ന്യൂദല്‍ഹി: ഭരണകക്ഷിയായ അവാമി ലീഗിന്റെ വിജയം ബംഗ്ലാദേശും ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. അടുത്ത അഞ്ചുവര്‍ഷം കൂടി ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയാകുന്നത് ഇന്ത്യക്ക് ഗുണകരമാകുമെന്നാണ് അഭിപ്രായം. ഇന്ത്യ ബംഗ്ലാദേശിന് നല്കുന്ന ധനസഹായം കൂടും, ജപ്പാനും ഇന്ത്യയും ചേര്‍ന്ന് ബംഗ്ലാദേശില്‍ അടിസ്ഥാന സൗകര്യ വികസനം നടത്തിവരികയാണ്. ഇതും കൂടുതല്‍ ശക്തമാകും.
തെക്കന്‍ ബംഗ്ലാദേശിലെ പൈറയില് ജപ്പാനും ഇന്ത്യയും ചേര്‍ന്ന് വലിയ തുറമുഖം പണിയാനുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്. ഹസീനയുടെ വിജയം ഈ പദ്ധതിക്കും പ്രയോജനകരമാണ്. ഇന്ത്യ ധോക്ലാം വഴിയുള്ള സിലിഗുഡി റൂട്ടിലൂടെയാണ് പല വസ്തുക്കളും ഇറക്കുമതി ചെയ്യുന്നത്. തുറമുഖം വന്നാല്‍ ഈ റൂട്ട് ക്രമേണ ഉപേക്ഷിക്കാം. ഇന്ത്യയുടെ കടലതിര്ത്തിയോട് ചേര്‍ന്നാണ് പൈറ തുറമുഖം വരിക. ചര്‍ച്ചകള്‍ വിജയിച്ചാല്‍ ഏഷ്യ ആഫ്രിക്ക ഇടനാഴിയുടെ ഭാഗമായി പൈറ തുറമുഖം ഇന്ത്യയും ജപ്പാനും ചേര്‍ന്ന് നിര്‍മിക്കും, ഇന്ത്യ ബംഗ്ലാദേശില്‍ വലിയ ഊര്‍ജനിലയം നിര്‍മിക്കാനും ഇന്ന് പദ്ധതിയിടുന്നു. ഇതിനു പുറമേ ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് ഡീസല്‍ പൈപ്പ്ലൈന് ഇട്ടുകൊണ്ടിരിക്കുകയാണ്. 2020ല്‍ പൂര്‍ത്തിയാകും. ബംഗ്ലാദേശിലെ മൂന്ന് റെയില്‍വേ ശൃംഖലയും ഇന്ത്യയാണ് നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: