കലാഗുരുവിന് പ്രതീക്ഷയുടെ പുതുവര്‍ഷം

Tuesday 1 January 2019 3:37 am IST

സര്‍വവും സംഹരിച്ച് കുത്തിയൊഴുകിയ പ്രളയം നല്‍കുന്ന സന്ദേശം തിരിച്ചറിഞ്ഞുകൊണ്ടായിരിക്കണം ഓരോ മലയാളിയും 2019നെ വരവേല്‍ക്കാന്‍. നൂറ്റാണ്ടിന്റെ ജീവിതാനുഭവങ്ങളുമായി ധന്യജീവിതം നയിക്കുന്ന കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരിയുടെ പുതുവത്സര ആശംസയാണ് ഈ ഉപദേശം.

 ഗതകാല നന്മകളും സമീപകാല തിന്മകളും എല്ലാം കണ്ടറിഞ്ഞ് പുതിയൊരു വര്‍ഷത്തിലേക്ക് കാലൂന്നുമ്പോള്‍ നൂറ്റിനാലാം വയസ്സിലെത്തിയ പത്മശ്രീ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ മനസിലും പ്രതീക്ഷകളും പ്രത്യാശകളുമുണ്ട്. 

ചെറിയൊരു വീഴ്ചയെ തുടര്‍ന്നുള്ള വിശ്രമത്തിലാണ് ഗുരു ചേമഞ്ചേരി. 2018 മാഞ്ഞുപോകുന്നതിന്റെയും 2019 ഉദിച്ചുയരുന്നതിന്റെയും സാന്ധ്യശോഭയില്‍ നവരസങ്ങളിലെ ശാന്തരസമാണ് ആ മുഖത്ത് തെളിയുന്നത്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ കലയും സംസ്‌കാരവും രാഷ്ട്രീയവും സാമൂഹ്യാചാരങ്ങളുമെല്ലാം മാറിമറയുന്നത് കണ്ടതാണ് ആ കണ്ണുകള്‍. തലമുറകളില്‍ വന്ന മാറ്റം, കുടുംബബന്ധങ്ങളിലെ ശൈഥില്യങ്ങള്‍, കാര്‍ഷികസംസ്‌കാരത്തിന്റെ അപചയം, ഏറ്റവുമൊടുവില്‍ 2018ലെ പ്രളയവും.

ഗുരുവിന്റെ ഓര്‍മകള്‍ക്കിപ്പോഴും നവയൗവനം. എണ്‍പത് വര്‍ഷം മുമ്പു വരെ തന്റെ തറവാട്ടില്‍ മുപ്പതിലധികം അംഗങ്ങളുണ്ടായിരുന്നു. ഉച്ചയൂണിന് എല്ലാവരും ഒരുമിക്കും. ഓലമേല്‍ക്കൂരയ്ക്കു കീഴെ സ്വസ്ഥമായ ജീവിതം. ഇന്ന് വീടുകള്‍ കൊട്ടാരസദൃശം. വീട്ടിലെ അംഗങ്ങള്‍ മൂന്നിലധികമുണ്ടാവില്ല. അസ്വസ്ഥത പടരുന്ന ഇടങ്ങളായി മാറിയിരിക്കുന്നു വീടുകള്‍.

കൃഷി അന്ന് ജീവിതത്തിന്റെ ഭാഗമായിരുന്നു. ഒരു സംസ്‌കാരമായിരുന്നു. സര്‍ക്കാരില്‍ നിന്ന് സഹായം നേടിയായിരുന്നില്ല ജനങ്ങള്‍ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടത്. അതൊരു തപസ്സും സാധനയുമായിരുന്നു. കുടുംബാംഗങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് മണ്ണില്‍ പൊന്ന് വിളയിച്ചു. പരിമിതികളുണ്ടായിരുന്നു. എന്നാല്‍ പരാതികളില്ലായിരുന്നു. കാര്‍ഷികസംസ്‌കാരം മാറി. മാറ്റം വന്നത് മനുഷ്യരുടെ മനസ്സിലാണ്.

കലാരംഗത്തുണ്ടായ മാറ്റങ്ങളും അദ്ദേഹത്തെ വേദനിപ്പിക്കുന്നു. ഗ്രാമീണ കലാരൂപങ്ങള്‍ നശിച്ചു. നൃത്തത്തിലെ താളത്തില്‍ പോലും പാശ്ചാത്യമായ അധിനിവേശം ഉണ്ടെന്ന് ഒരു തോന്നല്‍. തറവാടുകളും കോവിലകങ്ങളും കൊട്ടാരങ്ങളും ക്ഷേത്രങ്ങളും കലകളെ നിലനിര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ചിരുന്നു. ഇന്ന് അത്തരം ശ്രമങ്ങളൊന്നുമില്ല, ഗുരു ചേമഞ്ചേരി പറഞ്ഞു.

പ്രളയം നല്‍കിയ വലിയ സന്ദേശം തന്നെയാണ് ഗുരുവിന് പുതുവത്സരത്തില്‍ പുതിയ തലമുറയ്ക്കായി കൈമാറാനുള്ളത്. വയലും പാടവും കുന്നിന്‍പുറങ്ങളും നിലനിര്‍ത്താനാവണം. പുതിയ രോഗങ്ങള്‍ നമ്മെ കീഴ്‌പെടുത്തുമ്പോള്‍ അതിന്റെ കാരണങ്ങള്‍ തേടണം. ദീര്‍ഘവീക്ഷണമുണ്ടാവണം. തനിക്ക് ശേഷവും ലോകം നിലനില്‍ക്കും എന്ന തിരിച്ചറിവുമുള്ള ഒരു തലമുറയിലാണ് കളിയരങ്ങിലെ കെടാവിളക്കായി വിളങ്ങുന്ന ഈ ആചാര്യന്റെ പുതുവത്സരപ്രതീക്ഷ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.