ആശാ ലോറന്‍സ് പറയുന്നത്

Monday 31 December 2018 3:18 am IST
പ്രമുഖ സിപിഎം നേതാവ് എം.എം. ലോറന്‍സിന്റെ കൊച്ചുമകന്‍ മിലന്‍ ഇമ്മാനുവല്‍ ബിജെപി സമരപ്പന്തലില്‍ പോയതിന്, ആവിഷ്‌കാര സ്വാതന്ത്ര്യവും പാര്‍ട്ടി പ്രവര്‍ത്തന സ്വാതന്ത്ര്യവും ജനാധിപത്യ അവകാശവും പറയുകയും പ്രസംഗിക്കുകയും ചെയ്യുന്ന സിപിഎം, അമ്മ ആശാ ലോറന്‍സിനെ ജോലി ചെയ്യുന്ന സിഡ്‌കോയില്‍ പലതരത്തില്‍ വിഷമിപ്പിക്കുകയാണ്. 2018 ഡിസംബര്‍ 14ന് ഇതു സംബന്ധിച്ച വിശദമായ വാര്‍ത്ത ജന്മഭൂമി പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്തയോട് ആശയുടെ പ്രതികരണം.

സിഡ്കോ ചെയര്‍മാന്‍ സിപിഐ നോമിനിയാണ് എന്നറിഞ്ഞപ്പോള്‍ ഞാന്‍ ആശ്വസിച്ചു, ഒരു കമ്മ്യൂണിസ്റ്റുകാരന്‍ ആണല്ലോ, സഹപ്രവര്‍ത്തകരുടെ ഉപദ്രവത്തില്‍ നിന്നും രക്ഷിച്ചുതരുമായിരിക്കുമെന്നു വിശ്വസിച്ചു. ചെയര്‍മാന്‍ നിയാസ് പുളിക്കലാത്തിന്റെ നമ്പര്‍ കണ്ടെത്തി പരാതി പറഞ്ഞു. ചാര്‍ജ്ജ് എടുത്താല്‍ ആദ്യം കോഴിക്കോട് വരും, പരിഹാരം ഉണ്ടാക്കും എന്നാണ് പറഞ്ഞത്. പിന്നീട് വിളിച്ചപ്പോള്‍ പറഞ്ഞു 'ജീവനക്കാരുടെ കാര്യങ്ങളില്‍ ചെയര്‍മാന്‍ ഇടപെടാറില്ല' എന്ന്. എന്നിട്ടും ചെയര്‍മാന്‍ കോഴിക്കോട് വന്നപ്പോള്‍ ഞാന്‍ നേരിട്ട് പരാതി പറഞ്ഞു. 

അറുപതോളം വരുന്ന ജീവനക്കാരുടെ മുന്നില്‍ വെച്ച് എന്നെ അപമാനിക്കുകയാണ് കമ്മ്യൂണിസ്റ്റുകാരനായ ചെയര്‍മാന്‍ ചെയ്തത്. 'നിങ്ങളുടെ കഥ കേള്‍ക്കാന്‍ വന്നതല്ല, പുതിയ കാര്യം വല്ലതും ഉണ്ടെങ്കില്‍ പറയൂ. നിങ്ങള്‍ അഴിമതിയുടെ ഭാഗമല്ലേ, പറ്റില്ലെങ്കില്‍ രാജിവെച്ചു പോകൂ. നിങ്ങള്‍ തന്റേടിയാണ്,'' എന്നാണ് പറഞ്ഞത്. സിഡ്കോ ചെയര്‍മാന്‍ തന്നെ സിഡ്കോയില്‍ അഴിമതിയാണെന്ന് സമ്മതിച്ചു. ലോക വനിതാദിനത്തിന്റെ പിറ്റേന്ന് 2017 മാര്‍ച്ച് ഒമ്പതിനാണ് ഈ അപമാനിക്കല്‍. ഇതേപ്പറ്റി ഞാന്‍ സിപിഐ ദേശീയ സെക്രട്ടറിക്കും എന്‍എഫ്ഐഡബ്ല്യുവിന്റെ ദേശീയ സെക്രട്ടറി ആനി രാജയ്ക്കും കാനം രാജേന്ദ്രനും സി. ദിവാകാരനും പരാതി നല്‍കിയിരുന്നു. 

തിരുവനന്തപുരത്ത് നടന്ന കാര്യങ്ങളില്‍ മുഖ്യമന്ത്രി, വ്യവസായമന്ത്രി, ഗവര്‍ണര്‍, ഡിജിപി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതുവരെ നടപടിയുണ്ടായിട്ടില്ല. സിപിഎം നേതാവ് ജോസഫൈനില്‍ നിന്നും മുമ്പ് ആക്ഷേപം നേരിട്ടിട്ടുള്ളതിനാല്‍ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയില്ല. ദല്‍ഹിയില്‍ മിലന് സ്‌കൂള്‍ അഡ്മിഷനു വേണ്ടി പ്രൊഫ.കെ.വി. തോമസിനെ കേരള ഹൗസില്‍ പോയി കണ്ടിരുന്നു. ഇതിന് ജോസഫൈന്‍ എന്നെ കുറെയേറെ ആക്ഷേപിച്ചു സംസാരിച്ചു. 'താമസസ്ഥലം ഞങ്ങള്‍ തരണം, എന്നിട്ട് കണ്ടവരെയൊക്കെ കണ്ടു നടക്കുകയാണല്ലേ' എന്നൊക്കെ പറഞ്ഞു. ഞാന്‍ മറുപടി ഒന്നും പറഞ്ഞില്ല, പറഞ്ഞിട്ട് കാര്യമില്ലാത്തത് കൊണ്ടാണ് ഒന്നും പറയാതെ നിന്നത്. ഇവര്‍ എന്നേ ആക്ഷേപിച്ചതിന് കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ സോണിയ ഗാന്ധിയുടെ വിരുന്നു സത്കാരത്തിനു പോകുന്ന അന്നത്തെ പാര്‍ട്ടി സെക്രട്ടറി പ്രകാശ് കാരാട്ടിന്റെയും ഭാര്യ പിബി അംഗം വൃന്ദയുടെയും പടം മിക്ക പത്രങ്ങളിലും മുന്‍ പേജില്‍ തന്നെ കണ്ടു. എനിക്ക് ചിരി വന്നു. ജോസഫൈന്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗമാണ്. എന്നാലും പാര്‍ട്ടി സെക്രട്ടറിയെയും ഭാര്യയെയും ചോദ്യം ചെയ്യുമോ അവര്‍? അതിനുള്ള ധൈര്യമുണ്ടോ? എന്റെ മകന്‍ മിലന്റെ സ്‌കൂള്‍ അഡ്മിഷന്റെ കാര്യത്തിനാണ് ഞാന്‍ പ്രൊഫ.കെ.വി. തോമസിനെ കണ്ടത്, കോണ്‍ഗ്രസുകാരുടെ ആരുടെയും വീട്ടില്‍ വിരുന്ന് സത്കാരത്തിന് പോയതല്ല. അധികാരമുള്ളവര്‍ക്ക് എന്തും ആകാം, അവരോട് ആര് ചോദിക്കാന്‍? അഗതികളോടും അനാഥരോടും ആര്‍ക്കും എന്തും ആകാം എന്നാണോ? 

മിലന്‍ ബിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പിറ്റേന്ന് സിഡ്കോ എംഡി എന്നോട് ചെയര്‍മാനേ കാണാനും ആവശ്യപ്പെട്ടിരുന്നു. ചെയര്‍മാന്‍ മുമ്പ് അപമാനിച്ചിട്ടുള്ളതുകൊണ്ടും എന്റെ പരാതി ചെയര്‍മാന്റെ മുമ്പാകെ കൊടുത്തിട്ടില്ലാത്തുകൊണ്ടും ഞാന്‍ തയ്യാറായില്ല. നിര്‍ബന്ധമാണെങ്കില്‍ എംഡിയുടെ സാന്നിധ്യത്തില്‍ കാണാമെന്നു പറഞ്ഞു. പിന്നെ ചെയര്‍മാനെ കാണാന്‍ നിര്‍ബന്ധിച്ചില്ല.

മിലന് രാഷ്ട്രീയത്തില്‍ താല്‍പ്പര്യം വളരെ ചെറുതായിരുന്നപ്പോഴേ ഉണ്ടായിരുന്നു. രാഷ്ട്രീയത്തില്‍ ഇറങ്ങട്ടെ എന്ന് കുറച്ചുനാളായി എന്നോട് ചോദിക്കുന്നുണ്ടായിരുന്നു. അമ്മ എന്ന നിലയ്ക്ക് എനിക്കവന്‍ 'രാഷ്ട്രീയക്കാരന്‍' ആകുന്നതിനോട് യോജിപ്പില്ല. അതേസമയം അവനത് തിരഞ്ഞെടുത്താല്‍ എതിര്‍ക്കാനുമില്ല. അവന്റെ വിശ്വാസം, രാഷ്ട്രീയം, പഠിക്കാനുള്ള വിഷയം, ജീവിതപങ്കാളി ഇതെല്ലാം അവന്റെ മാത്രം തീരുമാനമായിരിക്കും. ഇപ്പോള്‍ ഞാന്‍ അവന്റെ കാവല്‍ക്കാരി മാത്രമാണ്. അവന്‍ രാജ്യദ്രോഹക്കുറ്റമൊന്നും ചെയ്തില്ല, സാമൂഹ്യദ്രോഹിയായി ജീവിക്കുന്നില്ല. അവന്റെ ദൈവവിശ്വാസവും പോലീസ് അതിക്രമത്തിനെതിരെയുള്ള വിയോജിപ്പുമാണ് അവനെ ബിജെപി വേദിയില്‍ എത്തിച്ചത്. അതിന് എന്റെ ജോലിയില്ലാതാക്കാന്‍ നോക്കിയത് കമ്യൂണിസ്റ്റുകാര്‍ക്ക് യോജിച്ച കാര്യമാണോ? പാര്‍ട്ടിയിലേക്ക് പുതിയ അംഗങ്ങളെ ചേര്‍ക്കാന്‍ നടക്കുന്നവര്‍ എന്തുകൊണ്ട് പാര്‍ട്ടി സഖാക്കളുടെ കുടുംബാംഗങ്ങളെ, മക്കളെ, കൊച്ചുമക്കളെ പാര്‍ട്ടിയോട് ചേര്‍ത്തു നിര്‍ത്താന്‍ ശ്രമിക്കുന്നില്ല. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം, കുടുംബങ്ങളിലേക്ക് ചെല്ലണം എന്ന് സഖാക്കളോടും നേതാക്കന്‍മാരോടും പറയുന്ന പാര്‍ട്ടി മുഴുവന്‍സമയ പ്രവര്‍ത്തകരുടെ കുടുംബങ്ങളെ ചേര്‍ത്തു നിര്‍ത്തട്ടെ, ആദ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.