വേദം

Thursday 3 January 2019 2:37 am IST

മനുഷ്യരാശിയുടെ ഏറ്റവും പുരാതനമായ സാഹിത്യ സമ്പത്താണ് വേദം. ശാഖോപശാഖകളായി വളര്‍ന്നു വികസിച്ച വേദഗ്രന്ഥങ്ങളില്‍ പ്രപഞ്ചവും പ്രകൃതിയും ജന്തു സമൂഹങ്ങളും സസ്യ സമൂഹങ്ങളും മനുഷ്യനും സമാജവും ദേശവും വര്‍ണിക്കപ്പെടുന്നു. ദേവ ചൈതന്യവും ഗന്ധര്‍വഭാവവും രാക്ഷസീയ കൃത്യങ്ങളും ഇതില്‍ വിവരിക്കപ്പെടുന്നു. ശ്രുതികളോടുകൂടിയ സ്തുതികളും, കര്‍മവിവരണങ്ങളാകുന്ന ബ്രാഹ്മണഭാഗങ്ങളും വേദത്തിലടങ്ങുന്നുണ്ട്.

ഒന്നായിരുന്ന വേദത്തെ കൃഷ്ണദ്വൈപായനന്‍ അഥവാ വേദവ്യാസന്‍ നാലായി വിഭജിച്ചു എന്നു വിശ്വസിക്കപ്പെടുന്നു. നാലു വേദശാഖകളില്‍ ഋഗ്വേദത്തെ പൈലനും, യജുര്‍വേദത്തെ വൈശമ്പായനനും, സാമവേദത്തെ ജൈമിനിക്കും അഥര്‍വേദത്തെ സുമന്തുവിനും വേദവ്യാസന്‍ ഉപദേശിച്ചുവത്രെ. ഭാരതീയ സംസ്‌കൃതിക്കാധാരമായ വേദശാഖകളെ ഈ മഹര്‍ഷിമാര്‍ പരിപോഷിപ്പിച്ചു. ഈ ആധുനിക കാലഘട്ടത്തിലും വേദങ്ങളും വൈദിക സാഹിത്യങ്ങളും ലോകമെമ്പാടും അനുസ്യൂതം വളര്‍ന്നു വികസിച്ചുകൊണ്ടേയിരിക്കുന്നു.

കാലക്രമത്തില്‍ വിവിധ വൈദിക കുലത്തില്‍ ജനിച്ച ചിന്താശീലരായ മഹര്‍ഷിമാര്‍, അവര്‍ അനുശാസിച്ചുപോന്നിരുന്ന വേദശാഖകളിലേക്ക് അവരുടേതായ സംഭാവന നല്‍കി, പുതിയ വേദശാഖകള്‍ക്ക് ജന്മം നല്‍കി. ഇത്തരം ശാഖകള്‍ അതതു മഹര്‍ഷിമാരുടെ പേരിനോട് ചേര്‍ത്ത്, അറിയപ്പെട്ടുവന്നു. ഇപ്രകാരം ഋഗ്വേദത്തിനും, യജുര്‍വേദത്തിനും സാമവേദത്തിനും അതുപോലെ അഥര്‍വവേദത്തിനും അനേകം ശാഖകളുണ്ടായി.

ഓരോ വേദത്തിന്റെയും വിവിധ ശാഖകളെക്കുറിച്ചുള്ള വിവരണങ്ങള്‍ പുരാണങ്ങളിലും ഉപനിഷത്തുകളിലും സ്മൃതികളിലും ഉണ്ട്. ചിലപ്പോള്‍ ഈ വിവരണങ്ങളിലെ വസ്തുതകള്‍ തമ്മില്‍ ചില വ്യത്യാസങ്ങള്‍ കാണാം. ഉദാഹരണത്തിന്, വേദശാഖകളുടെ സംഖ്യയെക്കുറിച്ച് വിഷ്ണുപുരാണത്തില്‍ വിവരിക്കുന്നതുപോലെയല്ല, ശതപഥബ്രാഹ്മണത്തില്‍ വിവരിച്ചു കാണുന്നത്. ഈ വിവരണങ്ങളില്‍നിന്നും വ്യത്യസ്തമാണ് മുക്തിപോനിഷത്തിലെത്തിയത്. സായണഭാഷ്യത്തിലും ശങ്കരാചാര്യ വിരചിത ഗ്രന്ഥങ്ങളിലും വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണ് നല്‍കിയിരിക്കുന്നത്.

വേദശാഖകളുടെ എണ്ണം എത്ര തന്നെയായാലും ഒരു സംഗതി ഇവയില്‍നിന്നും നമുക്ക് വ്യക്തമാകുന്നു. അനേകം ശാഖകളുണ്ടായിരുന്ന നാലുവേദങ്ങളുടേയും, ഏതാനും ചില ശാഖകളൊഴികെ ബാക്കിയുള്ളവയെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. ലഭ്യമായ വേദശാഖകള്‍ തന്നെ സാധാരണക്കാര്‍ക്ക് അപ്രാപ്യമാംവിധം അപകടത്തിലാണ്. ഭാഷാപരമായ നമ്മുടെ അറിവുകേട്, ഈ അകലം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

വേദങ്ങളില്‍ പ്രധാനപ്പെട്ടത് ഋഗ്വേദം, യജുര്‍വേദം, സാമവേദം എന്നിവയാണ്. ശ്രീകൃഷ്ണന്‍ ഭഗവദ്ഗീതയില്‍, വേദങ്ങളില്‍ വച്ച് സാമവേദമാണ് ഞാന്‍ എന്ന് അര്‍ജ്ജുനനോട് പറയുന്നുണ്ട്. പൊ

തുവേ വേദങ്ങളില്‍ ചിലതിന് മഹത്വം കൂടുതലുണ്ടെന്നോ, പ്രധാനപ്പെട്ടതെന്നോ വിവരിച്ചാലും, ഓരോ വേദശാഖയുടെയും അനുയായികളായ ഋഷികുലത്തില്‍പ്പെട്ടവരെ സംബന്ധിച്ചിടത്തോളം അവരുടെ കുലവേദം തന്നെയാണ് പ്രധാനവും മഹത്വമേറിയതും.

ഋഗ്വേദം

മനുഷ്യസമൂഹത്തിന് ഇന്ന് ലഭ്യമായതില്‍വച്ചേറ്റവും പുരാതനമായ ഗ്രന്ഥമത്രേ ഋഗ്വേദം. ദേവന്മാരെ സ്തുതിക്കുന്ന ഋക്കുകളുടെ അഥവാ മന്ത്രങ്ങളുടെ സമാഹാരമാണ് ഋഗ്വേദ സംഹിത. പൂര്‍ണമായും, ശ്രുതികളോടുകൂടിയ മന്ത്രങ്ങളാണ് ഋഗ്വേദത്തിലടങ്ങിയിരിക്കുന്നത്. ഗദ്യഭാഗങ്ങളായ ബ്രാഹ്മണങ്ങള്‍ ഇതിലില്ല.

ഋഗ്വേദശാഖകള്‍: ഋഗ്വേദത്തിന് ഇരുപത്തിയഞ്ചു ശാഖകളുള്ളതായി വിവരണങ്ങളില്‍ കാണുന്നു. ഇവയില്‍ ശാകലം, ബാഷ്‌കളും, ആശ്വലായനം, ശാംഖായനം, മാണ്ഡൂകേയം എന്നീ ശാഖകളത്രെ പ്രധാനപ്പെട്ടവ. ശാകലവും ബാഷ്‌കളവും ശംഖായനവും മാത്രമേ ഇന്ന് ലഭ്യമായിട്ടുള്ളൂ. ചില വേദമന്ത്രങ്ങളുടേയും വേദപരിശിഷ്ട മന്ത്രങ്ങളുടെയും എണ്ണത്തിലും ക്രമീകരണത്തിലും കാണുന്ന വ്യത്യാസങ്ങളാണ് ഈ മൂന്നു ശാഖകളെയും തമ്മില്‍ വേര്‍തിരിക്കുന്നത്.

ഉദാഹരണത്തിന് വാലഖില്യമന്ത്രങ്ങള്‍ ശാകലശാഖയില്‍, 11 സൂക്തങ്ങളുള്ളപ്പോള്‍, ബാഷ്‌കളശാഖയില്‍ 7 സൂക്തങ്ങളാണ് ഉള്ളത്. ശാംഖായനശാഖയില്‍ വാലഖില്യങ്ങളെന്ന പ്രത്യേകതകളില്ലാതെയാണ് ഇത്രയും സൂക്തങ്ങളുടെ ക്രമീകണം. ചരണവ്യൂഹം എന്ന പുരാതനഗ്രന്ഥത്തിലെ വിവരണപ്രകാരം ഋഗ്വേദത്തിന്റെ മാണ്ഡുകേയ ശാഖയില്‍ വാലഖീല്യമന്ത്രങ്ങളുടെ വളരെ ചെറിയ ഒരംശം മാത്രമേ അടങ്ങിയിട്ടുള്ളൂ എന്നും കാണുന്നു. മന്ത്രങ്ങളുടെ ക്രമീകരണരീതിയും വേദശാഖകളുടെ വ്യത്യാസങ്ങള്‍ക്കുള്ള ഒരു അടിസ്ഥാനമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.