ശബരിമലയില്‍ 'നവോത്ഥാനം'; മുത്തലാഖില്‍ മതവികാരം

Saturday 29 December 2018 2:00 am IST
മുസ്ലീം സമുദായത്തിന്റെ വികാരങ്ങളെ മാനിക്കാതെ അവരുടെ ക്ഷേമത്തിന് വേണ്ടിയെന്ന നാട്യത്തില്‍ ബില്‍ പാസാക്കിയെടുത്തത് ബിജെപിയുടെ കാപട്യത്തിന്റെ തെളിവാണെന്ന് ഇടത് എംപിമാര്‍ പറഞ്ഞു. വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് പങ്കെടുക്കാത്തിരുന്നത് മൃദുഹിന്ദുത്വ സമീപനത്തിന്റെ ഭാഗമായാണ്.

ന്യൂദല്‍ഹി: ശബരിമലയിലും മുത്തലാഖിലും ഇരട്ടനിലപാടുമായി സിപിഎം. ശബരിമലയില്‍ ആചാരലംഘനത്തിന് സുപ്രീം കോടതിയെ മറയാക്കുന്ന സിപിഎം മുത്തലാഖിലെ കോടതി വിധി കണ്ടില്ലെന്ന് നടിക്കുന്നു. ലോക്‌സഭയില്‍ മുത്തലാഖ് ബില്ലിനെതിരെ വോട്ടു ചെയ്ത ഇടത് എംപിമാര്‍ ഇന്നലെ പത്രസമ്മേളനം വിളിച്ച് നിലപാട് ആവര്‍ത്തിച്ചു. മുസ്ലിം യാഥാസ്ഥിതികരുടെ വോട്ടു നേടാനുള്ള അവസരമായി മുത്തലാഖ് വിഷയത്തെ തെരഞ്ഞെടുപ്പ് വരെ സജീവമാക്കാനാണ് പാര്‍ട്ടി തീരുമാനം. 'നവോത്ഥാന'ത്തിന് സര്‍ക്കാര്‍ ചെലവില്‍ സിപിഎം മതില്‍ നിര്‍മിക്കുമ്പോഴാണ് മുസ്ലിം സ്ത്രീകള്‍ തന്നെ എതിര്‍ക്കുന്ന മുത്തലാഖെന്ന മതസമ്പ്രദായത്തെ പാര്‍ട്ടി വാരിപ്പുണരുന്നത്. 

മുസ്ലീം സമുദായത്തിന്റെ വികാരങ്ങളെ മാനിക്കാതെ അവരുടെ ക്ഷേമത്തിന് വേണ്ടിയെന്ന നാട്യത്തില്‍ ബില്‍ പാസാക്കിയെടുത്തത് ബിജെപിയുടെ കാപട്യത്തിന്റെ തെളിവാണെന്ന് ഇടത് എംപിമാര്‍ പറഞ്ഞു. വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് പങ്കെടുക്കാത്തിരുന്നത് മൃദുഹിന്ദുത്വ സമീപനത്തിന്റെ ഭാഗമായാണ്. നിര്‍ണായക വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നതിലൂടെ കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടാണ് പുറത്തുവന്നതെന്നും എംപിമാര്‍ കുറ്റപ്പെടുത്തി. മുസ്ലിം വിശ്വാസികളുടെ വികാരങ്ങള്‍ ചൂണ്ടിക്കാട്ടി മുത്തലാഖ് ബില്ലിനെ എതിര്‍ക്കുന്ന സിപിഎമ്മാണ് ശബരിമലയില്‍ വിശ്വാസികളുടെ വികാരങ്ങള്‍ അടിച്ചമര്‍ത്തുന്നത്. അയ്യപ്പഭക്തരെ തീവ്രവാദികളാക്കിയും നാമജപത്തെ തെറിജപമാക്കിയും അടുത്തിടെ മന്ത്രിമാര്‍ ആക്ഷേപം ചൊരിഞ്ഞിരുന്നു. ഇതേ സിപിഎം കുഞ്ഞാലിക്കുട്ടി വോട്ടിങ്ങില്‍ പങ്കെടുക്കാത്തത് സമുദായത്തോടുള്ള വഞ്ചനയായാണ് ചിത്രീകരിക്കുന്നത്. മുസ്ലിം സമുദായത്തോട് സ്‌നേഹവും ഹിന്ദു സമൂഹത്തോട് വെറുപ്പും എന്നതാണ് പാര്‍ട്ടി നിലപാട്.  

 ശബരിമലയിലെ യുവതീപ്രവേശനം സ്ത്രീകളുടെ ജീവിതത്തെ ബാധിക്കുന്ന വിഷയമല്ല. മുത്തലാഖ് കാരണം ആയിരക്കണക്കിന്   സ്ത്രീകളുടെ ജീവിതമാണ് തകര്‍ക്കപ്പെട്ടത്. എന്നാല്‍ സിപിഎമ്മിന് നവോത്ഥാനം നടപ്പാകാന്‍ മുത്തലാഖിനേക്കാള്‍ പ്രിയം ശബരിമലയോടാണ്. മുത്തലാഖിനെതിരെ ഇരകളായ മുസ്ലിം സ്ത്രീകളാണ് സുപ്രീം കോടതിയെ സമീപിച്ചത്. കല്‍ക്കത്ത സ്വദേശിനിയായ ഇസ്രത് ഹജാന്‍ ഉള്‍പ്പെടയുള്ള ഇരകളാണ് ഈ സമ്പ്രദായം വേണ്ടെന്ന് പറയുന്നതും. 

മുത്തലാഖിനെ അനുകൂലിക്കുന്ന മതയാഥാസ്ഥികരുടെ കൂട്ടമായ മുസ്ലിം വ്യക്തിനിയമ ബോര്‍ഡും തീവ്ര മുസ്ലിം നേതാവായ അസദുദ്ദീന്‍ ഒവൈസിയുമാണ് ഇക്കാര്യത്തില്‍ സിപിഎമ്മിന് മാതൃക. ശബരിമലയിലെ ആചാരം നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടുന്ന ഹിന്ദു നേതൃത്വത്തെ അപരിഷ്‌കൃതരെന്ന് ആക്ഷേപിക്കുന്ന സിപിഎമ്മിന് മുത്തലാഖ് തുടരണമെന്ന് പറയുന്ന വ്യക്തിനിയമ ബോര്‍ഡും ഒവൈസിയും നവോത്ഥാന നായകരാണ്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.