തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തിക്കുറിക്കാന്‍

Tuesday 1 January 2019 4:24 am IST
ഇടതുമുന്നണി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ 2019 ഫെബ്രുവരി ഒന്നിലെ ഒരുലക്ഷം തൊഴിലാളികളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് ബിഎംഎസ്സ് നേതൃത്വം നല്‍കും. അതിനുമുന്നോടിയായി ഇന്ന് പഞ്ചായത്തു തോറും പദയാത്ര ആരംഭിക്കും.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് 28 മാസങ്ങള്‍ പൂര്‍ത്തിയാക്കി. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് മുഖ്യമന്ത്രി 2017 മെയ് 25ന് ഇറക്കിയ പത്രക്കുറിപ്പില്‍, സര്‍ക്കാരിനു കൈവരിക്കാന്‍ കഴിഞ്ഞ നാലുകാര്യങ്ങള്‍ അക്കമിട്ടു നിരത്തി. 

ഒന്ന്: ജീര്‍ണമായ രാഷ്ട്രീയ സംസ്‌കാരത്തിനു പകരം ആരോഗ്യകരമായ രാഷ്ട്രീയ സംസ്‌കാരം കൊണ്ടുവരാന്‍ കഴിഞ്ഞു.

രണ്ട്: അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുകയും പൊതുമേഖല ലാഭത്തിലുമെത്തിക്കുകയും ചെയ്തു.

മൂന്ന്: സാമൂഹ്യക്ഷേമ മേഖലയ്ക്ക് ശ്രദ്ധകൊടുത്തു. സാമൂഹ്യ പെന്‍ഷന്‍ 1,100 രൂപയാക്കി, പൂട്ടിക്കിടന്ന കശുവണ്ടി ഫാക്ടറികള്‍ തുറന്നു.

നാല്: കേരള മോഡല്‍ എന്ന നിലയില്‍ ഹരിതകേരള മിഷന്‍, വ്യവസായ വളര്‍ച്ചയ്ക്ക് കിഫ്ബി തുടങ്ങിയവ കൊണ്ടുവന്നു. 1957ല്‍ ആദ്യ കേരള മന്ത്രിസഭ ഒരുക്കിയ അടിത്തറയില്‍ നവകേരളം കെട്ടിപ്പടുക്കാനുള്ള കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 

സര്‍ക്കാരിനെ വിലയിരുത്തിക്കൊണ്ട് ഒന്നാം വാര്‍ഷികവേളയില്‍ മുന്‍ ചീഫ് സെക്രട്ടറി ഡി. ബാബു പോള്‍ പറഞ്ഞത്: ''ഈ സര്‍ക്കാര്‍ നിഷ്പക്ഷമല്ല എന്ന് ഒരു പൊതുധാരണ രൂപപ്പെട്ടിട്ടുണ്ട്.'' അതാണ് സത്യവും ജനങ്ങളുടെ ആശങ്കയും. എല്ലാം ജനാധിപത്യ മര്യാദകളെയും ചവിട്ടിമെതിച്ചു കൊണ്ടാണ് സര്‍ക്കാര്‍ നീങ്ങുന്നത്. ഒരു ഏകാധിപതിയുടെ പെരുമാറ്റമാണ് മുഖ്യമന്ത്രിയില്‍നിന്ന് പലപ്പോഴുമുണ്ടാകുന്നത്. മറ്റ് മന്ത്രിമാര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം പോലും ഉണ്ടെന്ന് പറയാനാവില്ല.

മുന്നണി സര്‍ക്കാര്‍ എന്ന നിലയില്‍ ഭരണത്തിലുള്ള മറ്റ് പാര്‍ട്ടികളോട് നയസമീപനങ്ങളെ സംബന്ധിച്ച് ചര്‍ച്ചയില്ല. ഇതിന്റെയെല്ലാം ആകെത്തുകയായി ഒന്നാം വര്‍ഷത്തില്‍ മുഖ്യമന്ത്രി കൊട്ടിയാഘോഷിച്ച നാല് അവകാശവാദങ്ങളും ഇന്ന് വിപരീതമായാണ്  സംഭവിച്ചിരിക്കുന്നത്. ഏറ്റവും ജീര്‍ണമായ ഭരണപക്ഷ രാഷ്ട്രീയത്തിലേക്കാണ് കേരള ജനത എടുത്തെറിയപ്പെട്ടിരിക്കുന്നത്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് 44 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 31 എണ്ണവും നഷ്ടത്തിലാണ്. 

ഏറ്റവും താഴെത്തട്ടിലുള്ള അംഗവൈകല്യമുള്ളവര്‍, വാര്‍ദ്ധക്യം അനുഭവിക്കുന്നവര്‍, വിധവകള്‍, അഗതികള്‍ എന്നിവര്‍ക്ക് അസംഘടിത തൊഴിലാളി പെന്‍ഷന്‍ ലഭിക്കുന്നു എന്ന കാരണത്താല്‍ പ്രതിമാസ സാമൂഹ്യപെന്‍ഷനായ 1,100 രൂപ 2017 ഏപ്രിലിനു ശേഷം നിര്‍ത്തലാക്കി. 2017 വരെ കേന്ദ്രവിഹിതമായ 600 രൂപയെങ്കിലും ലഭിക്കുമായിരുന്നു. പിന്നീട് കേന്ദ്രവിഹിതവും നിര്‍ത്തലാക്കി. കശുവണ്ടി ഫാക്ടറികള്‍ ഇന്നും അടഞ്ഞുകിടക്കുന്നു. കയര്‍ മേഖലയില്‍ വര്‍ഷം 200 തൊഴില്‍ ദിനങ്ങള്‍ വാഗ്ദാനമായി മാറി.

കിഫ്ബിയാകട്ടെ ഓരോ ബജറ്റിലും ഉദയം ചെയ്യുകയും അസ്തമിക്കുകയും ചെയ്യുന്ന മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം പോലെ അവശേഷിക്കുന്നു. കേരളം വ്യവസായങ്ങളുടെ ശവപ്പറമ്പാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചെറുപ്പക്കാര്‍ തൊഴിലിനുവേണ്ടി എംപ്ലോയ്‌മെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്ന സംസ്ഥാനമാണ് കേരളം. ഈ സാഹചര്യത്തില്‍ കേരളത്തിലെ വിവിധ തൊഴില്‍ മേഖലയെ സംബന്ധിക്കുന്ന (അനുബന്ധമായി ചേര്‍ത്തിരിക്കുന്ന) പ്രശ്‌നങ്ങള്‍ ഉന്നയിച്ച് കേരളത്തില്‍ വ്യാപകമായ ഗൃഹസമ്പര്‍ക്കവും പഞ്ചായത്തു തല പദയാത്രകളും 2019 ഫെബ്രുവരി ഒന്നിന് ഒരുലക്ഷം തൊഴിലാളികള്‍ പങ്കെടുക്കുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചും നടത്താന്‍ ബിഎംഎസ് തീരുമാനിച്ചിരിക്കുന്നു. 

1938 മുതല്‍ തന്നെ കേരളം ആധുനികവ്യവസായ സംരംഭങ്ങളിലേക്കു തിരിഞ്ഞിരുന്നു. ഒരുപക്ഷേ ഇന്ത്യയില്‍ത്തന്നെ ആദ്യത്തെ സംരംഭമെന്ന നിലയ്ക്കാണ് പല വ്യവസായങ്ങളും കേരളത്തില്‍ തുടങ്ങിയത്. അതിന് ഉദാഹരണമാണ് ഏലൂരില്‍ പ്രവര്‍ത്തനമാരംഭിച്ച എഫ്എസിറ്റി, പുനലൂര്‍ പേപ്പര്‍ മില്‍ പ്ലൈവുഡ് ഫാക്ടറി, കുണ്ടറ സിറാമിക്‌സ് പോലുള്ള കളിമണ്‍ വ്യവസായങ്ങള്‍, മധുര കോട്ട്‌സ് അടക്കമുള്ള ടെക്സ്റ്റയില്‍ വ്യവസായങ്ങള്‍, ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസല്‍ എന്നിവ.

രണ്ടാംലോക യുദ്ധത്തില്‍ തകര്‍ന്നുതരിപ്പണമായ ജപ്പാനെ കൈപിടിച്ചുയര്‍ത്താന്‍ സഹായകമായ കൃത്രിമപ്പട്ടു വ്യവസായമെന്ന റയോണ്‍സ് വ്യവസായം, അതിന്റെ ചുവടുപിടിച്ച് കേരളത്തില്‍ തുടങ്ങിയ പെരുമ്പാവൂര്‍, മാവൂര്‍ റയോണ്‍സുകള്‍, കരിമണല്‍ സാധ്യത ഉപയോഗപ്പെടുത്തി തുടങ്ങിയ ഐആര്‍ഇ, മൈക്കാ ലഭ്യതയെ അടിസ്ഥാനമാക്കി ആരംഭിച്ച ഗ്ലാസ് വ്യവസായം ഇങ്ങനെ കേരളത്തിന് വ്യാവസായികരംഗത്ത് അഭിമാനത്തിന്റെ ഒരു കാലഘട്ടമുണ്ടായിരുന്നു. മറ്റ് സംസ്ഥാനങ്ങള്‍ നമ്മെ മാതൃകയാക്കിയിരുന്നു. നാം മിച്ചധനമുള്ള ബജറ്റുകള്‍ പാസ്സാക്കിയ സംസ്ഥാനം കൂടിയായിരുന്നു.

ഇന്ന് സ്ഥിതി നേരെ വിപരീതമായി. അമിത രാഷ്ട്രീയ ഇടപെടലുകളും താല്‍പ്പര്യങ്ങളും കെടുകാര്യസ്ഥതയും, മാറി മാറി വരുന്ന സര്‍ക്കാരുകളുടെ പിടിപ്പുകേടുംകൊണ്ടാണ് കേരളത്തിന് ഇന്ന് ഈ സ്ഥിതിയുണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ മേഖലയേയും സംബന്ധിക്കുന്ന നവീകരണവും പദ്ധതി നടത്തിപ്പും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഫെബ്രുവരി ഒന്നിന് അവകാശ പത്രിക സമര്‍പ്പിക്കുകയാണ്. ഒരുലക്ഷം പേര്‍ പങ്കെടുക്കുന്ന തൊഴിലാളി മാര്‍ച്ചും ഇതോടനുബന്ധിച്ച് സെക്രട്ടറിയേറ്റിനു മുന്നില്‍ സംഘടിപ്പിക്കും. കേരളത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളില്‍ ബിഎംഎസ്സിന്റെ ആവശ്യങ്ങള്‍ ഇന്നു മുതല്‍ പദയാത്രയിലൂടെ ഉന്നയിക്കും. 

(ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റാണ് ലേഖകന്‍)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.