മെല്‍ബണില്‍ ചരിത്രജയം സ്വന്തമാക്കി ഇന്ത്യ

Sunday 30 December 2018 8:59 am IST

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ മണ്ണില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യ. ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഓസീസിനെ 137 റണ്‍സിനാണ് ഇന്ത്യ തറ പറ്റിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 399 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കങ്കാരുപ്പടയെ ടീം ഇന്ത്യ 261 റണ്‍സില്‍ പിടിച്ചുകെട്ടി. 37 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യ ടെസ്റ്റ് മത്സരം വിജയിക്കുന്നത്.

രണ്ട് ഇന്നിംഗ്സുകളിലായി ഓസ്ട്രേലിയയുടെ 9 വിക്കറ്റുകള്‍ വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ വിജയശില്‍പ്പി. ജയത്തോടെ നാല് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലായി. സിഡ്നിയിലാണ് പരമ്പരയിലെ അവസാന മത്സരം നടക്കുക. ജനുവരി മൂന്നിന് നാലാം മത്സരം ആരംഭിക്കും.

അവസാന ദിവസം രണ്ട് വിക്കറ്റ് മാത്രം ശേഷിക്കെ 141 റണ്‍സ് വേണ്ടിയിരുന്ന ഓസ്ട്രേലിയ 261ന് ഓള്‍ ഔട്ടാവുകയായിരുന്നു. മഴ കാരണം കളി ഉച്ചവരെ പുനരാരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഉച്ചഭക്ഷണത്തിന് ശേഷം കളി തുടങ്ങിയപ്പോള്‍ 4.3 ഓവറില്‍ ശേഷിക്കുന്ന വിക്കറ്റുകള്‍ കൂടി നഷ്ടമായി.

114 പന്തില്‍ നിന്ന് 63 റണ്‍സെടുത്ത കമ്മിന്‍സാണ് ആദ്യം പുറത്തായത്. ബുംറക്കായിരുന്നു വിക്കറ്റ്. ഇഷാന്ത് ശര്‍മ്മ എറിഞ്ഞ തൊട്ടടുത്ത ഓവറില്‍ നഥാന്‍ ലിയോണും പുറത്തായി. ഏഴ് റണ്‍സ് മാത്രമാണ് നഥാന്റെ സമ്പാദ്യം. ഹെയ്സല്‍വുഡ് പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി ബുംറയും ജഡേജയും മൂന്ന് വിക്കറ്റ് വീതവും ഷമിയും ഇഷാന്തും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.