മന്നം എന്ന നവോത്ഥാന സൂര്യന്‍

Wednesday 2 January 2019 1:36 am IST
ഈശ്വരനും സവര്‍ണനും തീണ്ടല്‍ ഇല്ലെങ്കില്‍പ്പിന്നെ ആര്‍ക്ക് വേണ്ടിയാണു തീണ്ടല്‍ പലകകള്‍ എന്ന ചോദ്യം ശ്രദ്ധേയമായി. ഇവ എടുത്തു മാറ്റാനുള്ള അധികാരശക്തി ഉപയോഗിക്കാന്‍ മന്നം ആഹ്വാനം ചെയ്തു. ഹിന്ദുമഹാമണ്ഡലം രൂപീകരണത്തിലൂടെ ഹൈന്ദവ ഏകീകരണത്തിനായുള്ള സന്ദേശം ജനങ്ങള്‍ക്ക് മുന്നില്‍ എത്തിക്കാനും അതിനുവേണ്ടി പ്രവര്‍ത്തിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.

ജനുവരി രണ്ടിന് നാം,  ഭാരത കേസരി മന്നത്തു പത്മനാഭന്റെ ജന്മജയന്തി ആഘോഷിക്കുകയാണ്. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ നായ ര്‍ സര്‍വീസ് സൊസൈറ്റിക്കും അതിന്റെ അമരക്കാരനുമായ മന്നത്തു പത്മനാഭനും എന്നും അമൂല്യമായ സ്ഥാനമാണുള്ളത്. സാമൂഹ്യതിന്മകളെ ഉന്മൂലനം ചെയ്യാന്‍ മന്നം കാട്ടിയ ആര്‍ജവം വരുംതലമുറയ്ക്ക് പ്രചോദനമാകും. 1878 ജനുവരി 2ന് മൂലം നക്ഷത്രത്തില്‍ മന്നത്തു പാര്‍വതി അമ്മയുടെ മകനായി ജനിച്ച മന്നംമൂലം ഒരു സമുദായം ഏറെ അഭിവൃദ്ധി പ്രാപിച്ചു. വളരെ കഷ്ടപാടുകള്‍ സഹിച്ചു. ദാരിദ്ര്യം നിമിത്തം പഠനം മുടങ്ങുന്ന അവസ്ഥവരെ എത്തി. എന്നിട്ടും കഠിനാധ്വാനത്തിലൂടെ ജീവിതത്തില്‍ വിജയിച്ചുകയറിയ മന്നത്ത് പത്മനാഭന്‍ എന്നും പാവങ്ങളോടൊപ്പം നിലകൊണ്ടു. നായര്‍ സമുദായത്തിന് വളര്‍ച്ചയുടെ പടവുകള്‍ കാട്ടിയ മന്നം ഇതര സമുദായത്തില്‍ പെട്ടവരുടെ ഉന്നതിയും ആഗ്രഹിച്ച മനുഷ്യസ്‌നേഹിയാണ്.

നായര്‍ സമുദായത്തെ നശിപ്പിക്കുന്ന നലുകെട്ടുകള്‍ക്കെതിരെ  (താലികെട്ട്, കുതിരകെട്ട്, വെടിക്കെട്ട്, കേസുകെട്ട്) അദ്ദേഹം മുന്നോട്ടുവന്നു. നായര്‍ സര്‍വീസ് സൊസൈറ്റി സ്ഥാപിതമായതോടെ സാമൂഹ്യ പരിഷ്‌കരണത്തിനായി ഇതര സഹോദര ഹൈന്ദവ സംഘടനകളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറായി. അവര്‍ണ്ണര്‍ക്കായി ക്ഷേത്രനടകള്‍ തുറന്നു കൊടുക്കുന്നതിനും അവരുടെ ആരാധനാ സ്വാതന്ത്ര്യം ഉറപ്പാക്കാനും ക്ഷേത്രപ്രവേശനം എന്ന കടമ്പ കടക്കാനും മന്നം എന്നും മുന്‍നിരയില്‍ ഉണ്ടായിരുന്നു. ക്ഷേത്രപ്രവേശന പ്രഖ്യാപനത്തിനു വളരെ മുന്‍പ്തന്നെ തന്റെ കുടുംബ ക്ഷേത്രമായ മാരണത്തുകാവ് അവര്‍ണര്‍ക്കായി തുറന്നുകൊടുത്തു. വൈക്കം സത്യാഗ്രഹത്തെ പുളകചാര്‍ത്തണിയിച്ച സവര്‍ണ ജാഥ നയിക്കാന്‍ മഹാത്മാഗാന്ധി നിയോഗിച്ചത് മന്നത്തു പത്മനാഭനെ ആയിരുന്നു. ഗുരുവായൂര്‍ സത്യാഗ്രഹകമ്മിറ്റി അധ്യക്ഷനും അദ്ദേഹമായിരുന്നു.

അടിച്ചമര്‍ത്തപ്പെട്ട ജനതയ്ക്ക്  സാമൂഹ്യനീതി ഉറപ്പാക്കാന്‍ അഹോരാത്രം പ്രയത്‌നിച്ച മഹാനുഭാവന്റെ സ്മരണകള്‍ കേരളജനതയുടെ മനസ്സില്‍ എന്നുമുണ്ടാകും. തന്റെ പേരിനൊപ്പമുള്ള ജാതിപ്പേര് ഉപേക്ഷിച്ചു വെറും പത്മനാഭനായി മാറിയ ഈ മനുഷ്യസ്‌നേഹി എന്നും ഹിന്ദുമത ഏകീകരണത്തിനായി പ്രവര്‍ത്തിച്ചു. ഹിന്ദുവിനെ നായരെന്നും ഈഴവനെന്നും, പറയനെന്നും, പുലയനെന്നും വേര്‍തിരിച്ചു നിര്‍ത്തുന്നത് അപകടമാണെന്ന തിരിച്ചറിവ് മന്നത്താചാര്യനുണ്ടായിരുന്നു. 

അവര്‍ണര്‍ ജാതി വിവേചനങ്ങളാല്‍ കഷ്ടപ്പെടുമ്പോള്‍ നായര്‍സമുദായം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊണ്ട് നാശോന്മുകമായി കൊണ്ടിരിക്കുന്ന കാഴ്ച അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു. ദ്വിമുഖ പോരാട്ടത്തിനാണ് പിന്നീട് മന്നം തുടക്കംകുറിച്ചത്. അവശത അനുഭവിക്കുന്ന അവര്‍ണരുടെ അവകാശ സംരക്ഷണത്തോടൊപ്പം നായര്‍ സമുദായ പരിഷ്‌കരണവും പ്രവര്‍ത്തന ലക്ഷ്യമായി. ഈ ലക്ഷ്യങ്ങള്‍ പ്രവര്‍ത്തി പഥത്തിലെത്തിക്കാന്‍ നിരവധി കര്‍മ്മ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. ദൈവത്തിനു മുന്നില്‍ എല്ലാ വിഭാഗം ഹിന്ദുക്കളും അസമത്വം വെടിയണം എന്ന്‌ദ്ദേഹം ആഹ്വാനം ചെയ്തു. ആരും ആരെക്കാളും ഉയര്‍ന്നതോ താഴ്ന്നതോ അല്ലെന്നും എല്ലാവരും ദൈവസമക്ഷം സമന്മാരാണ് എന്നും ക്ഷേത്രങ്ങള്‍ ഒന്നും ദൈവത്തിനു വേണ്ടിയുള്ളതല്ലെന്നും അവ മനുഷ്യനുവേണ്ടി ഉണ്ടാക്കിയിട്ടുള്ളതാണ് എന്നുമുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ശ്രദ്ധേയമായിരുന്നു. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ക്ഷേത്രങ്ങള്‍ തന്നെ നശിക്കാന്‍ കാരണമാകുമെന്നതിനാലാല്‍ അവയെ ഉന്മൂലനം ചെയ്യാന്‍ അദ്ദേഹം സ്വസമുദായത്തെ ആഹ്വാനം ചെയ്തു

ക്ഷേത്ര ധ്വംസനം, ക്ഷേത്രഭരണത്തിലെ സര്‍ക്കാര്‍ നിയന്ത്രണം ക്ഷേത്രോത്സവങ്ങളിലെ ധൂര്‍ത്ത്, അനാവശ്യ ചടങ്ങുകള്‍ എന്നിവയ്‌ക്കെതിരായി കര്‍ശനമായനിലപാടുകള്‍ മന്നം സ്വീകരിച്ചു. ക്ഷേത്രങ്ങള്‍ മുഴുവന്‍ ഹൈന്ദവര്‍ക്കും ആരാധനയ്ക്കായി സ്ഥാപിച്ചിട്ടുള്ളതാണ്. ക്ഷേത്രഭരണം സര്‍ക്കാര്‍ ഏറ്റെടുത്തതാണെന്നും അവയുടെ കാര്യത്തില്‍ സര്‍ക്കാരിനു ട്രസറ്റി സ്ഥാനം മാത്രമേയുള്ളൂവെന്നും അവ ഏറ്റെടുത്തത്തിനുശേഷം അവയ്ക്ക് ഒരു പുഷ്ടിയും ഉണ്ടായിട്ടില്ലെന്നും തീര്‍ത്താല്‍ തീരാത്ത പലകുഴപ്പവും നാശവും സംഭവിച്ചിട്ടുണ്ടെന്നും മന്നം ആരോപിക്കുന്നു.  ഹൈന്ദവരുടെ ആരാധനാകേന്ദ്രമായ ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലും ക്ഷേത്രഭരണം റവന്യൂ വകുപ്പിന്‍ കീഴില്‍ ആകുകയും ചെയ്തതോടെ ക്ഷേത്രങ്ങളുടെ ശനിദശയ്ക്ക് തുടക്കം കുറിച്ചു. തകര്‍ന്നടിഞ്ഞ നിലയില്‍ ഒരു വിളക്കുപോലും തെളിക്കാനാകാതെ നാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന ക്ഷേത്രങ്ങള്‍, സര്‍ക്കാര്‍ നിയന്ത്രണത്തില്‍നിന്നും മോചിപ്പിക്കാന്‍ മന്നം ആഹ്വാനം ചെയതു. അന്യമതസ്ഥരുടെ ആരാധനാലയങ്ങളില്‍ അധികാര തര്‍ക്കം ഉണ്ടെങ്കിലും ക്ഷേത്ര ട്രസ്റ്റിമാരുടെ തര്‍ക്കത്തില്‍ ഇടപെട്ടു ക്ഷേത്രഭരണം കയ്യാളുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ അദ്ദേഹം ശക്തമായ നിലപാടു സ്വീകരിച്ചു. ഒന്നുകില്‍ എല്ലാ മത വിഭാഗങ്ങളുടെയും സ്ഥാപനങ്ങള്‍ ഏറ്റെടുക്കുകയോ അല്ലെങ്കില്‍ ദേവസ്വം ഭരണം സര്‍ക്കാര്‍ വിട്ടൊഴിയുകയോ വേണം എന്ന കര്‍ശന നിലപാടില്‍ മന്നം എത്തിച്ചേര്‍ന്നു. മറ്റു മതവിഭാഗങ്ങള്‍ക്ക് അവരുടെ ആരാധനാ കേന്ദ്രങ്ങള്‍ നടത്തിക്കൊണ്ട് പോകാന്‍ ശേഷിയുണ്ടെങ്കില്‍ അവരെക്കാള്‍ ഒട്ടും പിന്നില്‍ അല്ല ഹിന്ദുക്കള്‍ എന്ന് അദ്ദേഹം തുറന്നടിച്ചു. ക്ഷേത്രഭരണം തിരികെ വാങ്ങാന്‍ ജാതിചിന്തകളും വിവേചനങ്ങളും ഹിന്ദുക്കള്‍ അവസാനിപ്പിക്കണം എന്ന സന്ദേശം മന്നം നല്‍കി.

തീണ്ടിക്കൂടായ്മ തൊട്ടുകൂടായ്മ എന്നീ അനാചാരങ്ങള്‍ക്കെതിരെയുള്ള മന്നത്തിന്റെ പ്രവര്‍ത്തനം ഏറെ ശ്രദ്ധേയമാണ്. ഈശ്വരനും സവര്‍ണനും തീണ്ടല്‍ ഇല്ലെങ്കില്‍ ആര്‍ക്കു വേണ്ടിയാണു തീണ്ടല്‍ പലകകള്‍ എന്ന ചോദ്യം ശ്രദ്ധേയമായി. ഇവ എടുത്തു മാറ്റാനുള്ള ഊര്‍ജിതമായ അധികാരശക്തി ഉപയോഗിക്കാന്‍ മന്നം ആഹ്വാനം ചെയ്തു. ഹിന്ദു മഹാമണ്ഡലം രൂപീകരണത്തിലൂടെ ഹൈന്ദവ ഏകീകരണത്തിനായുള്ള സന്ദേശം ജനങ്ങള്‍ക്ക് മുന്നില്‍ എത്തിക്കാനും അതിനുവേണ്ടി പ്രവര്‍ത്തിക്കാനും കഴിഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സ്ഥാപക പ്രസിഡന്റ് കൂടിയായിരുന്ന മന്നവും മറ്റൊരു അംഗമായ ആര്‍. ശങ്കറും കൂടി ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ദേവസ്വം ഭരണത്തിന് ദിശാബോധം നല്‍കി. ക്ഷേത്രങ്ങളിലൂടെയുള്ള ഹിന്ദു ഏകീകരണവും ക്ഷേത്ര പുരോഗതി ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനവും ഇരുവര്‍ക്കും കൂടുതല്‍ ശത്രുക്കളെ സൃഷ്ടിക്കാന്‍ ഇടയാക്കി. ഇരുവരെയും ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി ഇവര്‍ നേരിട്ടു. ദേവസ്വം ബോര്‍ഡില്‍ നിന്ന് ഇരുവരെയും പുറത്താക്കിയെങ്കിലും പിന്നീട് നടന്ന ദേവസ്വം തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി ഹിന്ദു മഹാമണ്ഡലം സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ ഇവര്‍ക്കായി. എന്‍എസ്എസിനെയും മന്നത്തു പത്മനാഭനെയും മാറ്റി നിര്‍ത്തിയുള്ള നവോത്ഥാനം അപൂര്‍ണവും ചരിത്ര നിഷേധവുമാകും. 1970 ഫെബ്രുവരി 25ന് 93-ാം വയസ്സില്‍ മന്നം നമ്മെ വിട്ടുപിരിഞ്ഞു. അതോടെ സംഭവ ബഹുലമായ ഒരു യുഗം അവസാനിച്ചവെന്നു പറയാം. ഈ മഹാനുഭാവനെ അര്‍ഹമായ പരിഗണന നല്‍കി ആദരിക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. എങ്കിലും, ആയിരം വര്‍ഷം പിന്നിട്ടാലും കേരള ചരിത്രത്തില്‍ തിളങ്ങുന്ന നക്ഷത്രം പോലെ മന്നത്തു പത്മനാഭന്‍ ജനമനസ്സുകളില്‍ ഉണ്ടാകും.

(ചങ്ങനാശേരി എന്‍എസ്എസ് ഹിന്ദു കോളേജില്‍

പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനാണ് 

ലേഖകന്‍) 

 

 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.