കര്‍ഷകരെ സര്‍ഫാസി രക്ഷിക്കും; രക്ഷിക്കണം

Sunday 30 December 2018 3:28 am IST

ഇന്ത്യന്‍ പാര്‍ലമെന്റ് 2002ല്‍ പാസാക്കിയ 'ദി സെക്യൂരിറ്റൈസേഷന്‍ ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍ ഓഫ് ഫൈനാന്‍ഷ്യല്‍ അസ്സറ്റ്‌സ് ആന്‍ഡ് എന്‍ഫേഴ്‌സ്‌മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ് ആക്ട് 2002 എന്ന  നിയമത്തിന്റെ ചുരുക്കരൂപമാണ് സര്‍ഫാസി (എസ്എആര്‍എഫ്എഇഎസ്‌ഐ) എന്നത്. കോടതിയില്‍ പോകാതെ കടങ്ങള്‍ ഈടാക്കാന്‍, കടംകൊടുത്ത സ്ഥാപനത്തെ സഹായിക്കുന്ന നിയമമാണിത്. പക്ഷേ അതില്‍ത്തന്നെ കര്‍ഷകര്‍ക്കായി പ്രത്യേകമായ ചില കിഴിവുകള്‍ പറഞ്ഞിട്ടുള്ളതില്‍ ബാങ്കുകള്‍ക്ക് താല്‍പര്യമില്ല. നിയമം നടപ്പാക്കുമ്പോള്‍ ആരുടെയും പ്രത്യേക താല്‍പര്യം നോക്കാന്‍ കഴിയില്ലല്ലോ. അതുകൊണ്ടുതന്നെ ആനുകൂല്യങ്ങള്‍ അവഗണിക്കാനാവുകയുമില്ല. 

സര്‍ഫാസി നിയമപ്രകാരം, കടംകൊടുത്ത സ്ഥാപനം 60 ദിവസത്തെ നോട്ടീസ് കടക്കാരന് കൊടുത്താല്‍ ഈടു വസ്തു കൈവശം ഏറ്റെടുക്കാനോ കൈകാര്യം ചെയ്യാനോ വില്‍ക്കാനോ ഉള്ള അവകാശം അവര്‍ക്കു കിട്ടും. സ്ഥാപനം ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ അപേക്ഷ കൊടുക്കേണ്ടത് ഡബ്റ്റ് റിലീഫ് ട്രൈബ്യൂണലില്‍ ആണ്. അവിടെനിന്ന് ഉള്ള അപ്പീല്‍ക്കോടതി ചെന്നൈയിലുള്ള ഡറ്റ് റിലീഫ് അപ്പലേറ്റ് ട്രൈബ്യൂണലുമാണ്.

കൃഷിഭൂമിക്ക് ഇളവ്

ഈ നിയമത്തിന്റെ പരിധിയില്‍ നിന്ന് കൃഷിഭൂമിയെ ഒഴിവാക്കിയതാണ് ഒരു പ്രധാന കിഴിവ്. നിയമത്തിന്റെ 31(ശ)വകുപ്പുപ്രകാരം, ഈടു വസ്തു കൃഷിഭൂമിയാണെങ്കില്‍ പൂര്‍ണ്ണമായും ഈ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. കര്‍ഷകരുടെ രക്ഷ കരുതിയാണ് ഈ വകുപ്പ് ചേര്‍ത്തത്. പക്ഷേ പല ബാങ്കുകളും ഈ കാര്യം അവഗണിക്കുന്നുണ്ട്. ഇതിന് ഒട്ടേറെ ഉദാഹരണങ്ങളുണ്ട്.              

 ഈ നിയമം നടപ്പാക്കുന്നതില്‍ ബാങ്കിന് ഏറ്റവും പ്രയോജനം ചെയ്യുന്ന ഒരു കാര്യം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ സഹായം ഉപയോഗപ്പെടുത്തികൊണ്ട് ഒരു പ്രയാസവുമില്ലാതെ സ്ഥലം കൈവശമെടുക്കാന്‍ കഴിയുമെന്നതാണ്. ഈ സൗകര്യം ബാങ്കുകള്‍ ദുരുപയോഗപ്പെടുത്തുന്നു എന്നു കണ്ടതുകൊണ്ടാണ് 2013ല്‍ പാര്‍ലമെന്റ് ചില പ്രധാന ഭേദഗതികള്‍ കൊണ്ടുവന്നത്. അത് പ്രകാരം, വസ്തുവിന്റെ രീതി എന്താണ് എന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് ബോധ്യപ്പെടണം. ഹര്‍ജി കൊടുക്കുമ്പോള്‍ ഹര്‍ജിക്കാരന്‍ ഒരു സത്യവാങ്മൂലം കൊടുക്കണം. ഈട് വസ്തുനിയമ നടപടിക്ക് വിധേയമാക്കാവുന്ന രീതിയിലുള്ളതാണ് എന്നും വസ്തുവിന്റെ രീതി എന്തെന്നും സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരിക്കണം. എന്നാല്‍  ഈ നിയമം പലപ്പോഴും പാലിക്കപ്പെടാതെ പോകുന്നുണ്ട്.

റബര്‍, കാപ്പി, തേയില, ഏലം 

കൃഷിക്കാര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യം ബാങ്കുകള്‍ വളരെ ഹീനമായ രീതിയില്‍ തകര്‍ക്കാന്‍ ശ്രമിച്ചതിന് ഒരു ഉദാഹരണം കണ്ണൂര്‍ ജില്ലയില്‍ ഉണ്ടായി. ഒരു കേസില്‍ സര്‍ഫാസി നിയമം പ്രയോജനപ്പെടുത്താന്‍ അവിടുത്തെ ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്ക് ശ്രമിച്ചു. തന്റെ വസ്തു കൃഷി ഭൂമിയാണെന്നും അത് സര്‍ഫാസി നിയമം അനുസരിച്ച് ഏറ്റെടുക്കാവുന്നതല്ല എന്നും, മുഹമ്മദ് എന്ന ഭൂവുടമ വാദിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. അവസാനം അദ്ദേഹം കേരള ഹൈക്കോടതിയെ സമീപിച്ചു. അവിടെയും നീതി കിട്ടിയില്ല. കൃഷിഭൂമി ആണെങ്കില്‍ ഒഴിവാക്കാമായിരുന്നു, പക്ഷേ നിങ്ങള്‍ ഈടു വെച്ച ഭൂമിയില്‍ ഉള്ളത് റബ്ബര്‍ അല്ലേ എന്നാണ് കോടതി ചോദിച്ചത്.

പണമില്ലാത്തതുകൊണ്ടാവാം ആ വിധിയെ ചോദ്യം ചെയ്യന്‍ മുഹമ്മദിന് ആയില്ല. വിധി വന്ന് 7 മാസം കഴിഞ്ഞാണ് ഇങ്ങനെ ഒരു വിധി ഉണ്ടായതായി ഞാന്‍ അറിഞ്ഞത്. ഇതില്‍ പതിയിരിക്കുന്ന വലിയ വിപത്ത് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചില്‍ മുഹമ്മദിന്റെ കേസിലെ വിധിക്കെതിരെ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തു.

പൊതുതാല്‍പര്യ ഹര്‍ജി കൊടുക്കുന്നതിനേക്കാള്‍ കുറെക്കൂടി നിയമപരമായി ബുദ്ധിമുട്ടുണ്ട് പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്യുന്നതിന്. കാരണം ഒരു സ്വകാര്യ വ്യക്തിയുടെ കേസില്‍ വന്ന വിധിക്കെതിരെ ആണല്ലോ. ആ വ്യക്തിക്ക് മാത്രമേ ആ വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ അവകാശമുള്ളൂ. ആ അവകാശം 'പൊതുതാല്‍പര്യം'ആയി എങ്ങനെ മറ്റൊരാള്‍ക്കോ പ്രസ്ഥാനത്തിനോ ഏറ്റെടുക്കാന്‍ പറ്റും എന്നുള്ളത് തന്നെ പ്രശ്‌നം. പക്ഷേ പ്രാരംഭ വാദം പൂര്‍ണമായി കേട്ട കോടതി ഹര്‍ജി ഫയലില്‍ എടുത്തു. ശക്തമായ തര്‍ക്കം വന്നെങ്കിലും ഡിവിഷന്‍ ബെഞ്ച് എന്റെ വാദം പൂര്‍ണമായി അംഗീകരിച്ച്, റബ്ബര്‍ ഒരു കൃഷിതന്നെയാണ് എന്ന നിഗമനത്തിലെത്തി. 

എന്നാല്‍ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ബാങ്കിന് ഇതൊന്നും സഹിക്കാന്‍ കഴിയാത്തത് കൊണ്ടാവാം ഈ വിധി മാനിക്കാതെ റബര്‍, കാപ്പി, തേയില, ഏലം എന്നിവ കൃഷി ചെയ്യുന്ന ഭൂമി കൃഷിഭൂമിയായി കണക്കാക്കാന്‍ പറ്റില്ല എന്ന് വ്യക്തമായ ഉദ്ദേശത്തോടു കൂടിത്തന്നെ ചില നീക്കങ്ങള്‍ നടത്തി. അതിനെതിരെയും ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യഹര്‍ജി സമര്‍പ്പിച്ചു. സാധാരണ കൃഷികളെ പോലെ റബര്‍, കാപ്പി, തേയില, ഏലം മുതലായവയൊക്കെ കൃഷി തന്നെയാണ് എന്ന് കോടതി വിധിച്ചു. ഈ വിധിക്കെതിരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നെ പ്രതിയാക്കി സുപ്രീംകോടതിയില്‍ അപ്പീല്‍ പോയിരിക്കുകയാണ്. 

സര്‍ഫാസി പോലൊരു നിയമത്തില്‍ നിന്ന് കൃഷിഭൂമിയെ പൂര്‍ണമായി ഒഴിവാക്കിയപ്പോള്‍ ഒരു കാര്യം എല്ലാവര്‍ക്കും ബോധ്യപ്പെടും. കൃഷിക്കാര്‍ ഈ രാജ്യത്തിന്റെ നട്ടെല്ലാണ് എന്ന സത്യം രാജ്യം അംഗീകരിക്കുന്നു. എന്നിട്ടും ഈ അടിസ്ഥാന കാര്യം മനസ്സിലാക്കാതെ അതിനെതിരായി നില്‍ക്കുന്നവരെ ശക്തമായി തന്നെ നേരിടണം. പ്രതീക്ഷിക്കാതെ വലിയ മഴ വന്നാലും വെയില്‍ വന്നാലും കാലാവസ്ഥാ വ്യതിയാനം ഉണ്ടായാലും വലിയ നഷ്ടത്തിലാകുന്നവരാണ് കര്‍ഷകര്‍. ആ നഷ്ടം രാജ്യത്തെ വന്‍ രീതിയിലാണ് ബാധിക്കുന്നത്. 

 നാടിന് ഏറ്റവും വലിയ സംഭാവന നല്‍കുന്ന കര്‍ഷകര്‍ക്ക് ബാധ്യതകളും ബുദ്ധിമുട്ടുകളും ഉണ്ടായിക്കൊണ്ടിരിക്കും. കേരളത്തില്‍ 68 ലക്ഷം കര്‍ഷകര്‍ ഉണ്ടെന്നാണ് കണക്ക്. 17.9 ശതമാനം നാമമാത്ര കര്‍ഷകര്‍ വേറെയുമുണ്ട്. കടംമൂലം ആത്മഹത്യ ചെയ്യുന്നവരില്‍ കൂടുതലും കര്‍ഷകര്‍ തന്നെയാണ്. രാജ്യത്തെമ്പാടും കര്‍ഷക ശബ്ദം കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുന്നതും കാണാം. കൃഷിക്കാര്‍ക്കുള്ള ആനുകൂല്യം പോലും ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമായി നടപ്പാക്കേണ്ടതുണ്ട്. അത് കൃഷിക്കാര്‍ എടുത്ത കടങ്ങള്‍ എഴുതിത്തള്ളുന്നത് സംബന്ധിച്ചാണ്. സര്‍ഫാസി നിയമം പോലെയുള്ള പ്രത്യേക നിയമങ്ങളില്‍ നിന്ന് കര്‍ഷകരുടെ കടങ്ങള്‍ മുഴുവനും ഒഴിവാക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.