നവോത്ഥാനത്തിന്റെ തീര്‍ത്ഥാടനം

Saturday 29 December 2018 1:36 am IST
ശിവഗിരി തീര്‍ത്ഥാടനം നാളെ മുതല്‍

മാറുന്ന കാലത്തിനും മുന്നേറുന്ന ശാസ്ത്രത്തിനും ഒപ്പം ശാശ്വതമായ സനാതനധര്‍മ്മങ്ങളുടെ ബലത്തി ല്‍ മനുഷ്യന്റെ ചിന്തകളും ആശയങ്ങളും കര്‍മ്മങ്ങളും ആചാരാനുഷ്ഠാനങ്ങളും നവീകരിക്കുന്നതിനാണ് ഗുരുദേവന്‍ 1928ല്‍ ശിവഗിരി തീര്‍ത്ഥാടനം സങ്കല്പം ചെയ്യ്തുതന്നത്. ആ മഹിതസങ്കല്പത്തിന്റെ നവതിയും, ശ്രീനാരായണധര്‍മ്മസംഘം സംസ്ഥാപനം ചെയ്യ്തതിന്റെ നവതിയും, ഗുരുദേവ മഹാസമാധിയുടെ നവതിയും, ശിവഗിരിയെ കൈലാസഭൂവാക്കി വിലാസം ചെയ്യുന്ന മഹാസമാധി മന്ദിരത്തില്‍ ഗുരുദേവന്റെ വെണ്ണക്കല്‍ പ്രതിമ പ്രതിഷ്ഠിച്ചതിന്റെ കനകജൂബിലിയും നല്‍കിയ സ്മരണ നിറഞ്ഞുനില്‍ക്കുന്ന ചരിത്രപശ്ചാത്തല മഹിമയിലാണ് നാമിവിടെ ഒത്തുകൂടിയിരിക്കുന്നത്. ഈ ചരിത്രമുഹൂര്‍ത്തങ്ങളെല്ലാം ഗുരുദേവന്‍ വിഭാവനം ചെയ്ത 'സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാ ലോകത്തിന്റെ' സൃഷ്ടിക്കായി നാമെന്തെല്ലാം ചെയ്തുവെന്നു ഒരാത്മ പരിശോധന നടത്താന്‍ സമൂഹത്തെ പ്രേരിപ്പിക്കുന്നതാണ്. 

ഭാരതത്തിലെ സത്യദര്‍ശികളായ ആദ്ധ്യാത്മിക ഗുരുക്കന്മാര്‍ ആവിഷ്‌കരിച്ച ആത്മവിദ്യയുടെ സ്ഥാനം ചുരുങ്ങിയും ശാസ്ത്രവിദ്യയുടെ സ്ഥാനം വര്‍ദ്ധിച്ചും വന്നുകൊണ്ടിരിക്കുന്ന ശാസ്ത്രയുഗമാണിത്. അതിന്റെ ഫലമായി ശാസ്ത്രം ജയിക്കുകയും മനുഷ്യന്‍ തോല്‍ക്കുകയും ചെയ്യുന്ന വൈപരീത്യവും ഇന്നു സംഭവിച്ചുകൊണ്ടിരിക്കുകയാണ്. എന്നു പറഞ്ഞാല്‍ മാനവികതയില്ലാത്ത ബൗദ്ധികതയും സര്‍ഗ്ഗാത്മകതയില്ലാത്ത ക്രിയാത്മകതയും ഒത്തുചേരുന്നു എന്നര്‍ത്ഥം. അത്തരമൊരു ലോകത്ത് മനുഷ്യന്‍ അസ്വതന്ത്രനും പരാശ്രയനും അശാന്തനുമായിത്തീരുമെന്നത് സ്വാഭാവികമാണ്. ഇത്തരമൊരവസ്ഥ സംജാതം ചെയ്യുമെന്ന് ഒരു നൂറ്റാണ്ടിനു മുന്‍പ് തന്നെ ഗുരുദേവന്‍ ദീര്‍ഘദര്‍ശനം ചെയ്തിരുന്നു. അതുകൊണ്ടാണ് വിദ്യകൊണ്ട് സ്വതന്ത്രരാകണമെന്നും നമ്മുടെ ശോച്യാവസ്ഥയ്ക്കു നാം തന്നെ പരിഹാരം കണ്ടെത്തണമെന്നും ഗുരു ഉപദേശിച്ചത്. എല്ലാ സിദ്ധാന്തങ്ങളും പ്രത്യയശാസ്ത്രങ്ങളും ഭൗതികശാസ്ത്രങ്ങളും തത്ത്വശാസ്ത്രങ്ങളും സമസ്ത മനുഷ്യരുടെയും നന്നാകലിന് ഉപകരിക്കുന്നതായിരിക്കണം. 

ശിവഗിരി തീര്‍ത്ഥാടനത്തിനു ഗുരുദേവന്‍ അനുമതി നല്‍കിയപ്പോള്‍ നല്‍കിയ തീര്‍ത്ഥാടന ലക്ഷ്യങ്ങളില്‍ പ്രഥമമായി നിര്‍ദ്ദേശിച്ചതു വിദ്യാഭ്യാസമാണ്. തുടര്‍ന്നുള്ള ഓരോ ഇനവും മനുഷ്യരാശിയുടെ നിലനില്പിന് എക്കാലവും അനിവാര്യമായ മറ്റു ഘടകങ്ങളുമാണെന്നു കാണാം. ഏതൊരു രാജ്യത്തിനും പിന്‍തുടരേണ്ടിവരുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വേദിയായി ശിവഗിരിതീര്‍ത്ഥാടനം നിലകൊള്ളുന്നു. അതുതന്നെ മറ്റു തീര്‍ത്ഥാടനങ്ങളില്‍ നിന്നും ശിവഗിരിതീര്‍ത്ഥാടനത്തെ വേറിട്ടു നിര്‍ത്തുകയും ചെയ്തുവരുന്നു. വിദ്യാഭ്യാസം അതിനു പുറമെ, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, സാങ്കേതിക ശാസ്ത്ര പരിശീലനം എന്നിവയും മനുഷ്യരാശിയുടെ പുരോഗതിക്കു ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളെന്നു ഗുരുദേവന്‍ കണ്ടറിഞ്ഞു. 

കേവലമായ ശരീരം കൊണ്ട് ഒന്നിനു ഒന്നു അന്യമായിത്തീരുമ്പോള്‍ ഹൃദയം കൊണ്ട് ഒന്ന് ഒന്നിനോട് ഒന്നായിത്തീരുകയാണ് ചെയ്യുന്നത്. കാരണം ശരീരത്തെ പരിപാലിക്കുന്നത് നമ്മളാണെങ്കില്‍ നമ്മുടെ ഹൃദയത്തെ പരിപാലിക്കുന്നത് ഈ ജഗത്തിന്റെ നാഥനായിരിക്കുന്ന സര്‍വ്വേശ്വരന്‍ തന്നെയാണ്. ഈയൊരു ബോധത്തിന്റെ നൈരന്തര്യമുണ്ടായാല്‍ നമുക്ക് അന്യമായതൊന്നു എന്ന പാര്‍ശ്വവത്കരണം ഈ പ്രപഞ്ചത്തില്‍ ഇല്ലാതെയാവും. അപ്പോഴാണ് എന്റെയും നിന്റെയും ഹൃദയത്തെ ചലിപ്പിക്കുന്നത്, എന്റെയും നിന്റെയും ദൃശ്യങ്ങളില്‍ ദൃക്കായി നിലകൊള്ളുന്നത്. എന്റെയും നിന്റെയും മനസിനെ പ്രകാശിപ്പിക്കുന്നത് ഒരേ പ്രാപഞ്ചിക ശക്തിതന്നെ എന്ന അവബോധമുറയ്ക്കുന്നത്. ഇങ്ങനെയുള്ളൊരു പ്രപഞ്ചദര്‍ശനമാണ് ആര്‍ഷഭാരതത്തിലെ സത്യദര്‍ശികളായ മഹര്‍ഷീശ്വരന്മാര്‍ പരമ്പരയായി നമുക്ക് പകര്‍ന്ന് തന്നിട്ടുള്ളത്. 

ആ മഹിതദര്‍ശനത്തിന്റെ ശാസ്ത്രീയവും ആധുനികവുമായ പുനരാവിഷ്‌കരണത്തിലൂടെ ഗുരു നല്കിയിരിക്കുന്ന സമസ്ത മനുഷ്യവര്‍ഗ്ഗത്തെയും രൂപാന്തരീകരിക്കുന്നതിനും ഉദാത്തീകരിക്കുന്നതിനുമുള്ള തത്ത്വോപദേശങ്ങളിലാണ് ശാന്തിക്കു വേണ്ടി തേങ്ങുന്ന ഇനിയുള്ള ലോകത്തിന്റെ ആശയും പ്രത്യാശയും അതുകൊണ്ടു തന്നെ ഗുരുവിന്റെ തത്ത്വോപദേശങ്ങള്‍ മറയില്ലാതെ അറിയുന്നതിനും സ്വാംശീകരിക്കുന്നതിനും അത് ജീവിതത്തിന്റെയും ലോകത്തിന്റെയും ശാന്തിക്കും അഭ്യുന്നതിക്കുമായി പ്രയോഗത്തില്‍ വരുത്തുന്നതിനുമുള്ള ഉള്‍ക്കാഴ്ചയും ഉള്‍ക്കരുത്തും നമുക്കുണ്ടാവേണ്ടതുണ്ട്. അതിലേക്കാണു തീര്‍ത്ഥാടകരെ ശിവഗിരി തീര്‍ത്ഥാടനം നയിക്കുന്നത്. വിദ്യാഭ്യാസമുള്ള ഒരു സമൂഹത്തിന് ശുചിത്വബോധം ഉണ്ടാവും. വിദ്യാഭ്യാസവും ശുചിത്വവുമുണ്ടായാല്‍ ഈശ്വരഭക്തി വന്നുകൊള്ളും. 

സംഘടന എന്നു ഗുരുദേവന്‍ പറഞ്ഞതുകൊണ്ട് സംഘബലം എന്നല്ല അര്‍ത്ഥമാക്കേണ്ടത്. എല്ലാവരും ഒരേ ലക്ഷ്യത്തിനായി ഒരുപോലെ നിലകൊള്ളണമെന്ന സംഘബോധമാണു പ്രാഥമികമായി നമുക്കുണ്ടാവേണ്ടത്. കൃഷിയും കച്ചവടവും കൈത്തൊഴിലും ദാരിദ്ര്യത്തെയും നിര്‍മ്മാര്‍ജ്ജനം ചെയ്യാനും സ്വാശ്രയത്തിലേക്കു വേഗത്തില്‍ എത്തിച്ചേരാനും നമ്മെ സഹായിക്കുന്ന മേഖലകളാണ്. ഇന്നത്തെ സമൂഹം നേരിടുന്ന ചില വെല്ലുവിളികളെ ഫലപ്രദമായി നേരിടാനുള്ള ശേഷി ഈ ഘടകങ്ങളിലൂടെ നമുക്ക് നേടാനാവും. ഇങ്ങനെ ജീവിതത്തെയും വ്യക്തിയെയും ആകവേ നന്നാക്കുന്നതിനുള്ള നേരാംവഴികളെ പ്രകാശിപ്പിക്കുന്ന ശിവഗിരി തീര്‍ത്ഥാടനം ജീവിതത്തിന്റെ സ്പന്ദനത്തെ ഉത്തേജിപ്പിക്കുന്ന നവോത്ഥാനത്തിന്റെ തീര്‍ത്ഥം കൂടിയാണ്. ഈയര്‍ത്ഥത്തില്‍ 86-ാമത് ശിവഗിരി തീര്‍ത്ഥാടനം സാര്‍ത്ഥകമായിത്തീരട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. 

ശ്രീനാരായണധര്‍മ്മ

സംഘം ട്രസ്റ്റ് പ്രസിഡന്റാണ് ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.