കോട്ടയം: പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളെ വഞ്ചിച്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ മതിലില്‍ പങ്കെടുക്കുന്നത് ആത്മഹത്യാപരമാണെന്ന് എസ്സി, എസ്ടി കര്‍മസമിതി. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ആറു പതിറ്റാണ്ട് മാറി മാറി ഭരിച്ചവര്‍ക്ക് എന്തുകൊണ്ട് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കണം. മതിലിന്റെ മറവില്‍ കെഎഎസും സാമ്പത്തിക സംവരണവും പിന്‍വാതില്‍ നിയമനങ്ങളും നടത്തി പട്ടികജാതി, വര്‍ഗ വിഭാഗങ്ങളെ വഞ്ചിച്ചു. ഈ സാഹചര്യത്തില്‍ വനിതാ മതില് ബഹിഷ്കരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
യോഗത്തില്‍ ഹിന്ദുചേരമര്‍ മഹാസഭ സംസ്ഥാന പ്രസിഡന്റ് പി.എസ്. പ്രസാദ് പ്രമേയം അവതരിപ്പിച്ചു. പട്ടികജാതി മോര്‍ച്ച മഹിളാവിഭാഗം ദേശീയ അധ്യക്ഷ ശ്രുതി ബംഗാരു സമ്മേളനം ഉദ്ഘാടനം ചെയ്തു. കര്‍മസമിതി രക്ഷാധികാരിയും കെപിഎംഎസ് സംസ്ഥാന പ്രസിഡന്റുമായ എന്‍.കെ. നീലകണ്ഠന് മാസ്റ്റര്‍ അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ അഡ്വ. പി. സുധീര്‍, എസ്സി മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി, പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എ. പുരുഷോത്തമന്, സര്‍ജൂ തൊയ്ക്കാവ് എന്നിവര്‍ പ്രസംഗിച്ചു.
ശിവദാസന്‍ (വേടര്‍ മഹാസഭ സംസ്ഥാന ജോയിന്റ് സെക്രട്ടറി), എ. മധുസൂദനന്, കെ. ജോമോന് (കേരള പുലയ എംപ്ലോയീസ് ഫോറം), കെ. പ്രേമന് (വണ്ണാന്‍, മണ്ണാന്‍ സംഘം), മോഹനന് (അംബേദ്ക്കര്‍ ഫൗണ്ടേഷന്), പി.വി. ഭാസ്കരന് (പാണര്‍ ഡവലപ്മെന്റ് സൊസൈറ്റി സംസ്ഥാന വൈസ് പ്രസിഡന്റ്) തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: