പ്രളയവും കടന്ന് ശരണ വഴികളിലൂടെ

Sunday 30 December 2018 2:10 am IST
എല്ലാ നവവത്സരങ്ങളും പ്രതീക്ഷകളും പ്രത്യാശയും നല്‍കുന്ന വേളകള്‍ തന്നെ. പ്രശസ്ത ഭരണ ഘടനാ വിദഗ്ധന്‍ ആയിരുന്ന നാനി പല്‍ക്കിവാലയുടെ വാക്കുകള്‍ ഓര്‍മ്മ വരുന്നു. 'ഭൂമിയില്‍ ഓരോ കുഞ്ഞു ജനിക്കുമ്പോഴും, ഒരു കാര്യം മനസ്സിലാക്കുക. നമ്മെ നയിക്കുന്ന ശക്തിക്കു നമ്മളില്‍ ഉള്ള വിശ്വാസവും പ്രതീക്ഷകളും നശിച്ചിട്ടില്ല' അതുപോലെയാണ് ഈ നവ വത്സരവും.

എല്ലാ അര്‍ത്ഥത്തിലും ദുരന്തങ്ങളുടെയും അത്യാഹിതങ്ങളുടെയും വര്‍ഷമായിരുന്നു 2018. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റതുതന്നെ ഒരു ദുരന്തമായി വിശേഷിപ്പിക്കാം. ദുരന്തത്തിന്റെ തീക്ഷ്ണത പാരമ്യതയില്‍ എത്തുന്നത് ഇക്കഴിഞ്ഞ വര്‍ഷം നമ്മള്‍ കണ്ടു. പ്രകൃതി ദുരന്തമെന്ന് വിശേഷിപ്പിക്കുന്നതിനേക്കാള്‍, അധികാരികള്‍ കരുതിക്കൂട്ടി നടത്തിയ ഒരു ക്രൂരകൃത്യമായിരുന്നു ജൂലൈ-ആഗസ്ത് മാസങ്ങളില്‍ കേരളം കണ്ട പ്രളയവും പ്രകൃതി ക്ഷോഭവും.

രണ്ടായിരത്തി പതിനേഴ് കേരളത്തോട് വിട പറഞ്ഞത് ഓഖി കൊടുങ്കാറ്റിന്റെ താണ്ഡവനൃത്തത്തോടെയായിരുന്നു. അതിനെത്തുടര്‍ന്ന് കേരളം കണ്ട ദൃശ്യങ്ങള്‍ സിപിഎമ്മിന്റെ പ്രതിച്ഛായ പൂര്‍ണമായും തകര്‍ത്തു. പ്രകൃതി ക്ഷോഭം സംഭവിച്ച പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്താനെത്തിയ തന്നെ തങ്ങളുടെ ഗ്രാമങ്ങളില്‍ കാലുകുത്താന്‍ അനുവദിക്കാതിരുന്ന  നാട്ടുകാര്‍, കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമനെ സ്വാഗതം ചെയ്യുന്നതു കണ്ട മുഖ്യമന്ത്രി പിണറായി വിജയന് ഉറക്കം നഷ്ടപ്പെട്ടു.

ഓഖി കൊടുങ്കാറ്റു വീശിയപ്പോഴും, ശക്തിയേറിയ മഴ പെയ്തപ്പോഴും, ചരിത്രത്തില്‍ ഇതുവരെ കാണാതിരുന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ ദുരന്ത നിവാരണ സേനയും, കര-വ്യോമ-നാവിക സുരക്ഷാ സേനയും ദുരിതാശ്വാസ നടപടികളുമായി കേരളത്തിന് ആശ്വാസം നല്‍കിയത് പരക്കെ അഭിനന്ദിക്കപ്പെട്ടു.

ഇതേ ദൃശ്യങ്ങള്‍ തന്നെയാണ് ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലെ പ്രളയം നേരിടുന്നതില്‍ കേന്ദ്ര സൈന്യം കാഴ്ചവെച്ചത്. അതും, സംസ്ഥാന ഭരണകൂടം ജനങ്ങളെ അവരുടെ തലയിലെഴുത്തിനു വിട്ട്, രാഷ്ട്രീയ സാമ്പത്തിക മുതലെടുപ്പിന് ശ്രമിച്ചപ്പോള്‍. ഹീനമായ രീതിയിലുള്ള രാഷ്ട്രീയ നാടകങ്ങളാണ് പ്രകൃതി ദുരന്ത ദുരിതാശ്വാസം എന്ന പേരില്‍ ഇടതുമുന്നണി സര്‍ക്കാര്‍ കാട്ടിക്കൂട്ടിയത്. 'ദുബൈയിലെ രാജാവ് എഴുനൂറു കോടി രൂപ തരാം എന്ന് ഏറ്റതാണ്. പക്ഷേ നരേന്ദ്ര മോദി അത് തടഞ്ഞു'. ഇതായിരുന്നു പ്രളയകാലത്തെ വാര്‍ത്താ പ്രചാരണം. തിരുവന്തപുരത്തു വാര്‍ത്താ ലേഖകരോട് സംസാരിക്കുമ്പോഴാണ് പിണറായി വിജയന്‍ ഈ പ്രഖ്യാപനം നടത്തുന്നത്.  കേരളത്തിലെ പ്രളയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ പ്രധാനമന്ത്രി മോദിയെ ഫോണില്‍ ബന്ധപ്പെട്ട് ദുബായ് രാജാവ് തന്റെ ദുഃഖം അറിയിച്ചത് നേരാണ്. എന്തു തരം സഹായത്തിനും തങ്ങളെ സമീപിക്കാമെന്ന് പറയുകയും ചെയ്തു. പക്ഷേ 700 കോടി രൂപ വാഗ്ദാനം ചെയ്തിട്ടില്ല. താന്‍പോലും അറിയാത്ത കാര്യം പിണറായി വിജയന്‍ എങ്ങനെ പ്രഖ്യാപിച്ചു എന്നതാണ് രാജാവിനെ അലട്ടിയത്. വെള്ളപ്പൊക്കം സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടോ ഉന്നതങ്ങളില്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമോ എന്ന് ജനങ്ങള്‍ ചിന്തിച്ചുതുടങ്ങിയപ്പോള്‍ അവരുടെ ശ്രദ്ധ തിരിക്കാന്‍ മാര്‍ക്‌സിസ്റ്റ് 'ബുദ്ധി' രാക്ഷസന്റെ മനസ്സില്‍ ഉദയം ചെയ്ത ആശയമായിരുന്നു എഴുനൂറു കോടിയുടെ വിവാദം. ഈ വിവാദവും ചീറ്റിപ്പോയി എന്നത് പ്രളയത്തിന്റെ ബാക്കി പത്രം.

കേരളം പുനര്‍നിര്‍മിക്കുന്നതിന് അന്താരാഷ്ട്ര തലത്തില്‍ നിധി സമാഹരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പിച്ചപ്പാത്രവുമായി മന്ത്രിമാരും മന്ത്രിപത്‌നിമാരും പരിവാരങ്ങളും ആഗോള യാത്രയ്ക്ക് തയ്യാറായി. മുഖ്യമന്ത്രി ഉള്‍പ്പെടെ എല്ലാ മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറി ഒപ്പിട്ട ഒരു കത്തും നല്‍കിയത്രേ. ഈ കത്തുമായി നിങ്ങളെ സമീപിക്കുന്നത് ഭാരതത്തിലെ കേരള സംസ്ഥാന മന്ത്രിയാണ്. ടിയാന് എന്തെങ്കിലും സംഭാവന നല്‍കി തിരിച്ചയയ്ക്കുവാന്‍ താല്‍പര്യപ്പെടുന്നു!

പണ്ടൊക്കെ വെള്ളപ്പൊക്കം ബാധിച്ച സംസ്ഥാനങ്ങളില്‍നിന്ന് ജില്ലാ കളക്ടറുടെയോ പോലീസ് സൂപ്രണ്ടിന്റെയോ കത്തുമായി കേരളത്തില്‍ എത്താറുള്ള അഭയാര്‍ത്ഥികളെ ഓര്‍മ്മയില്ലേ?  ഏതാണ്ട് അതേപോലത്തെ അഭയാര്‍ഥികളായി ഭിക്ഷ തെണ്ടാന്‍ ഇറങ്ങിയതാണ് കേരളത്തിലെ മന്ത്രിസഭാംഗങ്ങള്‍. ഏതായാലും, അങ്ങനെ ഒരു ദുരന്തംകൂടി കേരളീയര്‍ക്ക് കാണേണ്ടി വന്നില്ല. പ്രധാനമന്ത്രിക്ക് നന്ദി.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. അതും ഒരു രാഷ്ട്രീയ കോമഡിയായി അവസാനിച്ചു. ഐക്യജനാധിപത്യ മുന്നണിയിലെ മാണി ഗ്രൂപ്പിന്റെ സഹായത്തോടെ, ക്രൈസ്തവ സമുദായ വോട്ട് ഇരന്നു വാങ്ങി, (അതും പരസ്യമായി) ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ച കാഴ്ച കേരളം കണ്ടു. മനം പുരട്ടുന്നതരത്തിലുള്ള മതേതരത്വം!

രണ്ടായിരത്തി പതിനാലിലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച  ജോസ് കെ. മാണി എന്ന കേരള കോണ്‍ഗ്രസ്സുകാരനെ, കാലാവധി തീരാന്‍ ഒരു വര്‍ഷം ബാക്കിയിരിക്കെ, രാജിവെപ്പിച്ചു രാജ്യസഭയിലേക്ക് തെരഞ്ഞെടുത്ത കാഴ്ചയും കേരളം കണ്ടു. ഇനി ഒരു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്റെ പുത്രനെ മത്സരിപ്പിച്ചാല്‍ ജയസാധ്യത തീരെ ഇല്ല. തനിക്കുശേഷം പാര്‍ട്ടി ആരും ഹൈജാക്ക് ചെയ്യാതിരിക്കാന്‍ പുത്രനെ പ്രാപ്തനാക്കാനും കൂടിയാണത്രേ കെ.എം. മാണി ഇങ്ങനെ ഒരു നാണംകെട്ട കളിക്ക് തയ്യാറായത്. 

നവവത്സരത്തില്‍ എണ്‍പത്തിയാറ് വയസ്സ് തികയുന്ന മാണി, പുത്രസ്‌നേഹം ഒന്നുകൊണ്ടുമാത്രം ധൃതരാഷ്ട്രര്‍ ആയി മാറിക്കഴിഞ്ഞു. പക്ഷേ, ലോകത്തിന്റെ ഗതിവിഗതികള്‍ മാറ്റിമറിക്കാന്‍ മാത്രം പാലാക്കാരന്‍ മാണി വളര്‍ന്നുവോ? 

2018 വിടപറയുമ്പോള്‍, കലിയുഗവരദനായ ശ്രീഅയ്യപ്പന്‍ തന്നെയാണ് 'മാന്‍ ഓഫ് ദി ഇയര്‍'.കാരണമുണ്ട്. തന്റെ അധീനതയിലുള്ള പോലീസ് സേനയെ മൊത്തം വിന്യസിച്ചിട്ടും, അവരെക്കൊണ്ട് ഭക്തരെ മര്‍ദ്ദിച്ചു അവശരാക്കിയിട്ടും പിണറായി വിജയന് ശബരിമലയില്‍ വനിതകളെ പ്രവേശിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നത് അയ്യപ്പ ജ്യോതിസ്സിന്റെ ശക്തിയാണ് തെളിയിച്ചത്.  ജനങ്ങളുടെ അപേക്ഷയ്ക്ക് പുല്ലുവില നല്‍കി താനാണ് ഇവിടെ സര്‍വസ്വവും എന്ന ശൈലിയില്‍ പെരുമാറിയ മുഖ്യമന്ത്രിയുടെ വിവരമില്ലായ്മയ്ക്കു കേരളം പലവട്ടം സാക്ഷ്യം വഹിക്കേണ്ടി വന്നു ഈ വര്‍ഷവും. ഹൈന്ദവരെ ആക്ഷേപിക്കലാണ് മതേതരത്വമെന്ന് വിശ്വസിക്കുന്നു പിണറായി. കമ്മ്യൂണിസം കാലഹരണപ്പെട്ടതുപോലെ മതേതരത്വത്തെക്കുറിച്ചുള്ള തന്റെ സങ്കല്‍പത്തിലും പിണറായി മാറ്റം വരുത്തണം. 

ഈശ്വര വിശ്വാസം തീരെ ഇല്ലാത്ത സെല്‍വി  മനോയും ടെലിഫോണ്‍ ഫാത്തിമയും പോലീസ് സംരക്ഷണത്തില്‍ ശബരിമലയില്‍ എത്തിയാല്‍ സോഷ്യലിസം വരുമെന്ന് വിശ്വസിക്കുന്ന വിവരദോഷി ആകരുത് കേരള മുഖ്യമന്ത്രി.  ഡിസംബര്‍ 26 ന് കേരളം കണ്ട അയ്യപ്പജ്യോതി വിജയന്റെ മനസ്സിലെ ഇരുള്‍ നീങ്ങാന്‍ സഹായകമാകും എന്നുകരുതാം. വനിതാ മതില്‍ ഈ ജ്യോതിയുടെ പ്രകാശത്തെ തടഞ്ഞുനിര്‍ത്തുകയില്ല എന്നും കാലം മുഖ്യമന്ത്രിക്ക് തെളിയിച്ചു കൊടുക്കും.

ഇ.കെ. നായനാര്‍  മുഖ്യമന്ത്രിയായിരുന്ന കാലത്ത് ദല്‍ഹിയില്‍ നടന്ന ഒരു സംഭവം ഓര്‍മ്മ വരുന്നു. ദേശീയ വികസന സമിതി യോഗത്തില്‍, മറ്റു മുഖ്യമന്ത്രിമാര്‍ പ്രസംഗിച്ച വേളയില്‍ നായനാര്‍ കൂര്‍ക്കം വലിച്ചുറങ്ങി. അതുകണ്ട അന്നത്തെ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതി ബസു പറഞ്ഞുവത്രേ- 'കേരളം ഒരു നല്ല മുഖ്യ മന്ത്രിയെ അര്‍ഹിക്കുന്നു.' ബസു ജീവിച്ചിരുന്നെങ്കില്‍, ആ വാക്കുകള്‍ അദ്ദേഹം വീണ്ടും ഉപയോഗിക്കുമായിരുന്നു!

പോലീസിനെ ഉപയോഗിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രനെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ കേരളത്തിലെ മനുഷ്യ മനസ്സാക്ഷി ഒരിക്കലും മറക്കില്ല. ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചറിനോട് അപമര്യാദയായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥന്‍, കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം വിരട്ടാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥന്‍, ബിജെപി നേതാവ് രാധാകൃഷ്ണനെ നോക്കി കണ്ണുരുട്ടിയ എഡിജിപി യതീഷ് ചന്ദ്ര-പോയവര്‍ഷത്തിന്റെ ബാക്കിപത്രത്തിലെ ചിത്രമാണ്.

പഴയകാല മലയാള ചലച്ചിത്രങ്ങളിലെ അടുക്കള ഹാസ്യ രംഗങ്ങളെ അനുസ്മരിപ്പിച്ചു കേരളത്തിലെ രാഷ്ട്രീയ-സാംസ്‌കാരിക കൂട്ടായ്മ. ഷൊര്‍ണുര്‍ ശശി എന്ന മാര്‍ക്‌സിസ്റ്റ് കാപാലികന്റെ പീഡനത്തിന് ഇരയായ വനിതയ്ക്ക് നല്ലനടപ്പു ജാമ്യം നല്‍കി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി! പീഡനം നടന്നോ എന്ന് അന്വേഷിച്ചത് പി.കെ. ശ്രീമതിയും മന്ത്രി ബാലനും. പാര്‍ട്ടി വിധിച്ച ആറു മാസത്തെ സസ്‌പെന്‍ഷനില്‍ ഒതുക്കി ശശിക്കുള്ള ശിക്ഷ. പീഡിപ്പിക്കാന്‍ പ്രേരണ നല്‍കിയതിന് ഇരയ്ക്കു താക്കീത്. അതാണ് മാര്‍ക്‌സിയന്‍ ശൈലി.

ഇസ്ലാമിക പ്രീണനത്തില്‍കൂടെ അധികാരം എന്നെന്നും നിലനിര്‍ത്താമെന്നാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വിശ്വാസം. അതുകൊണ്ട് മന്ത്രി ജലീല്‍, സിപിഎം നിയമസഭാംഗം ഷംസീര്‍ തുടങ്ങിയവര്‍ നടത്തിയ  അഴിമതി പാര്‍ട്ടി നേതൃത്വത്തിന്റെ കണ്ണില്‍ കുറ്റമല്ലാതായി. സ്വന്തം ബന്ധുവിനെ പ്രധാന തസ്തികയില്‍ നിയമിച്ച ഇ.പി. ജയരാജനെ മന്ത്രി സ്ഥാനത്തുനിന്നും നീക്കിനിര്‍ത്തിയ സിപിഎം നേതൃത്വം, ജലീലിനെയും ഷംസീറിനെയും വിശുദ്ധന്മാരായി പ്രഖ്യാപിച്ചു.

മലയാള മാധ്യമങ്ങളുടെ സത്യസന്ധതയില്‍ വീണ കറുത്ത മഷി മായുന്നതിന് കാലം ഏറെ വേണ്ടിവരും. എല്ലാ വാര്‍ത്തകളും മാര്‍ക്‌സിസ്റ്റ് വീക്ഷണത്തിലൂടെ നല്‍കിയാലേ വാര്‍ത്ത ആകുകയുള്ളൂ എന്ന അബദ്ധ ധാരണ മലയാള മാധ്യമ പ്രതിഭകള്‍ മാറ്റണം. ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയോട് ധാര്‍ഷ്ട്യം നിറഞ്ഞ ശൈലിയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നവര്‍, മുഖ്യമന്ത്രി വിജയനോടും പാര്‍ട്ടി സെക്രട്ടറി ബാലകൃഷ്ണനോടും അതേ ശൈലി ഒന്ന് പിന്തുടര്‍ന്നു നോക്കുക. അപ്പോള്‍ കളി മനസ്സിലാകും.

സാക്ഷരതയിലും സാംസ്‌കാരിക മേഖലകളിലും മുന്‍പന്തിയില്‍ ആണെന്ന് സ്വയം അവകാശപ്പെടുന്ന മലയാളിക്ക് മറക്കാനാകാത്ത അനുഭവമാണ് ഫ്രാങ്കോ മുളയ്ക്കല്‍ എന്ന ക്രൈസ്തവ റാസ്പുടിന്‍ സമ്മാനിച്ചത്. വിമോചന സമരത്തിനുശേഷം കേരളത്തിലെ കന്യാസ്ത്രീകള്‍ തെരുവില്‍ ഇറങ്ങാന്‍ കാരണമായത് ഫ്രാങ്കോ എന്ന അഭ്യാസിയുടെ പ്രകടനമാണ്. ഒരു ദശാബ്ദത്തിനുള്ളില്‍ ഇരുപതോളം കന്യാസ്ത്രീകളെ മാനഭംഗപ്പെടുത്തിയെന്ന് കേസുള്ള ഫ്രാങ്കോവിനു കേരള സര്‍ക്കാര്‍ വന്‍ സ്വീകരണമാണ് നല്‍കിയത്. കോടതി ഉത്തരവ് ഉണ്ടായിട്ടും, ഫ്രാങ്കോ എന്ന ബലാത്സംഗ വീരനെ തൊടാന്‍ കേരള പോലീസിന് മുട്ടുവിറച്ചു. അപമാനിതരായ കന്യാസ്ത്രീകള്‍ പ്രതിഷേധ സമരവുമായി രംഗത്തെത്തിയത് വിജയനും ബാലനും കണ്ടില്ല. അറസ്റ്റ് ചെയ്യാന്‍ പോലീസ് സംഘം ജലന്ധറില്‍ ചെന്നെങ്കിലും, ഫ്രാങ്കോ അവരെ 'മൂന്നു മേല്‍കുര്‍ബാന ചൊല്ലി വിടുതല്‍ ശുശ്രൂഷ നടത്തി' തിരിച്ചയച്ചു. പ്രതിഷേധ സമരം രാജ്യം ഒട്ടുക്കു വ്യാപിക്കുമെന്ന സ്ഥിതി വന്നപ്പോള്‍, ഫ്രാങ്കോവിനെ  കേരളത്തില്‍ ക്ഷണിച്ചു വരുത്തി അറസ്റ്റ് ചെയ്തു 'ജയിലില്‍ അയച്ചു.' പോപ്പ് സന്ദര്‍ശനത്തിന് എത്തുന്ന പ്രതീതിയാണ് ഫ്രാങ്കോ എന്ന വിടന്‍ സൃഷ്ടിച്ചത്. വന്നതറിയാതെ, ഫ്രാങ്കോയ്ക്ക് ജാമ്യം നല്‍കി കോടതി വിട്ടയച്ചു. 

വിപ്ലവ കേരളത്തിന്റെ സൂര്യന്‍, അങ്ങ് മാരാരിക്കുളത്തെ വസതിയിലിപ്പോള്‍ അസ്തമയവും കാത്തിരിപ്പാണ്. ഇടയ്ക്കിടെ വാര്‍ത്താ ചാനലുകളില്‍ മിന്നി മറയുന്നതു കാണാം. ഒരുപക്ഷേ, മെയ് മാസത്തില്‍ താന്‍ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് മാമാങ്കത്തിനായി ശാരീരിക തയ്യാറെടുപ്പു നടത്തുകയാവും ഭരണ പരിഷ്‌കാര കമ്മീഷണര്‍.

നാല് ചീളുകക്ഷികള്‍ക്കുകൂടി ഇടതുമുന്നണിയില്‍ ഇടം നല്‍കിയാണ് വര്‍ഷം അവസാനിക്കുന്നത്. മുസ്ലിങ്ങള്‍ക്ക് രാജ്യത്ത് രക്ഷയില്ലെന്ന് പാക്കിസ്ഥാനില്‍ പോയി പരാതിപറഞ്ഞ ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ ഐഎന്‍എല്‍, അവസരവാദം ആദര്‍ശമായി കരുതുന്ന എം.പി.വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ദള്‍, അഴിമതിയുടെ പ്രതിരൂപമായ ആര്‍. ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ്സ് (ബി), കെ.എം. മാണിയോട് കെറുവിച്ച് പാര്‍ട്ടിവിട്ട ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ ജനാധിപത്യ കേരള കോണ്‍ഗ്രസ്സ്. വെറുതെ ഒരു മുന്നണിപ്രവേശം.

എല്ലാ നവവത്സരങ്ങളും പ്രതീക്ഷകളും, പ്രത്യാശയും നല്‍കുന്ന വേളകള്‍ തന്നെ. പ്രശസ്ത ഭരണ ഘടനാ വിദഗ്ധന്‍ ആയിരുന്ന നാനി പല്‍ക്കിവാലയുടെ വാക്കുകള്‍ ഓര്‍മ്മ വരുന്നു. 'ഭൂമിയില്‍ ഓരോ കുഞ്ഞു ജനിക്കുമ്പോഴും, ഒരു കാര്യം മനസ്സിലാക്കുക. നമ്മെ നയിക്കുന്ന ശക്തിക്കു നമ്മളില്‍ ഉള്ള  വിശ്വാസവും പ്രതീക്ഷകളും നശിച്ചിട്ടില്ല' അതുപോലെയാണ് ഈ നവ വത്സരവും.

മഹാസഖ്യമെന്ന പാഴ്ശ്രമം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.