മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍

Monday 31 December 2018 4:54 am IST
2017 ഡിസംബറില്‍ ലോക്‌സഭ മുത്തലാഖ് ബില്‍ പാസാക്കിയെങ്കിലും രാജ്യസഭയില്‍ വലിയ എതിര്‍പ്പുയര്‍ന്നു. തുടര്‍ന്ന് മാറ്റങ്ങള്‍ വരുത്തി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി. ഇതിന് പകരമായുള്ള പുതിയ ബില്ലാണ് ലോക്‌സഭ കഴിഞ്ഞ ദിവസം പാസാക്കിയത്. രാജ്യസഭയില്‍ ഒരു വര്‍ഷമായി കിടക്കുന്ന മുത്തലാഖ് ബില്‍ പിന്‍വലിക്കാതെയാകും പുതിയ ബില്‍ അവതരിപ്പിക്കുക. പഴയ ബില്‍ പിന്‍വലിക്കാനുള്ള നീക്കം പ്രതിപക്ഷം പരാജയപ്പെടുത്തിയാല്‍ തിരിച്ചടിയാകുമെന്ന് വിലയിരുത്തിയാണ് ഈ നീക്കം.

ന്യൂദല്‍ഹി: പ്രതിപക്ഷ എതിര്‍പ്പ് മറികടന്ന് ലോക്‌സഭയില്‍ പാസാക്കിയെടുത്ത മുത്തലാഖ് ബില്ലുമായി സര്‍ക്കാര്‍ ഇന്ന് രാജ്യസഭയില്‍. ഭൂരിപക്ഷമില്ലെങ്കിലും ബില്ല് പാസാക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. പത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍പ്പുമായി രംഗത്തുണ്ടെന്നും ബില്ല് പരാജയപ്പെടുത്തുമെന്നും കോണ്‍ഗ്രസ് അവകാശപ്പെട്ടു. ലോക്‌സഭയില്‍ 245 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 11 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഇറങ്ങിപ്പോയി. ഭൂരിപക്ഷമില്ലാതിരുന്നിട്ടും രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥഥിയെ ജയിപ്പിക്കാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസം സര്‍ക്കാരിനുണ്ട്. സഭയില്‍ ഹാജരാകാനാവശ്യപ്പെട്ട് ബിജെപിയും കോണ്‍ഗ്രസ്സും അംഗങ്ങള്‍ക്ക് വിപ്പ് നല്‍കി.

ശിവസേന ഉള്‍പ്പെടെ എന്‍ഡിഎയിലെ മുഴുവന്‍ കക്ഷികളും ബില്ലിനെ പിന്തുണയ്ക്കും. എന്നാല്‍, സര്‍ക്കാരിന് വിഷയാധിഷ്ഠിത പിന്തുണ നല്‍കിയിരുന്ന എഐഎഡിഎംകെ ബില്ലിനെ എതിര്‍ത്ത് ലോക്‌സഭയില്‍ ഇറങ്ങിപ്പോക്ക് നടത്തിയിരുന്നു. ഇവര്‍ രാജ്യസഭയിലും എതിര്‍പ്പ് തുടരുമെന്നാണ് വിവരം. 2017 ഡിസംബറില്‍ ലോക്‌സഭ മുത്തലാഖ് ബില്‍ പാസാക്കിയെങ്കിലും  രാജ്യസഭയില്‍ വലിയ എതിര്‍പ്പുയര്‍ന്നു. തുടര്‍ന്ന് മാറ്റങ്ങള്‍ വരുത്തി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി. ഇതിന് പകരമായുള്ള പുതിയ ബില്ലാണ് ലോക്‌സഭ കഴിഞ്ഞ ദിവസം പാസാക്കിയത്. രാജ്യസഭയില്‍ ഒരു വര്‍ഷമായി കിടക്കുന്ന മുത്തലാഖ് ബില്‍ പിന്‍വലിക്കാതെയാകും പുതിയ ബില്‍ അവതരിപ്പിക്കുക. പഴയ ബില്‍ പിന്‍വലിക്കാനുള്ള നീക്കം പ്രതിപക്ഷം പരാജയപ്പെടുത്തിയാല്‍ തിരിച്ചടിയാകുമെന്ന് വിലയിരുത്തിയാണ് ഈ നീക്കം. 

മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ഉള്‍പ്പെടെ എതിര്‍ക്കുന്ന മുത്തലാഖ് ബില്ലില്‍ യാഥാസ്ഥിതിക വോട്ടുകളാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. മുത്തലാഖ് തുടരണമെന്ന നിലപാടാണ് വ്യക്തിനിയമ ബോര്‍ഡിനുള്ളത്. മുസ്ലിം വര്‍ഗീയ നേതാവായ അസദുദ്ദീന്‍ ഒവൈസിയുടെ ഭാഷയിലാണ് കോണ്‍ഗ്രസും സിപിഎമ്മും ബില്ലിനെതിരെ സംസാരിക്കുന്നത്. അതേസമയം, അടിച്ചമര്‍ത്തപ്പെട്ട മുസ്ലിം സ്ത്രീകളുടെ പിന്തുണ ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഇരകളായ മുസ്ലിം സ്ത്രീകളാണ് മുത്തലാഖിനെതിരെ സുപ്രീം കോടതിയെ സമീപിച്ചതും അനുകൂല വിധി നേടിയെടുത്തതും. സര്‍ക്കാര്‍ ഇതിന് പിന്തുണ നല്‍കുകയും ചെയ്തു. നിരവധി ഇടങ്ങളില്‍ മുസ്ലിം വനിതകള്‍ മോദിക്ക് അഭിവാദ്യമര്‍പ്പിച്ച് ആഘോഷം സംഘടിപ്പിച്ചിരുന്നു. രാജ്യസഭയില്‍ പ്രതിപക്ഷം ബില്ല് തടസ്സപ്പെടുത്തിയാലും രാഷ്ട്രീയ ആയുധമാക്കാന്‍ സാധിക്കുമെന്നാണ് ബിജെപി കരുതുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.