എയ്ഡ്‌സ് തിരിച്ചറിയാതെ രക്തദാനം യുവാവ് ആത്മഹത്യ ചെയ്തു

Monday 31 December 2018 5:41 am IST

മധുര: താന്‍ ദാനം ചെയ്ത രക്തത്തില്‍ നിന്ന് ഗര്‍ഭിണിക്ക് എയ്ഡ്‌സ് ബാധിച്ചെന്ന് മനസ്സിലായ എച്ച്‌ഐവി ബാധിതനായ യുവാവ് ആത്മഹത്യ ചെയ്തു. താന്‍ എച്ച്‌ഐവി ബാധിതനാണെന്ന് അറിയാതെയാണ് ഈ യുവാവ് രക്തം ദാനം ചെയ്തത്. തമിഴ്‌നാട് വിരുദു നഗര്‍ ജില്ലയിലാണ് ദാരുണ സംഭവം.

ശിവകാശിയിലെ പടക്ക നിര്‍മാണ യൂണിറ്റിലെ തൊഴിലാളിയായ പത്തൊമ്പതുകാരനാണ് കഴിഞ്ഞ ദിവസം വിഷം കഴിച്ച് മരിച്ചത്. രാമനാഥപുരം ജില്ലയിലെ തിരുച്ചിലുവൈപുരം ഗ്രാമത്തിലെ വീട്ടില്‍ വച്ചാണ് സംഭവം. കഴിഞ്ഞ മാസം 30നാണ് ഇയാള്‍ ശിവകാശിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രക്തം ദാനം ചെയ്തത്. 

അന്ന്, അവിടെ എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ് ബി പരിശോധനകള്‍ കൃത്യമായിരുന്നില്ല. ഇതു പരിഗണിക്കാതെ അവര്‍ രക്തം ശേഖരിച്ച് സൂക്ഷിച്ചു. ഇതേ ഗ്രൂപ്പിലുള്ള രക്തം ഗര്‍ഭിണിക്ക് ആവശ്യമായി വന്നതോടെ, ആശുപത്രി അധികൃതര്‍ ഇയാളുടെ രക്തം നല്‍കുകയായിരുന്നു. 

വിദേശത്ത് ജോലിക്ക് പോകാന്‍ സ്വകാര്യ ലാബില്‍ രക്തം പരിശോധിച്ചതോടെയാണ് എച്ച്‌ഐവി ബാധിതനാണെന്ന് ഇയാള്‍ അറിയുന്നത്. ഈ മാസം പത്തിന് ഇയാള്‍ വിവരം രക്തം ശേഖരിച്ച ശിവകാശിയിലെ ആശുപത്രിയില്‍ അറിയിച്ചു. അവര്‍ നടത്തിയ പരിശോധനയിലാണ് സത്തൂര്‍ ആശുപത്രിയിലെ ഗര്‍ഭിണിക്കാണ് ഈ രക്തം നല്‍കിയതെന്ന് വ്യക്തമായത്. 

ഇവരെ പരിശോധിച്ചതില്‍ നിന്ന് എച്ച്‌ഐവി പോസിറ്റീവെന്നും വ്യക്തമായി. ഇതോടെയാണ് മാനസിക വിഷമത്തിലായ യുവാവ് ആത്മഹത്യ ചെയ്തത്.

അതേസമയം, 2016ല്‍ ശിവകാശിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഇയാള്‍ രക്തം ദാനം ചെയ്തിരുന്നു. അന്ന് എച്ച്‌ഐവി ബാധ കണ്ടെത്തിയെങ്കിലും, അക്കാര്യം ഇയാളെ അറിയിക്കാന്‍ ആശുപത്രി അധികൃതര്‍ തയാറായില്ലെന്നാണ് വിവരം. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.