മൃണാള്‍ സെന്‍ അന്തരിച്ചു

Sunday 30 December 2018 1:20 pm IST

കൊല്‍ക്കത്ത: വിഖ്യാത ചലച്ചിത്രകാരന്‍ മൃണാള്‍ സെന്‍ (95) അന്തരിച്ചു. കൊല്‍ക്കത്തയില്‍ ഭവാനിപൂരിലെ വസതിയില്‍ ഇന്നലെ രാവിലെ 10.30 ന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ആരോഗ്യപ്രശ്‌നങ്ങളാല്‍ വര്‍ഷങ്ങളായി സിനിമാരംഗത്തു നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു സെന്‍. 

ബംഗാളി ഭാഷയിലൂടെ  ലോകോത്തര സിനിമകള്‍  സമ്മാനിച്ച സെന്‍ സമാന്തര സിനിമയുടെ  'അംബാസിഡര്‍'  എന്നാണ് അറിയപ്പെടുന്നത്. പദ്മഭൂഷണ്‍, ദാദാസാഹെബ് ഫാല്‍ക്കേ പുരസ്‌ക്കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. ഒന്നിലേറെ തവണ മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡു നേടി. അവിഭക്ത ബംഗാളിലെ ഫരീദാപൂരില്‍ 1923 മെയ് 14 ന്  ജനനം. കൊല്‍ക്കത്തയിലെ സ്‌കോട്ടിഷ് ചര്‍ച്ച് കോളേജ്, യൂണിവേഴ്‌സിറ്റി ഓഫ് കല്‍ക്കത്ത എന്നിവിടങ്ങളില്‍ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഭാര്യ ഗീതാ ഷോം കഴിഞ്ഞ വര്‍ഷം അന്തരിച്ചു. മകന്‍ കുനാല്‍ സെന്‍. 

നവതരംഗ സിനിമയുടെ കുലപതിയെന്ന് വിശേഷിപ്പിക്കാവുന്ന മൃണാള്‍ സെന്നിന്റെ മികച്ച സിനിമാ സൃഷ്ടികളാണ്  മൃഗയ, ഏക് ദിന്‍ അചാനക്, കല്‍ക്കത്ത 71 , ഭുവന്‍ ഷോം തുടങ്ങിയവ. കാന്‍, ബെര്‍ലിന്‍, വെനിസ്, മോസ്‌കോ, ചിക്കാഗോ ചലച്ചിത്രമേളകളിലെല്ലാം സെന്നിന്റെ ചിത്രങ്ങള്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. വിഖ്യാത ബംഗാളി സംവിധായകരായിരുന്ന സത്യജിത് റേയുടെയും ഋത്വിക് ഘട്ടക്കിന്റെയും സമകാലികനായിരുന്നു. 1997  മുതല്‍ 2003 വരെ രാജ്യസഭാംഗമായി.

ബെര്‍ലിന്‍, മോസ്‌കോ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ സെന്‍ ജൂറി അംഗമായിരുന്നു. ഭുവന്‍ ഷോം, ചോരസ്, മൃഗയ, അകാലേര്‍ സന്‍ന്ധാനെ തുടങ്ങിയ ചലച്ചിത്രങ്ങള്‍ ദേശീയ അവാര്‍ഡ് നേടി. 2002 ല്‍  സംവിധാനം ചെയ്ത അമാര്‍ ഭുവന്‍ ആയിരുന്നു അവസാന സിനിമ. 

സെന്നിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ധന്‍സിങ് റാത്തോഡ് തുടങ്ങിയവര്‍ അനുശോചിച്ചു. അവിസ്മരണീയ സിനിമകള്‍ സമ്മാനിച്ചതിന് രാജ്യം മൃണാള്‍ സെന്നിനോട് കടപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.  'മൃണാള്‍ സെന്‍ അങ്ങ്   എക്കാലവും സ്മരിക്കപ്പെടു' മെന്ന് നടന്‍ മോഹന്‍ലാല്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ചിക്കാഗോയില്‍ നിന്ന് മകന്‍ കുനാല്‍സെന്‍ എത്തിയശേഷം അന്ത്യകര്‍മങ്ങള്‍ നടത്തും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.