അധ്യാപകര്‍ക്ക് വിദ്യാര്‍ഥികളെ ശിക്ഷിക്കാം: ഹൈക്കോടതി

Wednesday 2 January 2019 3:06 am IST

കൊച്ചി: വിദ്യാര്‍ഥികളെ നേര്‍വഴിക്ക് നടത്താന്‍ അധ്യാപകര്‍ക്ക് നല്ല  രീതിയുള്ള ശിക്ഷ നടപ്പാക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കോഴിക്കോട് നല്ലൂര്‍ നാരായണ എല്‍പി സ്‌കൂള്‍ അധ്യാപകന് എതിരെ രണ്ടാം ക്ലാസുകാരിയുടെ പിതാവ് നല്‍കിയ പരാതിയില്‍ റജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയാണ് ഹൈക്കോടതി നിരീക്ഷണം.

സ്‌കൂളിലേക്ക് അയക്കുമ്പോള്‍ കുട്ടികള്‍ അവിടെ അച്ചടക്കത്തോടെ ഇരിക്കാന്‍ വേണ്ട രീതിയില്‍ ശിക്ഷിക്കാമെന്ന് അധ്യാപകര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കും മറ്റും രക്ഷിതാക്കളും മാതാപിതാക്കളും സമ്മതം നല്‍കുന്നുണ്ട്. ഇത്തരത്തിലുള്ള സുപ്രീംകോടതി വിധി നിലനില്‍ക്കുന്നുണ്ട്. സ്‌കൂളിലെ അച്ചടക്കം ഉറപ്പാക്കാനും വിദ്യാര്‍ഥിയെ ശരിയായ വഴിയില്‍ നയിക്കാനും അധ്യാപകര്‍ക്ക് അധികാരമുണ്ട്. എന്നിരുന്നാലും ശാസനത്തിന്റെ സ്വഭാവവും കാഠിന്യവും പരിഗണിച്ച് അധ്യാപകനെതിരെ നിയമപരമായി നടപടിയെടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാം. അധ്യാപകന്‍ കോപിഷ്ഠനായോ ക്ഷോഭിച്ചോ ക്രോധത്തോടെയോ കുട്ടിയെ വേദനിപ്പിക്കുകയാണെങ്കില്‍ അത് സമ്മതത്തിന് കീഴില്‍ വരില്ലെന്നും സിംഗിള്‍ബെഞ്ച് വ്യക്തമാക്കി.

കണക്ക് തെറ്റിയതിന് സ്‌കൂളിലെ ഗണിതാധ്യാപകന്‍ മകളെ തോളില്‍ പിച്ചിയെന്നാരോപിച്ചാണ് പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നത്. പരാതി പരിഗണിച്ച പോലീസ് ബാലനീതി നിയമത്തിലെയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തു. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അധ്യാപകന്‍ ഹൈക്കോടതിയെ സമീപിച്ചത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടറുടെ റിപ്പോര്‍ട്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല, പ്രോസിക്യൂഷനോ  കുട്ടിയുടെ പിതാവിനോ അധ്യാപകന്‍ ദേഷ്യം തീര്‍ക്കാന്‍ വേദനിപ്പിച്ചെന്ന കേസില്ല. ശിക്ഷിക്കുമ്പോള്‍ കുട്ടി കരഞ്ഞതായി സാക്ഷികളാരും മൊഴി നല്‍കിയിട്ടില്ല. 

കോടതിക്കു മുന്നിലുള്ള രേഖകള്‍ പരിശോധിക്കുമ്പോള്‍ ശിക്ഷയുടെ സ്വഭാവം യുക്തിസഹമാണെന്നാണ് മനസിലാവുന്നത്. ഈ സാഹചര്യത്തില്‍ കേസ് നിലനില്‍ക്കില്ലെന്നു വ്യക്തമാക്കിയാണ് ഹൈക്കോടതി കേസ് റദ്ദാക്കി ഉത്തരവിറക്കിയത്. ഹര്‍ജി പരിഗണിക്കവെ കുട്ടിയെ ചൂരലു കൊണ്ടോ മറ്റെന്തെങ്കിലും ഉപകരണം കൊണ്ടോ മര്‍ദിച്ചെന്ന് രക്ഷിതാവിന് പരാതിയില്ലെന്നും കുട്ടിക്കു മേല്‍ ബലം പ്രയോഗിച്ചിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.