എസ്എന്‍ഡിപി ജാതിപ്രമാണിമാരുടെ കൈകളിലെന്ന് സിപിഎം രേഖ

Tuesday 1 January 2019 9:35 am IST

കോഴിക്കോട്: എസ്എന്‍ഡിപി യോഗ നേതൃത്വത്തെ മുന്‍നിര്‍ത്തി ഇന്ന്  വനിതാ മതില്‍ കെട്ടാനൊരുങ്ങുന്ന സിപിഎം ശ്രീനാരായണ ഗുരുവിനെയടക്കം അപമാനിക്കുന്ന നിലപാടിലുറച്ചു നില്‍ക്കുന്നുവെന്ന് തെളിവുമായി പാര്‍ട്ടി രേഖ. ജാതിസംഘടനകളും പാര്‍ട്ടിയും എന്ന സിപിഎം രേഖയിലാണ് എസ്എന്‍ഡിപി നേതൃത്വം ജാതിപ്രമാണിമാരുടെ കൈകളിലാണെന്ന് വിശദീകരിക്കുന്നത്.  

സാമുദായികാടിസ്ഥാനത്തില്‍ സംഘടിച്ച് രാഷ്ട്രീയമായി വില പേശാനാണ് ജാതിപ്രമാണിമാര്‍ ആഹ്വാനം ചെയ്യുന്നതെന്ന് രേഖ കുറ്റപ്പെടുത്തുന്നു. ''എസ്എന്‍ഡിപി യോഗ നേതൃത്വം ഈ നിലപാട് പരസ്യമായി എടുക്കുന്നു... സ്വാതന്ത്ര്യത്തിനു മുമ്പു തന്നെ എസ്എന്‍ഡിപി നേതൃത്വം ദിവാന്‍ ഭരണത്തോട് സന്ധി ചെയ്തു. പുന്നപ്ര വയലാര്‍ സമരകാലമായപ്പോഴേക്കും ദിവാന്റെ ഒറ്റുകാരായി പോലും ചിലര്‍ അധഃപതിച്ചു. സാമുദായിക പിന്തിരിപ്പന്‍ പ്രവണതകള്‍ ശ്രീനാരായണഗുരുവിന്റെ കാലത്തു തന്നെ സംഘടനയില്‍ പ്രബലമായി വന്നിരുന്നു...'' പാര്‍ട്ടി രേഖ തുടരുന്നു.

 ഒരു കാലത്ത് അംഗീകാരമുള്ള പൊതു സാമൂഹ്യപ്രവര്‍ത്തകരായിരുന്നു എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ഇന്ന് ഈ സംഘടന മുഖ്യമായും അബ്കാരിയില്‍ നിന്നും സ്വത്തു സമ്പാദിച്ച പുത്തന്‍കൂറ്റ് പണക്കാരുടെ കൈയില്‍ ഒതുങ്ങിയിരിക്കുകയാണ്. സംഘടനയെ കൈപ്പിടിയിലൊതുക്കിയ ഈ ക്ലിക്ക് തങ്ങളുടെ സ്വാര്‍ഥ താല്‍പ്പര്യത്തിനായി ഈഴവ ജനതയെ വഞ്ചിക്കുകയാണ്. ജാതീയമായി ഭിന്നിപ്പിക്കുന്ന സമീപനമാണ് എസ്എന്‍ഡിപി യൂണിയനുള്ളത്. സ്ത്രീകളുടെ സ്വയം സഹായസംഘങ്ങളെയും ഇതിനുവേണ്ടി വിനിയോഗിക്കുകയാണ്. രേഖയില്‍ തുടരുന്നു. 

മലബാറില്‍ 'ജാതീയ പ്രസ്ഥാനങ്ങള്‍' വ്യാപിപ്പിക്കാനുള്ള കുത്സിത ശ്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കണമെന്നാണ് സിപിഎം മുന്നറിയിപ്പ്. തിരു-കൊച്ചി പ്രദേശങ്ങളില്‍ എസ്എന്‍ഡിപി യൂണിയന്റെ വഴിപിഴച്ച പോക്കിനെ തുറന്നുകാട്ടാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും  കേരളത്തില്‍ ജാതിഭ്രാന്തിളക്കിവിടാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന സംഘടനകളെ ചെറുക്കണമെന്നും പാര്‍ട്ടി രേഖ ആവശ്യപ്പെടുന്നു. മതഭ്രാന്തിനെതിരെ പ്രചാരണം നടക്കുന്നുണ്ടെങ്കിലും ജാതിസംഘടനകളുടെ ഇടപെടലുകളെ ചെറുക്കാന്‍ വേണ്ടത്ര പ്രവര്‍ത്തനങ്ങളില്ലെന്നും സിപിഎം രേഖയില്‍ പറയുന്നു. 

എസ്എന്‍ഡിപി യോഗത്തിനെതിരെ പൊതുവേയും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വ്യക്തിപരമായും ലക്ഷ്യമിട്ടാണ് പാര്‍ട്ടി രേഖ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഒരു ഭാഗത്ത് ഗുരുതരമായ ആരോപണങ്ങള്‍ കേള്‍ക്കേണ്ടിവരികയും മറുഭാഗത്ത് സിപിഎം ആവിഷ്‌കരിച്ച വനിതാ മതിലില്‍ അണിനിരക്കേണ്ടിവന്നതും എസ്എന്‍ഡിപിയില്‍ കടുത്ത ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.