വനിതാ മതില്‍ നിര്‍മിക്കുന്നവര്‍ ഇവരുടെ കണ്ണീരും കാണണം

Friday 28 December 2018 10:18 am IST
കോട്ടയം പനച്ചിക്കാട് പഞ്ചായത്തില്‍ പാത്താമുട്ടു കൂമ്പാടി സെന്റ് പോഴ്‌സള്‍ ആഗ്ലിക്കന്‍ ചര്‍ച്ചിലെ വിശ്വാസികളായ ലിന്‍സി ജോണ്‍സണ്‍ (32), ചേലച്ചിറ തങ്കച്ചന്റെ മകള്‍ എമിയ സി. തങ്കച്ചന്‍ (18) എന്നിവര്‍ക്ക് നേരെയായിരുന്നു അതിക്രൂരമായ ആക്രമണം.

കോട്ടയം: സ്ത്രീസുരക്ഷയ്ക്കും, നവോത്ഥാനത്തിനും വനിതാ മതില്‍  നിര്‍മിക്കാന്‍ ഒരുങ്ങുന്നവര്‍ ഇവരുടെ കണ്ണീരും കാണണം. ക്രിസ്തുമസിന് ഒരു ദിവസം മുമ്പ് മദ്യലഹരിയില്‍ അഴിഞ്ഞാടിയ ഡിവൈഎഫ്‌ഐക്കാരുടെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായ യുവതികളെ ഇപ്പോഴും ആ രംഗങ്ങള്‍ പേടിപ്പെടുത്തുകയാണ്. 

കോട്ടയം പനച്ചിക്കാട് പഞ്ചായത്തില്‍ പാത്താമുട്ടു കൂമ്പാടി സെന്റ് പോഴ്‌സള്‍ ആഗ്ലിക്കന്‍ ചര്‍ച്ചിലെ വിശ്വാസികളായ ലിന്‍സി ജോണ്‍സണ്‍ (32), ചേലച്ചിറ തങ്കച്ചന്റെ മകള്‍ എമിയ സി. തങ്കച്ചന്‍ (18) എന്നിവര്‍ക്ക് നേരെയായിരുന്നു അതിക്രൂരമായ ആക്രമണം. എമിയയുടെ മുഖം അടിച്ച് പൊട്ടിച്ചു. മുഖത്ത് മാത്രം ആറ് തുന്നലിട്ടു. ചര്‍ച്ച് സെക്രട്ടറി ജോണ്‍സണിന്റെ വീട്ടില്‍ കയറി ഭാര്യ ലിന്‍സിയെ മര്‍ദിച്ചു. മൂന്നു വയസുള്ള കുഞ്ഞിനെയും എടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച ലിന്‍സിയെ പുറത്തേക്ക് വിടാതെ സംഘം തടഞ്ഞുവെച്ചു. ഭയന്ന് കരഞ്ഞ കുഞ്ഞിനെയും സംഘം ഭീഷണിപ്പെടുത്തി. 

ക്രിസ്തുമസ് ആരാധനയുടെ ഭാഗമായി കരോളുമായി ഇറങ്ങിയ യുവതികളും കുട്ടികളും അടങ്ങുന്ന സംഘത്തിന് നേരെയായിരുന്നു ഡിവൈഎഫ്‌ഐ സംഘം താണ്ഡവമാടിയത്. സംഘത്തില്‍പ്പെട്ട ചിലര്‍ നഗ്നതാ പ്രദര്‍ശനം ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. പ്രാണഭയത്താല്‍ കരോള്‍ സംഘം പള്ളിക്കുള്ളില്‍ ഓടിക്കയറി. കല്ലും വടിയുമായി പിന്നാലെയെത്തിയ ഡിവൈഎഫ്‌ഐ സംഘം പള്ളിയില്‍ അഭയം തേടിയ കുട്ടികളെയും യുവതികളെയും ക്രൂരമായി മര്‍ദിച്ചു. പള്ളി അടിച്ചുതകര്‍ത്തു. 

എന്നാല്‍ അക്രമികള്‍ക്കെതിരെ പോലീസ് ദുര്‍ബലമായ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. ഇതിനെ തുടര്‍ന്ന് ജാമ്യത്തില്‍ പുറത്തിറങ്ങിയ സംഘം പള്ളിക്കമ്മിറ്റിക്കെതിരെ ഭീഷണി മുഴക്കി. 

ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി ജിജോമോന്‍, യൂണിറ്റ് സെക്രട്ടറി ശ്രീകുമാര്‍, അലന്‍ ജോസഫ്, ലിജോമോന്‍ സണ്ണി, അമല്‍, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. നാമം ജപിക്കുന്നവര്‍ക്കെതിരെയും പ്രസംഗത്തിലെ ചില പരാമര്‍ശങ്ങളുടെ പേരിലും ജാമ്യമില്ലാത്ത കുറ്റം ചാര്‍ത്തി കേസെടുക്കുന്ന പോലീസാണ് യുവതികളെ ക്രൂരമായി മര്‍ദ്ദിച്ചവര്‍ക്കെതിരെ നിസാര വകുപ്പുകള്‍ ചുമത്തിയത്. 

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.