഡേജ സി പെയ്ന്‍ ബി ഹെയ്‌സല്‍വുഡ് 4, എക്‌സ്ട്രാസ് 31, ആകെ ഏഴു വിക്കറ്റിന് 443 ഡിക്ലയേര്‍ഡ്.

വിക്കറ്റ് വീഴ്ച: 1-40, 2-123, 3-293, 4-299, 5-361, 6-437, 7-443.

ബൗളിങ്ങ്: എം.എ.സ്റ്റാര്‍ക്ക് 28-7-87-2, ഹെയ്‌സല്‍വുഡ് 31.4- 10-86-1, എന്‍.എം.ലിയോണ്‍ 48-7-110-1, പി.ജെ.കുമിന്‍സ് 34-10-72-3, എം.ആര്‍.മാര്‍ഷ് 26-4-51-0, എ.ജെ.ഫിഞ്ച് 2-0-8-0.

ഓസ്‌ട്രേലിയ: ഒന്നാം ഇന്നിങ്ങ്‌സ്: എം.എസ്.ഹാരിസ് 2-1-2-0, ബുംറ 3-1-6-0, ആര്‍.എ. ജഡേജ 1-1-0-0.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.