ഇറ്റാലിയന്‍ കുടുംബം കുരുക്കിലേക്ക്

Monday 31 December 2018 3:32 am IST
ഹെലികോപ്റ്റര്‍ ഇടപാടില്‍ ഒരു ക്രമക്കേടും അഴിമതിയും ഇല്ലെന്നായിരുന്നു പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണിയുടെ നിലപാട്. വകുപ്പുമന്ത്രിയെ പോലും കബളിപ്പിച്ച് കോഴ തരപ്പെടുത്തി എന്നു തന്നെയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന മൊഴി. മിഷേലിന്റെ മൊഴിയില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയയുടെ പേരുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ്, ദല്‍ഹിയിലെ പട്യാലഹൗസ് കോടതിയെ അറിയിച്ചതോടെയാണ് രഹസ്യം പുറത്തായത്.

കാശവും ഭൂമിയും പാതാളവും അഴിമതിക്ക് പറ്റിയ വേദിയാണെന്ന് തെളിയിച്ച ഭരണമായിരുന്നു യുപിഎയുടേത്. എട്ടുലക്ഷം കോടിയിലധികമാണ് പത്തുവര്‍ഷം കോണ്‍ഗ്രസ് നയിച്ച ഭരണകാലത്തുണ്ടായ അഴിമതി. കോമണ്‍വെല്‍ത്ത് ഗെയിംസ്, കല്‍ക്കരിപ്പാടം വില്‍ക്കല്‍, ആദര്‍ശ് ഫ്‌ളാറ്റ് തുടങ്ങിയവയുടെ കൊള്ളക്കഥകള്‍ ഏറെ ചര്‍ച്ചചെയ്തതാണ്. അത് സംബന്ധിച്ച അന്വേഷണ നടപടികള്‍ പലഘട്ടത്തിലുമാണ്. ഹെലികോപ്റ്റര്‍ കച്ചവടത്തില്‍ ഉയര്‍ന്ന ശക്തമായ ആരോപണങ്ങള്‍ സംബന്ധിച്ച വ്യക്തമായ തെളിവ് ലഭിച്ചിരുന്നില്ല. എന്നാല്‍ അഗസ്ത വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടില്‍ ഇടനിലക്കാരനായ ക്രിസ്ത്യന്‍ മിഷേല്‍ ജെയിംസ് ചില കാര്യങ്ങള്‍ വ്യക്തമായി വെളിപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയിലെ ഇറ്റാലിയന്‍ രാഷ്ട്രീയ കുടുംബമാണ് ഹെലികോപ്റ്റര്‍ ഇടപാടിലെ ഗുണഭോക്താക്കളെന്നാണ് നല്‍കിയ സൂചന. ഡോ. മന്‍മോഹന്‍സിംഗിനെ പ്രധാനമന്ത്രിസ്ഥാനത്ത് നോക്കുകുത്തിയാക്കി ഈ കുടുംബവും ആശ്രിതരും വെട്ടിവിഴുങ്ങുകയായിരുന്നുവെന്ന് നേരത്തെ തന്നെ ആക്ഷേപമുയര്‍ന്നതാണ്. എല്ലാ അഴിമതികളിലും ഈ കുടുംബത്തിനുള്ള പങ്ക് അനിഷേധ്യമാണെന്നതില്‍ സംശയമില്ല.

ഹെലികോപ്റ്റര്‍ ഇടപാടില്‍ ഒരു ക്രമക്കേടും അഴിമതിയും ഇല്ലെന്നായിരുന്നു പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണിയുടെ നിലപാട്. വകുപ്പുമന്ത്രിയെ പോലും കബളിപ്പിച്ച് കോഴ തരപ്പെടുത്തി എന്നു തന്നെയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന മൊഴി. മിഷേലിന്റെ മൊഴിയില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയയുടെ പേരുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ്, ദല്‍ഹിയിലെ പട്യാലഹൗസ് കോടതിയെ അറിയിച്ചതോടെയാണ് രഹസ്യം പുറത്തായത്. സോണിയയുടേയും രാഹുലിന്റെയും പേരുകള്‍ മൊഴികളിലുണ്ടെന്നു, കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. മിഷേലിനെ വീണ്ടും കസ്റ്റഡിയില്‍ കിട്ടണമെന്നാവശ്യപ്പെട്ട് നല്‍കിയ റിപ്പോര്‍ട്ടിലാണിത്. ചോദ്യം ചെയ്യലിനിടെ 'മിസിസ് ഗാന്ധി' എന്ന പരാമര്‍ശം മിഷേല്‍ നടത്തിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കിയത്. എന്നാല്‍, ഏതു ചോദ്യത്തിനാണ് ഇങ്ങനെ മറുപടി നല്‍കിയതെന്ന കാര്യം ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും കോടതിയെ എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചിട്ടുണ്ട്. മിഷേല്‍ മറ്റ് ഇടനിലക്കാരുമായി നടത്തിയ ആശയവിനിമയത്തിലെ 'ആര്‍' എന്ന വിശേഷണമുള്ള പ്രധാന പേരുകാരന്‍ ആരെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും അറിയിച്ചു. അടുത്ത പ്രധാനമന്ത്രി എന്ന് അവകാശപ്പെടുന്ന ആള്‍ എന്നുകൂടി വരുമ്പോള്‍ അത് രാഹുല്‍ തന്നെ എന്ന് ധരിക്കേണ്ടിയിരിക്കുന്നു. ഏറ്റവും ഒടുവില്‍ പാര്‍ലമെന്റിനകത്തും പുറത്തും രാഹുല്‍ നടത്തിയ പ്രകടനങ്ങള്‍, കള്ളിവെളിച്ചത്താവും എന്നുറപ്പായതോടെയാണ്.

അതിനിടെ ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ അഭിഭാഷകര്‍ക്ക് രഹസ്യമായി കൈമാറാനുള്ള  മിഷേലിന്റെ ശ്രമം എന്‍ഫോഴ്‌സ്‌മെന്റ് പൊളിച്ചു. സിബിഐ ആസ്ഥാനത്ത്  ചോദ്യം ചെയ്യലിന് ശേഷം വൈകിട്ട് അഭിഭാഷകരെ കാണുന്നതിനിടെയാണ് ചോദ്യങ്ങള്‍ കൈമാറാന്‍ ശ്രമിച്ചത്. സോണിയയുടെ പങ്കിനെപ്പറ്റിയുള്ള ചോദ്യങ്ങളാണ് അഭിഭാഷകര്‍ക്ക് രഹസ്യമായി മിഷേല്‍ കൈമാറാന്‍ ശ്രമിച്ചതെന്ന് ഇ ഡി കോടതിയെ അറിയിച്ചു. ദിവസവും രാവിലെയും വൈകിട്ടും ഓരോ മണിക്കൂര്‍ വീതം അഭിഭാഷകരെ കാണാന്‍ കോടതി നല്‍കിയ അനുമതിയുടെ മറവിലായിരുന്നു ഇത്. അഭിഭാഷകര്‍ക്ക് ഹസ്തദാനം നല്‍കുന്നതിനിടെ ചുരുട്ടിയ നിലയിലാണ് ചോദ്യങ്ങള്‍ കൈമാറാന്‍ ശ്രമിച്ചത്. ഇതുകണ്ട ഡെപ്യൂട്ടി ഡയറക്ടര്‍ പേപ്പര്‍ പിടിച്ചെടുത്തു. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് തകര്‍ത്തതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ ബോധിപ്പിച്ചു. 

ഹെലികോപ്റ്റര്‍ അഴിമതി മറച്ചുവയ്ക്കാനോ മോദി സര്‍ക്കാരിനെ വിരട്ടാനോ ആയിരുന്നു റഫാല്‍ ഇടപാടിന്റെ പേരില്‍ കോണ്‍ഗ്രസ് ഉറഞ്ഞുതുള്ളിയത്. എന്നാല്‍ ആ ഇടപാടില്‍ ഇടനിലക്കാരനോ അഴിമതിയോ ഇല്ലെന്ന് വ്യക്തതയുള്ള നരേന്ദ്രമോദി സര്‍ക്കാര്‍ കൂസലില്ലാതെ മുന്നോട്ടുപോയി. മറ്റെന്തിനേക്കാള്‍ രാജ്യരക്ഷയില്‍ വ്യക്തമായ നിലപാടും കാഴ്ചപ്പാടുമുള്ള എന്‍ഡിഎ നേതൃത്വം അഴിമതി നടത്തി ഗുണമേന്മയില്ലാത്ത ആയുധങ്ങളോ വാഹനങ്ങളോ നല്‍കുകയില്ല. മടിയില്‍ കനമില്ലാത്തവര്‍ക്ക് വഴിയില്‍ പേടിക്കേണ്ടെന്ന് പറയാറുണ്ട്. അതുകൊണ്ടാണ് കോണ്‍ഗ്രസിന്റെ അഴിമതി സംബന്ധിച്ച അന്വേഷണവുമായി മുന്നോട്ടുപോയത്. വിദേശത്തുനിന്ന് മിഷേലിനെ ഇന്ത്യയില്‍ എത്തിച്ചതോടെ അന്വേഷണത്തിനു വഴിത്തിരിവുണ്ടായി. ഹെലികോപ്റ്റര്‍ ഇടപാടില്‍ ഇറ്റാലിയന്‍ കുടുംബത്തിനുള്ള കുരുക്ക് മുറുകുമ്പോള്‍ നാടാകെ ആഹ്ലാദിക്കുമെന്നുറപ്പാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.