കിലോമീറ്ററുകളോളം ആളില്ല

Wednesday 2 January 2019 1:14 am IST

കാസര്‍കോട്: സിപിഎം നേതൃത്വം സര്‍ക്കാരിന്റെ സര്‍വസന്നാഹങ്ങളും അണിനിരത്തി നടത്തിയ വനിതാമതില്‍ തുടക്കത്തില്‍ തന്നെ തകര്‍ന്നു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് മതില്‍ ആരംഭിച്ച് അഞ്ച് കിലോമീറ്റര്‍ പോലും അണമുറിയാതെ ജനങ്ങളെ അണിനിരത്താന്‍ സിപിഎമ്മിനായില്ല. 

ചന്ദ്രഗിരി പാലം, ചളിയംങ്കോട്, പള്ളിക്കര തൃക്കണ്ണാട്, ചെമ്മനാട്, അലാമിപ്പള്ളി, കൊവ്വല്‍സ്റ്റോര്‍, കൊവ്വല്‍പള്ളി, ഇടുവുങ്കാല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മതില്‍ നിര്‍മിക്കാന്‍ സംഘാടകര്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു. കാസര്‍കോട് ജില്ലയിലെ ഹിന്ദു വിശ്വാസി സമൂഹം പൂര്‍ണമായും മതിലിനെ തള്ളി. മന്ത്രി ചന്ദ്രശേഖരന്റെ മണ്ഡലമായ കാഞ്ഞങ്ങാട് മേഖലയിലെ സിപിഎം കോട്ടകളില്‍ പോലും മതില്‍ മീറ്ററുകളോളം വിജനമായിരുന്നു. മുസ്ലിം സ്ത്രീകളെയും യുണിഫോമിലുള്ള സ്‌കൂള്‍ വിട്ട് പോകുന്ന പെണ്‍കുട്ടികളെയും ഉള്‍പ്പെടെ അണിനിരത്തി മതില്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കുട്ടികളുമാണ് ഭൂരിഭാഗം സ്ഥലത്തും പങ്കെടുത്തത്. പതിനെട്ട് വയസ്സിന് താഴെയുള്ളവരെ മതിലില്‍ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി വിധി കാറ്റില്‍പ്പറത്തിയാണ് കുട്ടികളെ കൊണ്ടുവന്നത്.

കാഞ്ഞങ്ങാട് ചേറ്റുകണ്ട് ഭാഗത്ത് മതില്‍ പരാജയപ്പെടുമെന്നായപ്പോള്‍ സിപിഎം നേതൃത്വം പോലീസ് സംവിധാനമുപയോഗിച്ച് അക്രമം അഴിച്ചുവിട്ടു. വനിതകള്‍ക്ക് സംരക്ഷണം നല്‍കാനെന്ന വ്യാജേനയെത്തിയ സിപിഎമ്മുകാര്‍ വീടുകളിലേക്ക് പോവുകയായിരുന്ന സാധാരണക്കാരെയും സ്‌കൂള്‍ കുട്ടികളും ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ചു.

മലപ്പുറം: കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവരെയെല്ലാം സമ്മര്‍ദം ചെലുത്തിയെത്തിച്ചെങ്കിലും മലപ്പുറത്ത് വനിതാ മതില്‍ പൊളിഞ്ഞു. പല സ്ഥലങ്ങളിലും മതില്‍ തീര്‍ക്കാന്‍ ആരുമില്ലാത്ത അവസ്ഥ. 

കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ ഐക്കരപ്പടിയില്‍ നിന്ന് തുടങ്ങി പുളിക്കല്‍, കൊണ്ടോട്ടി, മൊറയൂര്‍, മലപ്പുറം, കൂട്ടിലങ്ങാടി, രാമപുരം, അങ്ങാടിപ്പുറം, പെരിന്തല്‍മണ്ണ വഴി പാലക്കാട് അതിര്‍ത്തിയായ പുലാമന്തോളില്‍ അവസാനിക്കുന്ന തരത്തില്‍ 55 കിലോമീറ്റര്‍ ദൂരമാണ് മലപ്പുറത്ത് മതില്‍ തീര്‍ക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, മലപ്പുറം നഗരത്തിലടക്കം പൂര്‍ണമാക്കാനായില്ല. മോങ്ങം, വള്ളുവമ്പ്രം, പൂക്കോട്ടൂര്‍ എന്നിവിടങ്ങളിലും മതില്‍ പൊളിഞ്ഞു. 

പട്ടാമ്പി: ഏരിയാ കമ്മിറ്റിക്ക് കീഴില്‍ പല സ്ഥലങ്ങളിലും വനിതാ മതിലില്‍ വിള്ളല്‍. ജില്ലാ അതിര്‍ത്തിയായ വിളയൂരിന് സമീപം കരിങ്ങനാട്, കരിങ്ങനാട്കുണ്ട് എന്നിവിടങ്ങളില്‍ മുന്നൂറ് മീറ്ററോളം ആളുണ്ടായില്ല. പട്ടാമ്പി നഗരത്തിന്‍ നിന്ന് പെരിന്തല്‍മണ്ണ റോഡില്‍ ഒരു കിലോമിറ്ററിന് ശേഷം തെക്കുംമുറി മുതല്‍ ശങ്കരമംഗലം വളവു വരെ അര കിലോമീറ്ററോളം മതിലുണ്ടായില്ല. കോങ്ങാട് മണ്ഡലത്തില്‍ നിന്നുള്ള വനിതകളെയാണ് ഇവിടെ ചുമതലപ്പെടുത്തിയിരുന്നത്. പട്ടാമ്പി, കുളപ്പുള്ളി റോഡിലും പല സ്ഥലങ്ങളിലും വിള്ളല്‍ വീണു. മറ്റ് സ്ഥലങ്ങളില്‍ പോകേണ്ട വനിതകളെ ഒടുവില്‍ പട്ടാമ്പി നഗരത്തില്‍ ഇറക്കിയാണ് സംഘാടകര്‍ മുഖം രക്ഷിച്ചത്.

കൊച്ചി: എറണാകുളം ജില്ലയില്‍ പലയിടത്തും വിള്ളല്‍. അങ്കമാലിയിലും എറണാകുളം നഗരത്തിലുമാണ് ശുഷ്‌കമായത്. അഹല്യ ആശുപത്രിക്ക് സമീപം ദേശീയപാതയില്‍ മുന്നൂറ് മീറ്റര്‍ നീളത്തില്‍ മതിലിന് ആളുണ്ടായില്ല. അങ്കമാലിയുടെ പല ഭാഗത്തും വിള്ളലുണ്ടായി. ജില്ലയില്‍ അയ്യപ്പജ്യോതിക്ക് എത്തിയതിന്റെ പകുതി ആളു പോലും വനിതാ മതിലിന് എത്തിയില്ല. മൂന്ന് ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.