മെല്‍ബണ്‍: ഓസീസ് നായകന് ടിം പെയ്നിനെ വെള്ളം കുടിപ്പിച്ച് ഇന്ത്യന്‍ യുവ താരം ഋഷഭ് പന്ത്. സ്റ്റംപിനു പിന്നില്‍ വാക്കുകള്‍കൊണ്ട് എതിരാളിയെ പ്രകോപിപ്പിക്കുന്ന ഓസീസ് നായകന്റെ തന്ത്രം അതേ രീതിയില്‍ തിരിച്ച് പ്രയോഗിക്കുകയായിരുന്നു പന്തും.
കളിക്കാനായി ഗ്രൗണ്ടിലെത്തിയ പെയ്നിനെ പന്ത് വരവേറ്റത് താങ്കള്‍ എപ്പോഴെങ്കിലും താല്‍ക്കാലിക നായകന് എന്ന് കേട്ടിട്ടുണ്ടോയെന്ന ചോദ്യം മായങ്കിനോട് ചോദിച്ചുകൊണ്ടായിരുന്നു. അവിടെയും പ്രകോപനം നിര്‍ത്താന്‍ തയാറാകാഞ്ഞ പന്ത് ബൗളറായ ജഡേജയോട് പെയ്നിന്റെ വിക്കറ്റെടുക്കാന്‍ കൂടുതലൊന്നും ചെയ്യേണ്ട കാര്യമില്ലെന്നും ഇദ്ദേഹത്തിന് വര്‍ത്തമാനം പറയാന്‍ മാത്രമേ അറിയൂവെന്നും കളിയാക്കി.
ജഡേജയുടെ പന്തില്‍ ഓസീസ് നായകന്റെ മെല്‍ബണ്‍ ഇന്നിങ്സിന് അവസാനം കുറിച്ചതും പന്തിന്റെ കൈകളിലൂടെയായിരുന്നുവെന്നത് മറ്റൊരു കൗതുകം. എന്നാല്‍, ഗ്രൗണ്ടിലെ പരാമര്‍ശങ്ങള്‍ അതിരുകടക്കുന്നുവെന്ന് കണ്ടെത്തിയ അമ്പയര്‍ ഇയാന്‍ ഗൗള്‍ഡ്, പന്തിനെ ശാസിച്ചു. തര്‍ക്കങ്ങള്‍ ഗ്രൗണ്ടിനെ ചൂടുപിടിപ്പിക്കുമ്പോള്‍ ഇന്ത്യയുടെ ചരിത്ര വിജയം കൈയെത്തും ദൂരത്താണെന്നതും ശ്രദ്ധേയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: