എത്തിയത് പത്ത് പേര്‍; 'ചരിത്രമായി' ദല്‍ഹിയിലെ വനിതാ മതില്‍

Wednesday 2 January 2019 3:12 am IST

ന്യൂദല്‍ഹി: ആയിരങ്ങളെ പ്രതീക്ഷിച്ച് ഇടത് സംഘടനകള്‍ ദല്‍ഹിയില്‍ സംഘടിപ്പിച്ച വനിതാ മതില്‍ നാണക്കേടില്‍ അവസാനിച്ചു. വെറും പത്ത് പേര്‍ മാത്രമാണ് കേരളാ ഹൗസിന് മുന്നില്‍ നടത്തിയ പരിപാടിക്കെത്തിയത്. മൂന്ന് പേര്‍ മാത്രമായിരുന്നു മലയാളികള്‍. 

കേരള ഹൗസിലുള്ള ഇടത് ജീവനക്കാര്‍ പോലും പരിപാടി ബഹിഷ്‌കരിച്ചു. ഇടത് അനുഭാവമുള്ള നിരവധി മലയാളി സംഘടനകള്‍ ദല്‍ഹിയിലുള്ളപ്പോഴാണ് പരിപാടി പൊളിഞ്ഞതെന്നതും സംഘാടകര്‍ക്ക് ക്ഷീണമായി. സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ സ്ഥലത്തെത്തിയെങ്കിലും ആളില്ലെന്ന് കണ്ടതോടെ മാറിനിന്നു. 

 കേരളത്തില്‍ നടക്കുന്ന വനിതാ മതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുഴുവന്‍ സംസ്ഥാനങ്ങളിലും പരിപാടി നടക്കുമെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. ഏറ്റവും വലിയ പരിപാടി ദല്‍ഹിയിലായിരിക്കുമെന്ന് കരുതി ദേശീയ ചാനലുകള്‍ ഉള്‍പ്പെടെ മാധ്യമപ്രവര്‍ത്തകരുടെ വലിയ പട തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി എത്തിയിരുന്നു. ഇതിനിടെ പരിപാടിക്കെതിരെ രണ്ട് യൂത്ത് കോണ്‍ഗ്രസ്സുകാര്‍ വായ മൂടിക്കെട്ടി പ്രതിഷേധിച്ചു. ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ നേരത്തെ കേരളാ ഹൗസിന് മുന്നില്‍ നടത്തിയ അയ്യപ്പജ്യോതിയില്‍ നൂറ് കണക്കിന് സ്ത്രീകള്‍ പങ്കെടുത്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.