മന് കീ ബാത്തില്‍ മോദി പോസിറ്റിവിറ്റി വൈറലാക്കാം
ന്യൂദല്‍ഹി: നെഗറ്റിവിറ്റി പരത്തുന്നത് ഏറെ എളുപ്പമെങ്കിലും സമൂഹത്തില്‍ പോസിറ്റിവിറ്റി വൈറലാക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന് കീ ബാത്തില്‍ സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന നിരവധിയാളുകളുടെ വിശേഷങ്ങള്‍ പങ്കുവച്ചതിന് ശേഷമായിരുന്നു മോദിയുടെ അഭിപ്രായം. 2018ലെ അവസാനത്തെ മന് കീ ബാത്താണിത്.
സാധാരണക്കാര്‍ക്കായി പ്രവര്‍ത്തിച്ച ചെന്നൈയിലെ ഡോ. ജയചന്ദ്രന്, കര്‍ണാടകയിലെ സുലാഗിട്ടി നരസമ്മ എന്നിവരുടെ വിയോഗം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഒരു വെബ്സൈറ്റില്‍ നിന്നാണ് ഇവരെക്കുറിച്ച് അറിഞ്ഞത്. ഇത്തരത്തില്‍ നിരവധി വെബ്സൈറ്റുകള്‍ ജീവിതത്തിന് പ്രേരണയേകുന്ന അനേകം കഥകള്‍ പരിചയപ്പെടുത്തുന്നുവെന്നതില് സന്തോഷമുണ്ട്. ഇതിലൂടെ കൂടുതലാളുകള്‍ക്ക് സമൂഹത്തില്‍ മാറ്റങ്ങളെത്തിക്കുന്നവരെക്കുറിച്ച് അറിയാനാകും.
ഈ വര്‍ഷത്തെ പ്രധാന നേട്ടങ്ങളും മോദി വിശദീകരിച്ചു. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന് തുടക്കം കുറിച്ചു. എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി
യെത്തി.
സ്വാതന്ത്ര്യത്തിനുശേഷം ചുവപ്പ് കോട്ടയില്‍ ആദ്യമായി ആസാദ് ഹിന്ദ് സര്‍ക്കാരിന്റെ 75ാം വാര്‍ഷികത്തിന് ത്രിവര്‍ണ പതാക ഉയര്‍ത്തി. സര്‍ദാര്‍ വല്ലഭഭായി പട്ടേലിനെ ആദരിച്ച് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ സ്റ്റാച്യു ഓഫ് യൂണിറ്റി നിര്‍മിച്ചു.
ഐക്യരാഷ്ട്രസഭയുടെ ഏറ്റവും ഉയര്‍ന്ന പരിസ്ഥിതി അംഗീകാരമായ ചാമ്പ്യന്‍സ് ഓഫ് ദ എര്‍ത്ത് പുരസ്കാരം ഇന്ത്യക്ക് ലഭിച്ചു. വിജയകരമായി ആണവ ത്രിത്വം പൂര്‍ത്തീകരിച്ചു.
ജലം, കര, ആകാശം എന്നീ മൂന്നു മേഖലകളിലും ഇന്ത്യക്ക് ഇനി ആണവശക്തി ലഭ്യമാകും. രാജ്യത്തെ ഏറ്റവും നീളമേറിയ റെയില്‍-റോഡ് പാലം ബോഗീബീല്‍ പാലം രാജ്യത്തിന് സമര്‍പ്പിച്ചു, മോദി ചൂണ്ടിക്കാട്ടി.