മാര്‍ക്‌സിസ്റ്റ് ഗ്രൂപ്പ് വിദ്യാര്‍ത്ഥി നേതാവിനെ ചൈനീസ് യൂണിവേഴ്‌സിറ്റി പുറത്താക്കി

Friday 28 December 2018 4:03 pm IST

ബീജിങ് : ചൈനീസ് നേതാവ് മാവോ സേതുങ്ങിന്റെ 125ാമത് ജന്മദിന പരിപാടിയില്‍ പങ്കെടുത്തതിന് മാര്‍ക്‌സിസ്റ്റ് ഗ്രൂപ്പില്‍പെട്ട വിദ്യാര്‍ത്ഥി നേതാവിനെ യൂണിവേഴ്‌സിറ്റി പുറത്താക്കി. ജന്മദിന പരിപാടിയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് പോലീസ് ക്യൂ സാന്‍ഷ്വാന്‍ എന്ന വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ചൈനയിലെ ഉന്നത യൂണിവേഴ്‌സിറ്റി ഈ വിദ്യാര്‍ത്ഥിയെ പുറത്താക്കിയത്. 

അതേമയം മാവോ സേതുങ്ങിന്റെ ജന്മദിനം ആഘോഷിക്കുന്നത് എവിടെവെച്ചെന്ന് പോലീസ് ചോദിച്ചെങ്കിലും വിദ്യാര്‍ത്ഥി ഇതുസംബന്ധിച്ച് മറുപടി നല്‍കിയില്ല. 24 മണിക്കൂര്‍ ചോദ്യം ചെയ്തതിനുശേഷം താക്കീത് നല്‍കിയാണ് പോലീസ് ഈ വിദ്യാര്‍ത്ഥിയെ വിട്ടയച്ചത്. 

പോലീസ് ക്യൂവിനെതിരെ കേസെടുത്തിട്ടുണ്ടെന്നും അതിനാല്‍ വിദ്യാര്‍ത്ഥി നേതാവായി തുടരാന്‍ സാധിക്കില്ലെന്നുകാണിച്ച് വ്യാഴാഴ്ച യൂണിവേഴ്‌സിറ്റിധികൃതര്‍ നോട്ടീസ് ഇറക്കിയത്. ക്യൂവിന്റേ നേതൃത്വത്തിലുള്ള മാര്‍ക്‌സിസ്റ്റ് ഗ്രൂപ്പ് പുതിയ വിദ്യാര്‍ത്ഥികളെ സംഘടനാ വിഷയങ്ങളില്‍ ശല്യം ചെയ്തിരുന്നതായും റിപ്പോര്‍ട്ടുണ്ട്. കൂടാതെ അധ്യാപകര്‍ക്കും മറ്റും നല്‍കിയ വാഗ്ദാനങ്ങളില്‍ നിന്നും വ്യതിചലിച്ചതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ നടപടി സ്വീകരിക്കേണ്ടിവന്നതെന്നാണ് അധികൃതര്‍ വിശദീകരണം നല്‍കുന്നത്. 

എന്നാല്‍ യൂണിവേഴ്‌സിറ്റി നല്‍കുന്ന ഈ വിശദീകരണം കെട്ടിച്ചമച്ചതാണെന്ന് ക്യൂ അറിയിച്ചു. പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ആവേശം കൂടുമ്പോഴുള്ള പ്രകടനങ്ങള്‍ പരിധി ലംഘിക്കരുതെന്ന മുന്നറിയിപ്പ് മാത്രമാണ് പോലീസ് നല്‍കിയതെന്നും ക്യൂ പറഞ്ഞു. 

1976ലാണ് ആധുനിക ചൈനയുടെ സ്ഥാപകന്‍ എന്നറിയപ്പെടുന്ന മാവോ മരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഔദ്യോഗികമായി കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് രാജ്യഭരണം കൈമാറുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജ്യത്തെ കമ്യൂണിസ്റ്റ് ഭരണത്തെ ജനങ്ങള്‍ ചോദ്യം ചെയ്തു വരികയാണ്. സാധാരണക്കാരും സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുന്നവരും തമ്മിലുള്ള അന്തരം വര്‍ധിച്ചതോടെയാണ് കമ്യൂണിസ്റ്റ് ഭരണത്തെ ജനങ്ങള്‍ ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്. രാജ്യം സാമ്പത്തിക വളര്‍ച്ച നേടിയതിനെ തുടര്‍ന്നാണ് ഈ അന്തരം ഉണ്ടാകാന്‍ തുടങ്ങിയതെന്നും റിപ്പോര്‍ട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.