കണ്ണൂരില്‍നിന്ന് പോയ പത്ത് പേര്‍ ഐഎസ് കേന്ദ്രത്തില്‍

Saturday 29 December 2018 1:55 am IST
കണ്ണൂര്‍, കാസര്‍കോട് സ്വദേശികളടക്കം നേരത്തെ 22 പേര്‍ അഫ്ഗാനില്‍ എത്തി ഐഎസില്‍ ചേര്‍ന്നിരുന്നു. അതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടങ്ങും മുന്‍പാണ് പത്തു മലയാളികള്‍ കൂടി ഐഎസില്‍ ചേര്‍ന്നതായി എന്‍ഐഎ ഉറപ്പിച്ചിരിക്കുന്നത്.

കൊച്ചി: കണ്ണൂര്‍ സ്വദേശികളായ പത്ത് പേര്‍ കൂടി അഫ്ഗാനിസ്ഥാനിലെ ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) കേന്ദ്രത്തില്‍ എത്തിയതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സ്ഥിരീകരിച്ചു. 

കണ്ണൂര്‍, കാസര്‍കോട് സ്വദേശികളടക്കം നേരത്തെ 22 പേര്‍ അഫ്ഗാനില്‍ എത്തി ഐഎസില്‍ ചേര്‍ന്നിരുന്നു. അതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടങ്ങും മുന്‍പാണ് പത്തു മലയാളികള്‍ കൂടി ഐഎസില്‍ ചേര്‍ന്നതായി എന്‍ഐഎ ഉറപ്പിച്ചിരിക്കുന്നത്. കണ്ണൂര്‍ അഴീക്കോട് പൂതപ്പാറയിലെ രണ്ട് കുടുംബങ്ങളിലുള്ളവരാണ് ഐഎസില്‍ ചേരാന്‍ രാജ്യം വിട്ടത്. അടുപ്പമുള്ളവരോട് മൈസൂരിന് പോകുന്നുവെന്നു പറഞ്ഞാണ് ഇവര്‍ കഴിഞ്ഞ മാസം ഇരുപതിന് നാട് വിട്ടത്. 

ഇറാന്‍-ദുബായ് വഴിയാണ് പത്തു പേരും അഫ്ഗാനില്‍ എത്തിയത്. ഇവരില്‍ ഐഎസ് റിക്രൂട്ട്‌മെന്റ് കേസിലെ പ്രതികളുടെ ബന്ധുക്കളുമുണ്ട്. ദുബായിയില്‍ നിന്ന് കടന്നത് നവംബര്‍ 28നാണെന്നും ഇവരുടെ ചിത്രങ്ങളും പാസ്‌പോര്‍ട്ട് രേഖകളും ലഭിച്ചതായും ദുബായ് പോലീസും  സ്ഥിരീകരിച്ചു.

മുന്‍പും കേരളത്തില്‍ നിന്ന് ഐഎസില്‍ ചേര്‍ന്നവര്‍ അഫ്ഗാനിസ്ഥാനിലാണ് എത്തിയിരുന്നത്. അന്ന് പോയവരെല്ലാം ജീവനോടെയുണ്ടോ എന്ന വിവരം ലഭ്യമല്ല. അഫ്ഗാന്‍ ഭീകരകേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ മിസൈലാക്രമണങ്ങളില്‍ പലരും കൊല്ലപ്പെട്ടതായാണ് വിവരം. സിറിയയിലേയും, ഇറാഖിലെയും ഐഎസ് കേന്ദ്രങ്ങള്‍ ഭൂരിഭാഗവും ആക്രമണങ്ങളില്‍ തകര്‍ന്നിരിക്കുകയാണ്. ഇതിനെ തുടര്‍ന്നാണ് അഫ്ഗാനിസ്ഥാനില്‍ ഐഎസ് കേന്ദ്രീകരിക്കുന്നത്.

അതിനിടെ കഴിഞ്ഞ ദിവസം കല്‍പ്പറ്റയില്‍ നിന്ന് അറസ്റ്റിലായ ഹബീബ് റഹ്മാനെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് എന്‍ഐഎ. ഐഎസ് റിക്രൂട്ട്മെന്റ് കേസിലെ പതിനേഴാം പ്രതിയായ ഇയാളെ അഞ്ച് ദിവസം കസ്റ്റഡിയില്‍ കിട്ടുന്നതിനായി അന്വേഷണസംഘം നല്‍കിയ അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. ഇയാളെ ചോദ്യം ചെയ്താല്‍ അടുത്തിടെ പത്തുപേര്‍ ഐഎസില്‍ ചേര്‍ന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എന്‍ഐഎ.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.