രേഖാമൂലം

Sunday 30 December 2018 2:32 am IST

സത്യം പറഞ്ഞാല്‍ സംഘിയാകുമെങ്കില്‍ എല്ലാവരും സംഘിയാകും: സെന്‍കുമാര്‍

പോലീസ് ഫോണ്‍ചോര്‍ത്തല്‍ തുടങ്ങിയത് കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴാണ്. അന്ന് ജേക്കബ് പുന്നൂസായിരുന്നു പോലീസ്‌മേധാവി. ഫോണ്‍ ചോര്‍ത്തലിന്റെ പേരില്‍ ചില മാധ്യമങ്ങള്‍ എന്നെ കുറ്റപ്പെടുത്തുന്നു. പല വ്യാജ ആരോപണങ്ങളും വരുന്നുണ്ട്. സത്യം പറഞ്ഞതിന് എല്ലാവരും ചേര്‍ന്ന് സംഘിയാക്കുന്നു. സത്യം പറഞ്ഞാല്‍ സംഘി ആകുമെങ്കില്‍ എല്ലാവരും സംഘിയാകും. സേവാഭാരതിയുടെ പരിപാടിയില്‍ പങ്കെടുത്തത് വലിയ കുറ്റമായി ചിത്രീകരിക്കുന്നു. നിഷ്‌കാമകര്‍മ്മം ചെയ്യുന്ന നല്ല മനുഷ്യരുടെ കൂട്ടായ്മയാണത്. പ്രളയകാലത്ത് അവരുടെ അതുല്യസേവനം കേരളം കണ്ടതാണ്.

(ടി.പി. സെന്‍കുമാര്‍,മുന്‍ ഡിജിപി)

ഞാനും വാപ്പച്ചിയും രണ്ടുനിലകളിലായിരുന്നു കിടന്നിരുന്നത്. ഞാന്‍ മുകളിലാണ്. വാപ്പച്ചിയെ കാണാന്‍ വരുന്നതിനു മുമ്പു ഞാന്‍ നിര്‍ബന്ധമായും കുളിച്ചു വസ്ത്രംമാറിയിരിക്കും. ഒരു സ്ഥലത്തും സ്പര്‍ശിക്കുകപോലുമില്ല. ഇങ്ങനെ അതീവ ജാഗ്രതയോടെയാണ് ഞാന്‍ കാണാന്‍ വന്നിരുന്നത്. പക്ഷേ, ഇവിടെയെത്തുമ്പോള്‍ കാണുന്ന കാഴ്ചയോ? ഗള്‍ഫില്‍ നിന്നൊക്കെ ധാരാളം അറബികള്‍ ഇവിടെ വരുന്നുണ്ടായിരുന്നു. അവര്‍ വസ്ത്രം മാറുന്നില്ല എന്നുമാത്രമല്ല അവരുടെ നീണ്ട അയഞ്ഞ കുപ്പായവും പര്‍ദ്ദയുമെല്ലാം നിലത്തുകൂടി ഇഴയുന്നുണ്ടാകും. ഇങ്ങനെ പൊടിയും ചെളിയും പറ്റിയ വസ്ത്രവുമായാണ് ഐസിയുവില്‍ ചെല്ലുക. ഇതേക്കുറിച്ച് ആശുപത്രിക്കാരോട് ചോദിക്കണമെന്ന് പലവട്ടം വിചാരിച്ചതാണ്. ഒരു പ്രശ്‌നമുണ്ടാക്കേണ്ട എന്നു കരുതി അവരെ വിശ്വാസത്തിലെടുത്തു നിശ്ശബ്ദരായിരിക്കുകയായിരുന്നു ഞങ്ങള്‍. അതിനു കൊടുക്കേണ്ടി വന്ന വില ഞങ്ങളുടെ വാപ്പച്ചിയുടെ ജീവനായിരുന്നു.

(അമീനാ ഷാനവാസ്,എം.ഐ. ഷാനവാസിന്റെ മകള്‍)

 

മാണിക്യനു മുത്തശ്ശിക്കഥകളിലെ വില്ലന്‍ രൂപത്തിന്റെ കെട്ടുകാഴ്ചകളില്ല. പകരം വീരനായക പരിവേഷമാണ്. വര്‍ഷങ്ങളുടെ നീണ്ട ഇടവേളയ്ക്കുശേഷം തേങ്കുറുശ്ശി എന്ന സ്വന്തം ഗ്രാമത്തിലേക്ക് അയാളെ തിരികെ വിളിച്ച ഭൂതകാലത്തിന്റെ ചില അടയാളങ്ങളുണ്ട്, പകയും പ്രതികാരവുമുണ്ട്. പറയാതെപോയ പ്രണയമുണ്ട്. ജീവിച്ചുതീര്‍ത്ത ഭൂതകാലത്തിന്റെ നഷ്ടങ്ങളും ഇഷ്ടങ്ങളും തേടിപ്പിടിച്ചുള്ള ആ മടങ്ങിവരവില്‍ മാണിക്യന്‍ നമ്മെയും ഒപ്പം കൂട്ടുന്നു. തേങ്കുറുശ്ശിയുടെ ഇടവഴിയോരം ചേര്‍ന്നു നടക്കുമ്പോള്‍ നമുക്കറിയാം, ഏതു നിമിഷവും ഒരു കാട്ടുപോത്തിന്റെ അലര്‍ച്ചയോടെയോ മറ്റോ മാണിക്യന്‍ ചാടിവീണേക്കാം. മാനാകാനും മയിലാകാനും പ്രിയതമയുടെ ചുണ്ടിലെ മുത്തമാകാനും കഴിയുന്ന ഗന്ധര്‍വനെപ്പോലെ അനുരാഗിയുടെ രാത്രിജാലകത്തിനപ്പുറം അരണ്ട് നിലാവെട്ടത്തിലേക്ക് കുതിക്കുന്ന കലമാനാകാനും അവളുടെ കൈക്കുടന്നയിലെ താമരപ്പൂവിതളാകാനും കഴിയുന്ന മാണിക്യനെ നമുക്ക് ഇഷ്ടപ്പെടാതിരിക്കാനാവില്ല. 

(റിയ ജോയ്)

ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ താല്പര്യമുള്ള ഒരുപാടുപേര്‍ കേരളത്തിലുണ്ട്. ഓരോ വിഷയത്തിലും എനിക്ക് എന്റേതായ കാഴ്ചപ്പാടുകളും നിലപാടുകളുമുണ്ട്. സിനിമയില്‍ എക്കാലവും നിലനില്‍ക്കണമെന്നാഗ്രഹിച്ച് ഞാനൊന്നും പറയാതിരിക്കുന്നില്ല. സാമൂഹിക കാര്യങ്ങളില്‍ ഇടപെടുകയും സംസാരിക്കുകയും ചെയ്യുക എന്നത് ഒരു പൗരന്‍ എന്ന നിലയില്‍ എന്റെ ഉത്തരവാദിത്വമാണ്. ആരെയെങ്കിലും പേടിച്ച്, അത് രാഷ്ട്രീയ തമ്പുരാക്കന്മാരായാലും സിനിമാ തമ്പുരാക്കന്മാരായാലും, മിണ്ടാതിരിക്കാന്‍ കഴിയില്ല.

പ്രബലകക്ഷികളുടെ രണ്ട് നേതാക്കളും ഇപ്പോള്‍ ചേക്കേറിയ മറ്റൊരു നേതാവുമാണ് എന്‍എസ്എസ്സിനെതിരെ രൂക്ഷപ്രതികരണം നടത്തുന്നത്. ഇവര്‍ നായര്‍ സമുദായാംഗങ്ങള്‍ കൂടി ആകുമ്പോള്‍ എന്തുമാകാം എന്നാണല്ലോ. ഈ പരിപ്പൊന്നും വേവുകയില്ലെന്ന് മൂന്നുപേരും മനസ്സിലാക്കണം. എന്‍എസ്എസ്സിന്റെ അടിത്തറയും സംഘടനയും ശക്തമാണ്. എന്‍എസ്എസ് സമദൂരം തെറ്റിച്ചു. ഇനി സമൂദരത്തെക്കുറിച്ചു പറയാന്‍ അവകാശമില്ല എന്നൊക്കെയാണു മൂന്നു നേതാക്കളുടെയും വിമര്‍ശനം. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് സര്‍ക്കാര്‍ നവോത്ഥാനത്തിന്റെ പേരില്‍ വനിതാമതില്‍ തീര്‍ക്കാന്‍ നോക്കുന്നത്.

സൂഫിസത്തിനു ദൈവശാസ്ത്രപരമായ ആഗോളമാനങ്ങള്‍ ഉള്ളതോടൊപ്പം തന്നെ ചരിത്രപരമായ പ്രാദേശിക സവിശേഷതകള്‍ കൂടിയുണ്ട്. പലപ്പോഴും 9/11നുശേഷം അക്കാദമിക ചര്‍ച്ചകളില്‍ ഫാഷനായ സൂഫി ഇസ്‌ലാം/സലഫി ഇസ്‌ലാം എന്ന തരംതിരിവിനെ തന്നെ ലംഘിക്കുന്നതാണ് ഈ മേഖലയിലെ ദൈവശാസ്ത്രസംവാദങ്ങള്‍. സൂഫിസത്തിന്റെ പ്രാദേശിക സവിശേഷതകള്‍ തന്നെ ഇതിനു തെളിവാണ്. ഇന്ത്യയിലെ യോഗപോലെ, കേരളത്തിലെ കളരിപോലെ, ചൈനക്കാരുടെ കുങ്ഫു അടക്കമുള്ള ആയോധനകലയും സൂഫി അനുഷ്ഠാനങ്ങളും തമ്മിലുള്ള ബന്ധം വളരെ പ്രധാനമാണ്.

ലോകത്ത് നിലവിലുള്ള തീര്‍ത്ഥാടനങ്ങളില്‍ അധികവും മനുഷ്യനെ ദൈവിക മഹാത്മ്യത്തിലേക്ക് ഉയര്‍ത്താനുള്ള വിശ്വാസമാര്‍ഗങ്ങളില്‍ മാത്രമാണ് ശ്രദ്ധവയ്ക്കുന്നതെങ്കില്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ശിവഗിരി തീര്‍ത്ഥാടനം മനുഷ്യനെ സമ്പൂര്‍ണ മനുഷ്യത്വത്തോടടുപ്പിക്കുന്നതിനാണ് ഊന്നല്‍ കൊടുക്കുന്നത്. മനുഷ്യനെ ഒരുത്തമ മനുഷ്യനാക്കി തീര്‍ക്കുന്നത് മനുഷ്യത്വമാണ്. മനുഷ്യത്വം ദുര്‍ബലപ്പെട്ടാല്‍ മനുഷ്യന്‍ മനുഷ്യനല്ലാതായിത്തീരും. നിര്‍ഭാഗ്യവശാല്‍ ഇന്ന് അത്തരമൊരു കാഴ്ചയാണ് ലോകത്ത് പലയിടത്തും കാണാനാവുന്നത്.

(മങ്ങാട് ബാലചന്ദ്രന്‍)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.