തിരുവനന്തപുരം: പ്രമുഖ റേഡിയോ കലാകാരിയും സിനിമാതാരവുമായ കെ.ജി ദേവകിയമ്മ (97) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ കഴിഞ്ഞ ആറു മാസത്തിലധികമായി ചികിത്സയിലായിരുന്നു. കലാനിലയം നാടകവേദി സ്ഥാപകനും തനിനിറം പത്രത്തിന്റെ സ്ഥാപക പത്രാധിപരും ആയിരുന്ന പരേതനായ കലാനിലയം കൃഷ്ണന്‍നായരുടെ ഭാര്യയാണ്.
ഒരു കാലഘട്ടത്തെ ശബ്ദം കൊണ്ട് വിസ്മയിപ്പിച്ച നടിയായിരുന്നു കെ.ജി ദേവകിയമ്മ. അമ്മയായും അമ്മൂമ്മയായും റേഡിയോ നാടകങ്ങളിലും സിനിമകളിലും നാടകങ്ങളിലും സീരിയലിലും നിറഞ്ഞു നിന്ന ദേവകിയമ്മ തിരുവിതാംകൂര്‍ റേഡിയോ നിലയത്തിലെ സ്ഥാപക ആര്‍ട്ടിസ്റ്റുകളിലൊരാളായിരുന്നു.
കൊയ്ത്തുപാട്ട്, വഞ്ചിപ്പാട്ട്, തിരുവാതിരപ്പാട്ട്, കവിതകള്‍, ലളിതഗാനങ്ങള്‍, ശാസ്ത്രീയ സംഗീതം, നാടന്‍ പാട്ടുകള്‍ തുടങ്ങി നിരവധി പരിപാടികള്‍ റേഡിയോയില്‍ ദേവകിയമ്മ അവതരിപ്പിച്ചിരുന്നു.’ഒരിടത്തൊരു ഫയല്വാന്’, ‘കിലുക്കം’, ‘കൊട്ടാരം വീട്ടിലെ അപ്പൂട്ടന്’, ‘വക്കാലത്ത് നാരായണന് കുട്ടി’, ‘ശയനം’, ‘സൂത്രധാരന്‍’ തുടങ്ങി നിരവധി സിനിമകളിലും ‘താലി’, ‘ജ്വാലയായ്’ തുടങ്ങി നിരവധിയേറെ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
ഡി.കെ കലാവതി, ഡി.കെ ഗീത, ഡി.കെ. മായ, കെ. ജീവന്‍കുമാര്‍, ഡി.കെ ദുര്‍ഗ എന്നിവര്‍ മക്കളാണ്. ശനിയാഴ്ച രാവിലെ 10 ന് പൂജപ്പുരയിലുള്ള വസതിയിലും പിന്നീട് കലാനിലയത്തിലും പൊതുദര്‍ശനത്തിന് വെയ്ക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് തിരുവനന്തപുരം ശാന്തികവാടത്തിലാണ് സംസ്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: