മുംബൈ : രാജ്യത്തെ ട്രെയിനുകളിലെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിന് മനുഷ്യരുടെ ആവശ്യമില്ല അതിനേക്കാള്‍ മിടുക്കനായ ഉസ്താദുണ്ട്. എന്നുവെച്ചാല്‍ നല്ല ഒന്നാന്തരം മെക്കാനിക്ക് റോബോട്ട്.
മധ്യ നാഗ്പൂര്‍ ഡിവിഷനിലെ റെയില്‍വേ എഞ്ചിനീയര്‍മാരാണ് ഈ ഉസ്താദ് റോബോട്ടിന് രൂപം നല്‍കിയത്. അണ്ടര്‍ ഗിയര്‍ സര്‍വൈലന്‍സ് ത്രൂ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് അസിസ്റ്റന്റ് ഡ്രോയിഡ് എന്നതിന്റെ ചുരുക്കപ്പേരാണ് ഉസ്താദ്. മനുഷ്യന് പരിശോധിക്കാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ പ്രവേശിച്ച് സ്വയം എല്‍ഇഡി ലൈറ്റ് തെളിയിച്ച് ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് സാധ്യത ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ഈ റോബോട്ട് ട്രെയിനിന്റെ അടിഭാഗത്തെ ഗിയറുകളുടേയും മറ്റ് ഉപകരണങ്ങളുടേയും ഫോട്ടോയും വീഡിയോകളുമെടുത്ത് വൈഫൈ വഴി എഞ്ചിനീയര്‍മാര്‍ക്ക് ഇത് അയച്ചുകൊടുക്കും. അത് കണ്ട്രോള് റൂമിലെ വലിയ സ്ക്രീനില്‍ കണ്ട് എഞ്ചിനീയര്‍മാര്‍ക്ക് സാങ്കേതിക തകരാറുകള്‍ വിലയിരുത്താം. കൂടാതെ ഇവ നന്നാക്കുന്നതിനായി എഞ്ചിനീയര്‍മാര്‍ ഉസ്താദിന് നിര്‍ദ്ദേശം നല്കിയാല് മതി. നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് അറ്റകുറ്റപ്പണി നടത്താന്‍ ഉസ്താദിന് സാധിക്കും.
ഹൈഡഫനിഷനിലുള്ള വീഡിയോ ക്യാമറകളാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. കണ്ട്രോള് റൂമില്‍ ഇരുന്നുകൊണ്ടുതന്നെ ഈ റോബോട്ടിനെ ആവശ്യത്തിന് നിയന്ത്രിക്കാനും സാധിക്കും. ട്രെയിനുകളിലെ സാങ്കേതികതയില്‍ എന്തെങ്കിലും സംശയം തോന്നുകയാണെങ്കില്‍ സൂം ചെയ്ത് ഇവ നിരീക്ഷിക്കാനും സാധിക്കുന്നതാണെന്ന് റെയില്‍വേ വക്താവ് സുനില്‍ ഉദാസി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: