മതില്‍ നിര്‍മ്മിക്കാന്‍ വൈകിയോ?

Saturday 29 December 2018 1:34 am IST
ഏതാനും ദിവസംമുന്‍പാണ് മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിലെ പറശ്ശിനിക്കടവില്‍ ഒരു കുട്ടിസഖാവ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പരാതി ഉയര്‍ന്നത്. അരുത് കാട്ടാളരേ എന്നു പറയാന്‍ എന്തേ ചങ്കൂറ്റമില്ലാത്തത്? ഇവരൊക്കെ വനിതാ മതിലിന്റെ കല്ലുകളാണെന്ന് പറയാന്‍ ഒരു സഖാവിനും തോന്നിയിട്ടില്ല.

കേരള സര്‍ക്കാരിന്റെ എല്ലാ പ്രയത്‌നങ്ങളും മതില്‍ നിര്‍മ്മിക്കുന്നതിലാണ്. ഒരുമാസമായി വമ്പിച്ച പ്രചാരണവും മുന്നൊരുക്കങ്ങളും തുടരുന്നു. മതിലിന് വനിതകളെയാണ് കല്ലുകളാക്കുന്നത്. തല്ലാന്‍ വേണമെങ്കില്‍ മഹാന്മാരെ അണിനിരത്താം. പഞ്ചായത്തിനെയും പള്ളിക്കൂടങ്ങളെയും കുടുംബശ്രീയെയും കുട്ടികളെയും ആശ്രിതരെയും അശരണരെയും എല്ലാം മതിലിനായി അണിനിരത്തുകയാണ്. സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ഒരുരൂപപോലും മതിലിനായി ഉപയോഗിക്കുന്നില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചതെങ്കിലും ഇടയ്ക്ക് ഉള്ളുകള്ളി പുറത്തായി. വനിതാശാക്തീകരണത്തിനായി അമ്പത് കോടി നീക്കിവച്ചിട്ടുണ്ട്. മാര്‍ച്ച് 31ന് മുന്‍പ് ചെലവാക്കിയില്ലെങ്കില്‍ പാഴായിപ്പോകും. 

മുഖ്യമന്ത്രി പ്രഖ്യാപിച്ചതുപോലെ ഒന്നും പാഴാക്കരുത്. സര്‍ക്കാര്‍ കരുതുന്നതുപോലെ ഒരു സ്ത്രീയും പാഴല്ല. ആരെയും വിടണ്ട. വിധവാപെന്‍ഷനും അഗതി പെന്‍ഷനുമെല്ലാം വാങ്ങുന്നവരെപ്പോലും പിഴിയാം. എന്തിനാണ് സര്‍ വനിതകളെ മാത്രം വച്ച് മതില്‍ പണിയുന്നത്. വനിതകള്‍ക്ക് ഇവിടെ സുരക്ഷിതാവസ്ഥ ഇല്ലാത്തതുകൊണ്ടാണോ അതില്ലാതാക്കുന്നതും വനിതകളുടെ രോദനം കേള്‍ക്കാതിരിക്കുന്നതും ആരാണ്. പാര്‍ട്ടി ഓഫീസുകള്‍ പോലും സ്ത്രീപീഡന കേന്ദ്രങ്ങളാക്കുന്നതല്ലെ മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാര്‍. എറണാകുളത്ത് ഓഫീസില്‍ പീഡിപ്പിച്ച സഖാവ് ഇന്ന് പാര്‍ട്ടിയില്‍ സജീവമാണ്. പാലക്കാട്ടെ ശശി വെറുമൊരു സഖാവല്ല എംഎല്‍എ കൂടിയാണ്. വനിതാ സഖാവിന്റെ പരാതിയില്‍ ശശിക്കെന്ത് പോറലാണുണ്ടായത്? ശശി ഇന്നും സജീവമാണ്. വനിതാ സഖാവിനെന്തു സംഭവിച്ചു. നീതി ലഭിച്ചോ?

ഏതാനും ദിവസംമുന്‍പാണ് മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിലെ പറശ്ശിനിക്കടവില്‍ ഒരു കുട്ടിസഖാവ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പരാതി ഉയര്‍ന്നത്. അരുത് കാട്ടാളരേ എന്നു പറയാന്‍ എന്തേ ചങ്കൂറ്റമില്ലാത്തത്? ഇവരൊക്കെ വനിതാ മതിലിന്റെ കല്ലുകളാണെന്ന് പറയാന്‍ ഒരു സഖാവിനും തോന്നിയിട്ടില്ല. 

വനിതകള്‍ക്കുവേണ്ടി ഒരു മതിലെന്ന ചിന്ത എന്തുകൊണ്ടാണിപ്പോള്‍ വന്നത്? ശബരിമലയിലെ സ്ത്രീപ്രവേശനമല്ല കാരണമെന്ന് പറയാമോ? നവോത്ഥാന മൂല്യങ്ങള്‍ നിലനിര്‍ത്താനെന്നാണ് ഭാഷ്യം. കേരളത്തിലുണ്ടായ നവോത്ഥാനത്തില്‍ ഒരു പങ്കുമില്ലാത്ത കക്ഷിയാണ് കേരളം ഭരിക്കുന്നത്. നവോത്ഥാനത്തിന് ചുക്കാനേന്തിയ ശ്രീനാരായണഗുരു ദേവനെയും ചട്ടമ്പിസ്വാമികളെയും അയ്യങ്കാളിയെയും മന്നത്ത് പത്മനാഭനെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെങ്കിലും അംഗീകരിച്ചിട്ടുണ്ടോ? ശ്രീനാരായണന്റെ ചിന്തകള്‍ക്ക് പിന്തിരിപ്പന്‍ സ്വഭാവമെന്ന് അണികളെ പഠിപ്പിച്ച പാര്‍ട്ടിയാണ് സിപിഎം. 1988 ഫെബ്രുവരി 15ന് പാര്‍ട്ടി പത്രത്തിന്റെ ഒന്നാംപേജില്‍ അന്നത്തെ സിപിഎം ജനറല്‍ സെക്രട്ടറി ഇഎംഎസ് നമ്പൂതിരിപ്പാട് എഴുതിയ ലേഖനത്തില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ശ്രീനാരായണ ഗുരുദേവന്റെ പ്രതിമയുണ്ടാക്കി കുരിശിലേറ്റി നടത്തിച്ചത് സമീപകാലത്താണല്ലൊ. ശ്രീനാരായണ ഗുരുദേവന്‍ സ്ഥാപിച്ച എസ്എന്‍ഡിപി യോഗം മലബാറില്‍ കയറാതിരിക്കാന്‍ മതിലും മസിലും കാട്ടിയ പാര്‍ട്ടിയും മറ്റൊന്നല്ല. മന്നത്ത് പത്മനാഭന്‍ പ്രഖ്യാപിത വര്‍ഗീയവാദി എന്നാക്ഷേപിച്ചതും സിപിഎം അല്ലെ? ഇഎംഎസ് എഴുതിയ കേരളചരിത്രമെന്ന പുസ്തകത്തില്‍ മഹാത്മാ അയ്യങ്കാളി എന്നൊരു പേരുപോലും ഉള്‍പ്പെടുത്തിയിട്ടില്ല. ശ്രീനാരായണ ഗുരുദേവന്‍ തീര്‍ത്ഥാടനത്തിന് നിശ്ചയിച്ച ജനുവരി ഒന്നിനുതന്നെ മതില്‍ നിര്‍മ്മാണം നടത്തുന്നത് ശിവഗിരി തീര്‍ത്ഥാടനത്തെ തകര്‍ക്കാന്‍ വേണ്ടിമാത്രമല്ലെ?

നവോത്ഥാന പ്രവര്‍ത്തനം അയിത്തത്തിനും അനാചാരത്തിനും എതിരെയായിരുന്നില്ലെ? മഹാത്മാക്കളാരും ആചാരങ്ങള്‍ കുഴിച്ചുമൂടാന്‍ ആഹ്വാനം ചെയ്തിട്ടില്ല. ക്ഷേത്രങ്ങള്‍ തകര്‍ക്കാനും ഒരു ക്ഷേത്രം തകര്‍ന്നാല്‍ അത്രയും ആചാരമില്ലാതാകും എന്ന് പ്രചരിപ്പിച്ചത് കമ്മ്യൂണിസ്റ്റുകാരാണ്. ഏറെക്കാലം ഭരണം നയിച്ചിട്ടും ആചാരങ്ങള്‍ തൂത്തെറിയാന്‍ അവര്‍ക്കായിട്ടില്ല. സുപ്രീംകോടതി സ്ത്രീപുരുഷ സമത്വമില്ലെന്ന ഇല്ലാക്കഥ ബോധിപ്പിച്ച് തെറ്റായ വിധിയുണ്ടായപ്പോള്‍ ഇതാണ് പറ്റിയ സമയമെന്ന് ധരിച്ചു.

ശബരിമലയില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ മുഴുവന്‍ ദുരുപയോഗിച്ചിട്ടും യുവതികളാരും എത്താത്തപ്പോഴാണ് അവിശ്വാസികളെ സന്നിധാനത്തേക്ക് ആനയിക്കാന്‍ ഒരുങ്ങിയത്. എല്ലാ ശ്രമങ്ങളും ഭക്തജനങ്ങള്‍ നാമജപംകൊണ്ട് നേരിട്ട് പരാജയപ്പെടുത്തി നാമജപം നടത്തിയവര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുക! എവിടെയെങ്കിലും കേള്‍ക്കുന്നതാണോ ഇത്. 1749 കേസുകളാണ് അല്ലെങ്കില്‍ കള്ളക്കേസുകളാണെടുത്തത്. 

കേരളത്തില്‍ യഥാര്‍ത്ഥ നവോത്ഥാനമുണ്ടായത് ശബരിമലയിലാണ്. അവിടെ ജാതിയില്ല മതമില്ല, ധനികനില്ല, ദരിദ്രനില്ല, എല്ലാം അയ്യപ്പനാണ്. ഇസ്ലാം മതക്കാരനും അയ്യപ്പന്റെ ഉത്തമ സുഹൃത്തായ വാവരുടെ സാന്നിധ്യം ശബരിമലയിലുണ്ട്. സ്ത്രീകള്‍ക്കായി മാളികപ്പുറം ക്ഷേത്രവുമുണ്ട്. കറുത്തവനെന്നോ വെളുത്തവനെന്നോ വേര്‍തിരിവ് അയ്യപ്പ സങ്കല്‍പ്പത്തിനില്ല. അങ്ങനെയുള്ള ശബരിമല തീര്‍ത്ഥാടനം അലങ്കോലപ്പെടുത്താന്‍ ഇടതുസര്‍ക്കാര്‍ പരിശ്രമിച്ചതിനെ കേരളത്തിലെ വനിതകള്‍ പാര്‍ട്ടി ഭേദമില്ലാതെ ചോദ്യം ചെയ്യുന്നതുകണ്ടു. പാര്‍ട്ടി ഗ്രാമങ്ങളില്‍പ്പോലും നാമജപങ്ങള്‍ ഉയര്‍ന്നു. അപ്പോഴാണ് മതില്‍ ഉയര്‍ത്തണമെന്ന് തോന്നിയത്. ഇത് സിപിഎം കോട്ടകള്‍ തകരുമെന്ന സ്ഥിതിവന്നപ്പോഴുണ്ടായ മതിലുകെട്ടലാണ്. ഇതിനെ നവോത്ഥാനമായി കൂട്ടിക്കെട്ടുന്നത് ദുഷ്ടലാക്കാണ്. പ്രളയം വരുന്നൂ, ജീവനില്‍ കൊതിയുള്ളവര്‍ തനിക്ക് ചുറ്റും അണിനിരക്കൂ എന്ന് പറയുന്നതുപോലെയാണ് സിപിഎം മതില്‍. ഏത് ചേരുവ ചേര്‍ത്ത് നിര്‍മ്മിച്ചാലും നിലനില്‍ക്കാന്‍ പോകുന്നില്ല. മതിലിന് അത്രമാത്രം ശക്തിയുണ്ടെങ്കില്‍ പ്രളയത്തിന് മുന്‍പ് കുറെ ജീവനും സ്വത്തും കാലേക്കൂട്ടി മതില്‍ നിര്‍മിച്ചെങ്കില്‍ സംരക്ഷിക്കാമായിരുന്നില്ലെ? ഇത് മതിലല്ല മനക്കോട്ടയാണ്. ഈ കോട്ടയ്ക്ക് പാര്‍ട്ടിയെ സംരക്ഷിക്കാനാവില്ല.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.