ഇമ്മിണി വലിയ മുന്നണി

Wednesday 2 January 2019 1:33 am IST
സുപ്രീംകോടതി വിധിയുടെ മറപിടിച്ച് യുവതികളെ ശബരിമലയിലെത്തിക്കാന്‍ പഠിച്ചപണി പതിനെട്ടും പയറ്റി. സായുധസേനയെ നിയോഗിച്ച് യുവതികളെ ആനയിച്ചെങ്കിലും സന്നിധാനത്തെത്തിക്കാനായില്ല. അതിന്റെ ജാള്യത മറയ്ക്കാനാണ് വനിതാമതിലെന്ന ആശയം വന്നത്. സാമുദായിക ചിന്തയ്ക്ക് അതീതമായി നവോത്ഥാനത്തിനെന്ന് പറഞ്ഞ് പണിത മതിലിന് കൂട്ടുപിടിച്ചതെല്ലാം സമുദായ സംഘടനയാണെന്നതാണ് രസകരം.

ല്ലാം ശരിയാകുമെന്ന് ഉറപ്പ് നല്‍കി അധികാരത്തിലേറിയതാണ് ഇടതുമുന്നണി. അഞ്ച് വര്‍ഷത്തെ കാലാവധി പാതി പിന്നിട്ടു. എന്തൊക്കെ ശരിയാക്കി എന്ന് വിശദീകരിക്കാന്‍ ഇതുവരെ ഒന്നും ഉണ്ടാക്കിയിട്ടില്ല. അഞ്ചുവര്‍ഷം ഒരു സാധനത്തിനും വില കയറ്റമില്ലാതെ ശ്രദ്ധിക്കുമെന്ന ഉറപ്പ് ജലരേഖയായി. നിത്യോപയോഗ സാധനങ്ങളുടെ വിലയെല്ലാം വര്‍ദ്ധിച്ചു. വൈദ്യുതി നിരക്കും കൂട്ടാന്‍ പോകുന്നു.  വിലയില്ലാതായത് മനുഷ്യജീവന് മാത്രം. ജനങ്ങളോട് വിശദീകരിക്കാനും ബോധ്യപ്പെടുത്താനും പറ്റുന്നതൊന്നും മുന്നിലില്ലാത്തപ്പോഴാണ് പ്രളയം വന്നത്. പ്രളയകാലത്തും അതിനുശേഷവും പറഞ്ഞ ഉറപ്പോ വാക്കുകളോ പാലിക്കാന്‍ കഴിഞ്ഞില്ല. എല്ലാം കുഴഞ്ഞുമറിഞ്ഞിരിക്കുമ്പോഴാണ് ശബരിമല പ്രശ്‌നം.

സുപ്രീംകോടതി വിധിയുടെ മറപിടിച്ച് യുവതികളെ ശബരിമലയിലെത്തിക്കാന്‍ പഠിച്ചപണി പതിനെട്ടും പയറ്റി. സായുധസേനയെ നിയോഗിച്ച് യുവതികളെ ആനയിച്ചെങ്കിലും സന്നിധാനത്തെത്തിക്കാനായില്ല. അതിന്റെ ജാള്യത മറയ്ക്കാനാണ് വനിതാമതിലെന്ന ആശയം വന്നത്. സാമുദായിക ചിന്തയ്ക്ക് അതീതമായി നവോത്ഥാനത്തിനെന്ന് പറഞ്ഞ് പണിത മതിലിന് കൂട്ടുപിടിച്ചതെല്ലാം സമുദായ സംഘടനയാണെന്നതാണ് രസകരം. കേരളത്തിന്റെ നവോത്ഥാനത്തിനും പരിഷ്‌കാരങ്ങള്‍ക്കും എന്നും എതിരുനിന്ന കക്ഷിയാണിത്. ഏറെക്കാലം സംസ്ഥാനം ഭരിച്ച കാലത്തൊന്നും ഒരു പരിവര്‍ത്തനവും സാമൂഹ്യരംഗത്തുണ്ടാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. ജാതിയും മതവും നോക്കി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയും മന്ത്രിമാരെ നിശ്ചയിക്കുകയും ചെയ്യുന്ന കക്ഷിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ഒരു പിന്നാക്കക്കാരനെയോ ഒരു വനിതയെയോ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാക്കിയിട്ടില്ല.

ഒരിക്കല്‍പ്പോലും ഒരു വനിതയെ മന്ത്രിസഭയില്‍ ഒന്നാമത്തേതാക്കാന്‍ കഴിഞ്ഞിട്ടില്ല. കെ.ആര്‍.ഗൗരിയമ്മയെയും സുശീലാ ഗോപാലനെയും മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയതാണ്. അവസാന നിമിഷം തന്ത്രപൂര്‍വം അവരെ ഒഴിവാക്കുകയായിരുന്നു. പാര്‍ട്ടി കമ്മറ്റികളിലും സ്ത്രീ പ്രാതിനിധ്യം നാമമാത്രമാണ്. എന്നിട്ടും സ്ത്രീപ്രശ്‌നം ഉയര്‍ത്തിപ്പിടിച്ച് തെരുവിലിറങ്ങുന്നത് കലര്‍പ്പില്ലാത്ത ഉളുപ്പില്ലായ്മതന്നെ. നിര്‍ബന്ധിച്ച് ഉദ്യോഗസ്ഥകളെയും കുടുംബശ്രീ പ്രവര്‍ത്തകരെയും വിദ്യാര്‍ത്ഥികളെയും റോഡിലിറക്കിയെങ്കിലും സിപിഎമ്മിന്റെ ലക്ഷ്യത്തോട് കൂറ് പുലര്‍ത്തിയല്ല മതിലിന് നീളം കൂട്ടിയത്. 

മതിലിന്റെ ഒരുക്കത്തിനിടയിലാണ് നാല് ഈര്‍ക്കില്‍ പാര്‍ട്ടികളെ ഇടതുമുന്നണിയുടെ ഭാഗമാക്കിയത്. ഭരണത്തിന്റെ മേന്മയും സ്ത്രീകളുടെ നിരയുമുണ്ടായാലും അടുത്ത തെരഞ്ഞെടുപ്പില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് ചെറുകക്ഷികളുടെ സഹായവും ഉറപ്പാക്കിയത്. വര്‍ഗീയതയ്‌ക്കെതിരെ പ്രസംഗിച്ച സിപിഎം തനി വര്‍ഗീയ പാര്‍ട്ടിയായ നാഷണല്‍ ലീഗിനെ കൂട്ടുപിടിച്ചു. നായര്‍വര്‍ഗീയതയില്‍ അഭിരമിക്കുന്ന പിള്ളയുടെ പാര്‍ട്ടിയേയും സിപിഎം മാറോടണച്ചിരിക്കുന്നു. വീരന്റെ പാര്‍ട്ടിയേയും കേരള കോണ്‍ഗ്രസില്‍ പിണങ്ങിക്കഴിയുന്ന ഒരു ഗ്രൂപ്പിനെയും കൂട്ടിക്കെട്ടി ഇമ്മിണി വലിയ മുന്നണിയാക്കി രംഗത്ത് വന്നാലും വരുന്ന തെരഞ്ഞെടുപ്പില്‍ 20 ശതമാനം സീറ്റ് പോലും കിട്ടില്ലെന്നാണ് രഹസ്യ സര്‍വെകളെല്ലാം പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.