സിഡ്‌നി പിടിക്കാന്‍

Thursday 3 January 2019 4:14 am IST

സിഡ്‌നി: ചരിത്രത്തിലേക്ക് അടിവച്ചു കയറാന്‍ കോഹ്‌ലിപ്പട ഇറങ്ങുന്നു. സിഡ്‌നിയിലെ നാലാം ടെസ്റ്റില്‍ ആതിഥേയരെ സമനിലയില്‍ പിടിച്ചുനിര്‍ത്തിയാല്‍ ഇന്ത്യക്ക് ഓസീസ് മണ്ണില്‍ ഇതാദ്യമായി ടെസ്്റ്റ് പരമ്പര സ്വന്തമാക്കാം.  ജയിച്ചാല്‍ ഓസീസിനെതിരെ മൂന്ന് വിജയങ്ങളോടെ പരമ്പര നേടുന്ന ആദ്യ ഇന്ത്യന്‍ നായകനാകും കോഹ്‌ലി. നാല്‍പത് വര്‍ഷം മുമ്പ് വിജയിച്ചൊരു പിച്ചിലാണ് ഇന്ത്യ വീണ്ടും ജയത്തിനായി ഇറങ്ങുന്നത്. നാലാം ടെസ്റ്റ് ഇന്ന് ആരംഭിക്കും. രാവിലെ അഞ്ചിന് കളി തുടങ്ങും.

നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിട്ടുനില്‍ക്കുകയാണ്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ക്യാപ്റ്റന്‍ ലീഡുമായി ഓസ്‌ട്രേലിയയില്‍ അവസാന ടെസ്റ്റിനിറങ്ങുന്നത്.

1947-48 സീസണ്‍ മുതലാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര കളിക്കുന്നത്. 1980-81, 1985-86, 2003-04 സീസണുകളില്‍ പരമ്പര സമനിലയായി. ഏഴു സീസണുകളില്‍ ഇന്ത്യ തോറ്റു. 1967-68, 1977-78, 1991-92, 1999-2000, 2007-08, 2011-12, 2014-15 സീസണുകളിലാണ് ഇന്ത്യ തോല്‍വിയറിഞ്ഞത്. 1978 ലാണ് ഇന്ത്യ അവസാനമായി സിഡ്‌നിയില്‍ വിജയിച്ചത്.

ഇന്ത്യ ജയിച്ചാല്‍ വിദേശത്ത് ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോഡ് കോഹ് ലിക്ക് സ്വന്തമാകും. നിലവില്‍ പതിനൊന്ന് വിജയങ്ങള്‍ നേടിയ കോഹ് ലിയും സൗരവ് ഗാംഗുലിയും ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്. ഗാംഗുലി 28 മത്സരങ്ങളിലാണ് പതിനൊന്ന് വിജയങ്ങള്‍ നേടിയത്. അതേസമയം കോഹ് ലി 24 ടെസ്റ്റുകളില്‍ പതിനൊന്ന് ജയം സ്വന്തമാക്കി.

പേസര്‍ ഇഷാന്ത് ശര്‍മയുടെയും സ്പിന്നര്‍ ആര്‍. അശ്വിന്റെയും പരിക്ക് പ്രശ്‌നമാണെങ്കിലും വിജയത്തിനായി ഇന്ത്യ ശക്തമായി പൊരുതുമെന്നുറപ്പാണ്. പരിക്കേറ്റ ഇഷാന്ത് ശര്‍മയെ സിഡ്‌നിടെസ്റ്റിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അശ്വിന്‍ പരിക്കിന്റെ പിടിയിലാണെന്ന് കോഹ്‌ലി വ്യക്തമാക്കിയെങ്കിലും പതിമൂന്നംഗ ടീമില്‍ സ്ഥാനം നല്‍കിയിട്ടുണ്ട്. അശ്വിനെ കളിപ്പിക്കുന്നത് സംബന്ധിച്ച് ഇന്ന് രാവിലെ തീരുമാനമെടുക്കും.

പരമ്പരാഗതമായി സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ അശ്വിന്റെ പ്രകടനം ഇന്ത്യക്ക് വിജയപ്രതീക്ഷ നല്‍കും. പക്ഷെ പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തിനേടിയാലേ അശ്വിന് അവസരം നല്‍കൂ. ഇടം കൈയന്‍ റിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവിനെയും പതിമൂന്ന് അംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ കുല്‍ദീപിന് അവസരം ലഭിച്ചേക്കും.

ഇഷാന്ത് ശര്‍മയ്ക്ക് പകരം പേസര്‍ ഉമേഷ് യാദവ് ടീമിലെത്തി. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരാണ് മറ്റ് പേസര്‍മാര്‍. രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കുന്നത് സംബന്ധിച്ച് ഇന്ന് രാവിലെ തീരുമാനം എടക്കും. ഓള്‍ റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യയെ കളിപ്പിക്കാന്‍ സാധ്യതയില്ല.

രോഹിത് ശര്‍മ നാട്ടിലേക്ക് മടങ്ങിയ സാഹചര്യത്തില്‍, മോശം ഫോമിനെ തുടര്‍ന്ന് മെല്‍ബണ്‍ ടെസ്റ്റില്‍ നിന്ന് തഴയപ്പെട്ട ഓപ്പണര്‍ കെ.എല്‍. രാഹുലിന് സിഡ്‌നിയില്‍ തിരിച്ചുവരാന്‍ കളമൊരുങ്ങും. മായങ്കിനൊപ്പം രാഹുല്‍ ഇന്നിങ്ങ്‌സ് തുറന്നേക്കും. അങ്ങിനെയാണെങ്കില്‍ മെല്‍ബണില്‍ ഇന്നിങ്ങസ് ഓപ്പണ്‍ ചെയ്ത ഹനുമ വിഹാരി ആറാമനായി ബാറ്റിങ്ങിനിറങ്ങും. മെല്‍ബണിലെ ബൗളിങ്ങ് കോമ്പിനേഷനാണ് (മൂന്ന് പേസര്‍മാരും ഒരു സ്പിന്നറും)

ഇന്ത്യ പിന്തടരുന്നതെങ്കില്‍ വിഹാരിയെ രണ്ടാം സ്പിന്നറായി ഉപയോഗിക്കും.

ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചെങ്കിലും ഓസീസ് ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. ഇന്ന് രാവിലെ ടോസിന് മുമ്പ് മാത്രമെ ടീമിനെ തെരഞ്ഞെടുക്കൂയെന്ന് ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്ന്‍ പറഞ്ഞു. ഇന്ത്യ രണ്ട് സ്പിന്നറെ ഇറക്കുമോയെന്ന് അറിഞ്ഞിട്ടേ ഓസീസ് ടീമിനെ പ്രഖ്യാപിക്കൂ.

മെല്‍ബണില്‍ മോശം ബാറ്റിങ്ങിന് ഏറെ പഴികേട്ട മിച്ചല്‍ മാര്‍ഷിനെ ഓസ്‌ട്രേലിയ ഒഴിവാക്കും. പകരം പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ് തിരിച്ചെത്തും. ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെയും തഴയുമെന്നാണ് സൂചന. ഫിഞ്ചിനെ ഒഴിവാക്കിയാല്‍ ഉസ്മാന്‍ ഖ്വാജ, മാര്‍ക്കസ് ഹാരിസിനൊപ്പം ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയ്യും. ഓള്‍ റൗണ്ടറായി ലെഗ് സ്പിന്നര്‍ മാര്‍നസ് ലാബുസ്‌കെയിന്‍ മധ്യനിരയില്‍ ബാറ്റ് ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.